Skip to main content

ആദിവാസി യുവതിയുടെ ജീവന്‍ രക്ഷിച്ച് നിലമ്പൂര്‍ ജില്ലാ ആശുപത്രി

അതീവ ഗുരുതരമായ പ്രസവ അടിയന്തരാവസ്ഥയില്‍ ആശുപത്രിയിലെത്തിച്ച ആദിവാസി യുവതിയുടെ ജീവന്‍ രക്ഷിച്ച് നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെ മെഡിക്കല്‍ സംഘം ശ്രദ്ധേയമായ സേവനം കാഴ്ചവെച്ചു. മുന്‍പ് രണ്ട് സിസേറിയന്‍ ശസ്ത്രക്രിയകള്‍ക്ക് വിധേയയായ 25 വയസ്സുള്ള ആദിവാസി യുവതിയെ ഗര്‍ഭാശയം പൊട്ടിയ  നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് വിവിധ വിഭാഗങ്ങളുടെ ഏകോപിതവും അതിവേഗവുമായ ചികിത്സയിലൂടെ അമ്മയുടെയും നവജാത ശിശുവിന്റെയും ജീവന്‍ രക്ഷിക്കാനായത്.

ജീവന്‍ തന്നെ അപകടത്തിലായേക്കാവുന്ന ഗുരുതരാവസ്ഥയിലാണ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. വിദഗ്ദ ചികിത്സക്ക് ആശുപത്രിയിലേക്ക് മാറ്റാന്‍ മെഡിക്കല്‍ സംഘത്തിന് മനസ്സുവന്നില്ല.നടത്തിയ പരിശോധനയില്‍ ഗര്‍ഭാശയം പൊട്ടി കുഞ്ഞ് വയറിനുള്ളിലായതായി കണ്ടെത്തിയതിനെ തുടര്‍ന്ന് മെഡിക്കല്‍ സംഘം സമയനഷ്ടം കൂടാതെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി.സ്ത്രീരോഗ-പ്രസവ വിഭാഗത്തിലെ ഡോ. ലക്ഷ്മി രാജ്‌മോഹന്റെ നേതൃത്വത്തില്‍ അനസ്തീഷ്യ വിഭാഗത്തിലെ ഡോ. ശ്രീകാന്ത്, ഡോ. ഫാസില്‍, ശിശുരോഗ വിഭാഗത്തിലെ ഡോ. മുജീബ്, ഡോ. അനീസ എന്നിവര്‍ ചികിത്സയ്ക്ക് നേതൃത്വം നല്‍കി. ശസ്ത്രക്രിയാ തിയേറ്ററിലെ നഴ്‌സിംഗ് ഓഫീസര്‍മാരായ സുധ, സിന്ധു, ബിനി എന്നിവരും ഓപ്പറേഷന്‍ തിയേറ്റര്‍ സംഘവും ലേബര്‍ റൂം നഴ്‌സിംഗ് ഓഫീസര്‍മാരായ ബിന്ദു, രജനി എന്നിവരും ചികിത്സാ പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായക പങ്കുവഹിച്ചു.

അടിയന്തര ശസ്ത്രക്രിയയിലൂടെ നവജാത ശിശുവിനെ ജീവനോടെ പുറത്തെടുത്ത് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് ഐ.എം.സി.എച്ച്.യിലെ നവജാത ശിശു തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. അമ്മയുടെ ആരോഗ്യനില തൃപ്തികരമായി മെച്ചപ്പെട്ടുവരികയാണ്. ആദിവാസി യുവതിക്കുള്ള രക്തദാനമുള്‍പ്പെടെയുളള തുടര്‍ചികിത്സകള്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ നടന്നുവരുന്നു. നവജാത ശിശുവും നിലവില്‍ എന്‍.ഐ.സി.യു.വില്‍  വിദഗ്ധ ചികിത്സയില്‍ തുടരുകയാണ്.

ജീവന് ഭീഷണിയായ പ്രസവ അടിയന്തരാവസ്ഥകളില്‍ വിവിധ വിഭാഗങ്ങളുടെ കൃത്യമായ ഏകോപനവും അതിവേഗ തീരുമാനങ്ങളുമാണ് രോഗികളുടെ ജീവന്‍ രക്ഷിക്കുന്നതില്‍ നിര്‍ണായകമാകുന്നത്.

date