Skip to main content

പാചകവാതക വിതരണത്തിലെ നിയന്ത്രണം: കേന്ദ്രമന്ത്രിക്ക് കത്തയച്ച് ഡീന്‍ കുര്യാക്കോസ് എം.പി.

 ഭാരത് ഗ്യാസിന്റെ എല്‍.പി.ജി ഉപഭോക്താക്കള്‍ നേരിടുന്ന കടുത്ത വിതരണ പ്രതിസന്ധി അടിയന്തരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക മന്ത്രി ഹര്‍ദീപ് സിംഗ് പുരിക്ക് അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി കത്തയച്ചു.

നിലവില്‍ ഭാരത് ഗ്യാസ് ഉപഭോക്താക്കള്‍ക്ക് ഒരു സിലിണ്ടര്‍ ലഭിച്ചതിനു ശേഷം അടുത്ത സിലിണ്ടര്‍ അനുവദിക്കുന്നതിന് 45 ദിവസത്തെ കര്‍ശനമായ നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സാധാരണക്കാരായ കുടുംബങ്ങളില്‍ 14.2 കിലോഗ്രാമിന്റെ ഗാര്‍ഹിക സിലിണ്ടര്‍ 28 ദിവസത്തിനപ്പുറം തികയാറില്ല. ഇത്തരമൊരു സാഹചര്യത്തില്‍, ഈ ദീര്‍ഘകാലത്തെ വിതരണ ചക്രം കാരണം ഭൂരിഭാഗം കുടുംബങ്ങളും രണ്ടാഴ്ചയിലധികം സമയം പാചകവാതകം ഇല്ലാതെ കടുത്ത പ്രതിസന്ധി നേരിടുകയാണെന്ന് എം.പി ചൂണ്ടിക്കാട്ടി.

മറ്റ് പൊതുമേഖലാ എല്‍.പി.ജി വിതരണ കമ്പനികളെല്ലാം തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് 28 ദിവസത്തെ കൃത്യമായ ഇടവേളകളില്‍ റീഫില്‍ സിലിണ്ടറുകള്‍ തടസ്സമില്ലാതെ എത്തിച്ചുനല്‍കുമ്പോഴാണ് ഭാരത് ഗ്യാസ് ഉപഭോക്താക്കള്‍ക്ക് മാത്രം ഈ ദുരിതം അനുഭവിക്കേണ്ടി വരുന്നത്. ഒരേ പ്രദേശത്ത് രണ്ട് കമ്പനികള്‍ രണ്ട് തരത്തില്‍ വിതരണം നടത്തുന്നത് ഉപഭോക്താക്കള്‍ക്കിടയില്‍ വ്യാപകമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

പ്രാദേശിക ബോട്ട്ലിംഗ് പ്ലാന്റുകളിലെ വിതരണ തടസ്സങ്ങളും ഏജന്‍സികളിലെ ലോജിസ്റ്റിക്‌സ് പ്രശ്‌നങ്ങളും അടിയന്തരമായി അവലോകനം ചെയ്യണമെന്നും ഭാരത് ഗ്യാസിന്റെ റീഫില്‍ കാലാവധി മറ്റ് കമ്പനികള്‍ക്ക് സമാനമായി 28 ദിവസമായി കുറയ്ക്കാന്‍ ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് മാനേജ്മെന്റിന് കര്‍ശന നിര്‍ദ്ദേശം നല്‍കണമെന്നും എം.പി കേന്ദ്രമന്ത്രിയോട് ആവശ്യപ്പെട്ടു.
 

date