പൊതുവിദ്യാഭ്യാസ യജ്ഞം ഗുണപരമായ മാറ്റമുണ്ടാക്കി: - പി അബ്ദുല്‍ഹമീദ് മാസ്റ്റര്‍ എം.എല്‍.എ
പൊതുവിദ്യാഭ്യാസ യജ്ഞം വിദ്യാഭ്യാസ രംഗത്ത് കുറഞ്ഞ കാലയളവിനുള്ളില്‍ തന്നെ ഗുണപരമായ മാറ്റമുണ്ടാക്കിയെന്ന് പി അബ്ദുല്‍ഹമീദ് മാസ്റ്റര്‍ എം.എല്‍.എ. കാലിക്കറ്റ് യൂനിവേഴ്സിറ്റി ക്യാമ്പസ് ഗവ: മോഡല്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ കെട്ടിടങ്ങളുടെ ശിലാസ്ഥാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു എം.എല്‍.എ. പൊതുവിദ്യാലയങ്ങളില്‍ ഉണര്‍വ്വും ആവേശവും വര്‍ധിച്ചിട്ടുണ്ട്. സ്‌കൂളുകളിലെ അധ്യാപക-രക്ഷകര്‍തൃസമിതി കൂടി ഉണര്‍ന്ന് പ്രവര്‍ത്തിച്ചാല്‍ ഇനിയും വലിയ നേട്ടമുണ്ടാക്കാനാകും. എല്ലാ കുട്ടികള്‍ക്കും ഗുണമേന്‍മയുള്ള വിദ്യാഭ്യാസം ലഭ്യമാക്കാന്‍ വിദ്യാലയ സാഹചര്യം മെച്ചപ്പെടണം. പൊതുവിദ്യാലയങ്ങളുടെ ശാക്തീകരണത്തിന് കൂട്ടായ്മയോടെയുള്ള പ്രവര്‍ത്തനമാണ് വേണ്ടത്. സ്‌കൂള്‍ വികസനത്തിനായി സര്‍ക്കാര്‍ നല്‍കുന്ന ഫണ്ടുകള്‍ക്ക് പുറമെ പൊതുജന പങ്കാളിത്തത്തോടെ പണം കണ്ടെത്തി മുന്നേറാനാകണം. ഇക്കാര്യത്തില്‍ തനിക്ക് ചെയ്യാന്‍ പറ്റുന്നതെല്ലാം ഉദാസീനതയില്ലാതെ കാര്യക്ഷമായി നടപ്പാക്കുമെന്നും പൊതുവിദ്യാലയ ശാക്തീകരണ നടപടികള്‍ക്ക് എല്ലാ പിന്തുണയും നല്‍കുമെന്നും എം.എല്‍.എ വ്യക്തമാക്കി. ക്ലാസ് മുറികള്‍ ഹൈടെക്കാക്കുന്നത് ഉള്‍പ്പെടെയുള്ള പദ്ധതികള്‍ക്ക് താന്‍ മുന്തിയ പരിഗണനയാണ് നല്‍കുന്നതെന്നും ഈ സമീപനം തുടരുമെന്നും എം.എല്‍.എ പറഞ്ഞു.
- Log in to post comments