Skip to main content

മനുഷ്യ വന്യജീവി സംഘർഷം: ജില്ലാതല നിയന്ത്രണ സമിതി യോഗം ചേർന്നു

ജില്ലയിൽ മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന്റെയും ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന്റെയും ഭാഗമായി കളക്ടറേറ്റിൽ ജില്ലാതല നിയന്ത്രണ സമിതി യോഗം ചേർന്നു. വനാതിർത്തിയോട് ചേർന്നുള്ള പഞ്ചായത്തുകളിൽ 'ജനജാഗ്രത സമിതി' യോഗങ്ങൾ കൃത്യമായ ഇടവേളകളിൽ ചേരുന്നുണ്ടെന്ന് ഉറപ്പുവരുത്താനും, ആശയവിനിമയം എളുപ്പമാക്കാൻ ഓരോ പഞ്ചായത്തിലും വനംവകുപ്പിന്റെ ലെയ്സൺ ഓഫീസർമാരെ നിയോഗിക്കാനും യോഗത്തിൽ തീരുമാനിച്ചു. 

തോക്ക് ഉപയോഗിക്കുന്നതിലെ ചട്ടലംഘനങ്ങളും മറ്റ് അനധികൃത പ്രവർത്തനങ്ങളും പൂർണമായും തടയുന്നതിന്റെ ഭാഗമായി പഞ്ചായത്ത് പരിധിയിലുള്ള എംപാനൽഡ് ഷൂട്ടർമാരുടെ പുതുക്കിയ പട്ടിക ബന്ധപ്പെട്ട ഫോറസ്റ്റ് റേഞ്ച് ഓഫീസുകളിലേക്ക് അടിയന്തരമായി കൈമാറും. 

വന്യമൃഗങ്ങളുടെ സാന്നിധ്യം ഒഴിവാക്കുന്നതിനും റോഡരികുകളിൽ വ്യക്തമായ കാഴ്ച ഉറപ്പാക്കുന്നതിനും കാടുകൾ വെട്ടിത്തെളിക്കും. തൊഴിലുറപ്പ് പദ്ധതിയുമായി സഹകരിച്ച് തദ്ദേശ സ്ഥാപനങ്ങൾക്ക് ഈ പ്രവർത്തനം നടത്താം. വന്യമൃഗങ്ങൾ ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നത് തടയാൻ സോളാർ ഫെൻസിങ്, ആനക്കിടങ്ങുകൾ എന്നിവ നിർമിക്കുന്നത് വേഗത്തിലാക്കും. 

വന്യജീവി ആക്രമണങ്ങളിൽ വീടുകൾക്കും കൃഷിക്കും നാശനഷ്ടമുണ്ടാകുന്നവർക്കുള്ള വാല്യൂവേഷൻ നടപടികൾ വേഗത്തിലാക്കാൻ തദ്ദേശ സ്വയംഭരണ വകുപ്പ് എൻജിനീയർമാരുടെ സേവനം ഉറപ്പാക്കാനും യോഗം നിർദേശിച്ചു.

അഡീഷണൽ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് എ. നിസ അധ്യക്ഷത വഹിച്ച യോഗത്തിൽ കുളത്തൂപ്പുഴ റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ അരുൺ, മറ്റു വകുപ്പുകളിലെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

date