Skip to main content
കക്കണ്ണംപാറയിലെ ചെങ്കൽ ഖനനം; ജിയോളജിസ്റ്റ് ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകണം 

കക്കണ്ണംപാറയിലെ ചെങ്കൽ ഖനനം; ജിയോളജിസ്റ്റ് ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകണം 

 

 -ഡിജിറ്റൽ സർവേ സംബന്ധിച്ച പരാതികൾ പരിഹരിക്കണമെന്ന് മന്ത്രി സണ്ണി ജോസഫ് 

ശ്രീകണ്ഠപുരം കക്കണ്ണംപാറയിലെ ചെങ്കൽ ഖനനം സംബന്ധിച്ച് ജിയോളജിസ്റ്റ് ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകണമെന്ന്
ജില്ലാ വികസന സമിതി യോഗത്തിൽ ജില്ലാ കളക്ടർ പി. വിഷ്ണുരാജ് ആവശ്യപ്പെട്ടു.

കക്കണ്ണംപാറയിലെ പട്ടികവർഗ ഉന്നതിക്ക് അടുത്തായി നടത്തുന്ന ഖനനം പ്രദേശവാസികളുടെ പരാതിയെ തുടർന്നുള്ള ഇടപെടൽ കാരണം താൽക്കാലികമായി നിർത്തിയിരുന്നു. എന്നാൽ ഖനനം വീണ്ടും തുടങ്ങിയതായും അതോടെ സമരം പുനരാരംഭിച്ചതയും സജീവ് ജോസഫ് എംഎൽഎ ഉന്നയിച്ചു. 
ഇതോടെയാണ് ജില്ലാ കളക്ടർ റിപ്പോർട്ട് തേടിയത്. 

പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ച ചുഴലിയിൽ പുലിയെ പിടിക്കാൻ വനംവകുപ്പ് കൂട് സ്ഥാപിക്കുന്ന പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകണമെന്ന് മന്ത്രി സണ്ണി ജോസഫ് ആവശ്യപ്പെട്ടു.
പ്രദേശത്ത് ഡ്രോൺ പരിശോധന നടത്തുകയാണെന്നും ക്യാമറയിൽ ഇതുവരെ പുലിയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും വനംവകുപ്പ് ഉദ്യോഗസ്ഥൻ അറിയിച്ചു.
പുലി സാന്നിധ്യം സ്ഥിരീകരിച്ച മുറയ്ക്ക് കൂട് സ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ തുടങ്ങണമെന്ന് മന്ത്രി നിർദേശിച്ചു. 

വനത്തോട് ചേർന്ന പ്രദേശങ്ങളിൽ ഏതെങ്കിലും ഗ്രാമപഞ്ചായത്ത് കാടുമൂടിയ പ്രദേശങ്ങൾ വെട്ടിത്തെളിച്ചിട്ടുണ്ടോ എന്ന് മന്ത്രി ആരാഞ്ഞു. ഇത്തരം പ്രവൃത്തി തൊഴിലുറപ്പുപദ്ധതിയിൽ ഏറ്റെടുക്കാൻ സാധ്യമല്ലെന്നും മലയോര പ്രദേശങ്ങളിലെ ഗ്രാമപഞ്ചായത്തുകൾക്ക് തനത് ഫണ്ട്  കുറവാണെന്നും തദ്ദേശസ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്ടർ ചൂണ്ടിക്കാട്ടി. കാടുമൂടിക്കിടക്കുന്ന സ്വകാര്യ ഭൂമിയുടെ ഉടമകളെ കണ്ടെത്തലാണ് മറ്റൊരു പ്രയാസം.
മലയോര മേഖലകളിൽ പ്രത്യേക ടാസ്ക് ഫോഴ്സ് രൂപീകരിച്ച് ഇത്തരം ഭൂമി കണ്ടെത്തണമെന്ന് ജില്ലാ കലക്ടർ നിർദ്ദേശം നൽകി.

 -പാലക്കയം തട്ടിലെ റിസോർട്ട് നിർമാണം നിർത്തവെക്കണമെന്ന് സജീവ് ജോസഫ് എംഎൽഎ 

പാലക്കയം തട്ടിൽ വ്യൂ പോയിൻറ് മറച്ചു റിസോർട്ട് നിർമ്മാണം നടക്കുന്ന പ്രവൃത്തി സജീവ് ജോസഫ് എംഎൽഎ ശ്രദ്ധയിൽപ്പെടുത്തി. ഇക്കാര്യത്തിൽ വിനോദസഞ്ചാര വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറിൽ നിന്നും ജില്ലാ കലക്ടർ റിപ്പോർട്ട് തേടി.

 ജില്ലയിൽ ഡോക്ടർ ക്ഷാമം പരിഹരിക്കണം: ടി.കെ ഗോവിന്ദൻ എംഎൽഎ 

ജില്ലയിലെ പല ആശുപത്രികളിലും ഡോക്ടർമാരുടെയും മറ്റ് ജീവനക്കാരുടെയും ക്ഷാമം എംഎൽഎമാരായ ടി കെ ഗോവിന്ദൻ,
പി കെ പ്രവീൺ എന്നിവർ ചൂണ്ടിക്കാട്ടി.
ജില്ലയിൽ ഡോക്ടർമാരുടെ മാത്രം 99 തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നതായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥൻ മറുപടി നൽകി. പി.എസ്‌.സി നിയമനം നടക്കുന്നുണ്ട്.
താത്കാലികമായി ഡോക്ടർമാരെ നിയമിക്കാനും ശ്രമങ്ങൾ നടക്കുന്നുണ്ട്. ജില്ലയിൽ കൂടി വരുന്ന ബാങ്ക് ജപ്തികൾക്ക് മൊറട്ടോറിയം പ്രഖ്യാപിക്കണമെന്ന് ടി.കെ ഗോവിന്ദൻ എംഎൽഎ പറഞ്ഞു. 

-മുണ്ടയാട്-കീഴ്പ്പള്ളി ബൈപ്പാസിന് സമാന്തരമായി സർവീസ് റോഡ് വേണമെന്ന് ടി.ഒ മോഹനൻ എംഎൽഎ 

മേലേ ചൊവ്വ മേൽപ്പാലം പ്രവൃത്തിയുടെ ഭാഗമായി ഏറ്റെടുക്കേണ്ട ഭൂമിയിലെ കെട്ടിടങ്ങളുടെ വിലനിർണയം നടക്കുകയാണെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ ടി.ഒ മോഹനൻ എംഎൽഎ ക്ക് മറുപടി നൽകി.
മുണ്ടയാട്-കീഴ്പ്പള്ളി ബൈപ്പാസിന് സമാന്തരമായി സർവീസ് റോഡ് വേണമെന്നും സ്ഥലം ഏറ്റെടുത്തിട്ടും ദേശീയപാത വിഭാഗം റോഡ് നിർമിക്കാൻ തയ്യാറാവുന്നില്ലെന്നും എംഎൽഎ ചൂണ്ടിക്കാട്ടി.

ഡിജിറ്റൽ സർവ്വേയുമായി ബന്ധപ്പെട്ട് ഒട്ടേറെ പരാതികൾ വന്നിട്ടുണ്ടെന്ന് മന്ത്രി സണ്ണി ജോസഫ്, ഷാഫി പറമ്പിൽ എം.പിയുടെ പ്രതിനിധി എം.പി അരവിന്ദാക്ഷൻ എന്നിവർ ഉന്നയിച്ചു. പരാതികൾ പരിഹരിക്കാൻ സർവ്വേ ഡെപ്യൂട്ടി ഡയറക്ടർ മുൻകൈയ്യെടുത്ത് വില്ലേജ് തലത്തിൽ ചർച്ച നടത്തണമെന്ന്  ജില്ലാ കളക്ടർ നിർദ്ദേശിച്ചു.

ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിൽ നിരവധി ഫയലുകൾ കെട്ടികിടക്കുന്നതായി കെ സുധാകരൻ എംപിയുടെ പ്രതിനിധി ടി. ജയകൃഷ്ണൻ പരാതിപ്പെട്ടു. ഫയലുകൾ സംബന്ധിച്ച് അടുത്ത ജില്ലാ വികസന സമിതി യോഗത്തിൽ റിപ്പോർട്ട് നൽകണമെന്ന് കലക്ടർ ആവശ്യപ്പെട്ടു. ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള മാട്ടൂല്‍, മാടായി പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന വാടിക്കല്‍ കടവ് തീരദേശ റോഡിന്റെ 
ശോച്യാവസ്ഥ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപിയുടെ പ്രതിനിധി അജിത് മാട്ടൂല്‍ ഉന്നയിച്ചു.

 പ്രകൃതി പഠന കേന്ദ്രത്തിന്റെ ദുരവസ്ഥ പരിഹരിക്കണം: പി കെ പ്രവീൺ എംഎൽഎ 

കണ്ണവം വനത്തിലെ പ്രകൃതി പഠന കേന്ദ്രത്തിന്റെ ദുരവസ്ഥ പി.കെ പ്രവീൺ എംഎൽഎ ശ്രദ്ധയിൽപ്പെടുത്തി.
പ്രകൃതി പഠനകേന്ദ്രം സ്ഥിതിചെയ്യുന്ന ഭൂമി സ്വകാര്യവ്യക്തിയുടെതാണെന്നും അത് വനം വകുപ്പിന് കൈമാറി കിട്ടാനുള്ള നടപടികൾ സ്വീകരിച്ചതായും മറുപടി നൽകി. ആറളത്ത് ആന മതിൽ നിർമാണം 5.4 കിലോമീറ്റർ പൂർത്തിയാക്കിയതായി ഉദ്യോഗസ്ഥർ അറിയിച്ചു. ബാക്കി ഭാഗങ്ങളിൽ പ്രവൃത്തി പുരോഗമിക്കുകയാണ്.

 വളപട്ടണം പാലത്തിലെ കുഴികൾ ഉന്നയിച്ച് കെ വി സുമേഷ് എംഎൽഎ 

വളപട്ടണം പാലത്തിലെ കുഴികൾ മൂലമുള്ള ഗതാഗതസ്തംഭനം കെ.വി സുമേഷ് എംഎൽഎ ചൂണ്ടിക്കാട്ടി. മഴ മാറിയാൽ ഒറ്റ രാത്രി കൊണ്ടുതന്നെ കുഴികൾ അടയ്ക്കാമെന്ന് ദേശീയപാത വിഭാഗം ഉദ്യോഗസ്ഥൻ മറുപടി നൽകി. 

ലീഗൽ ഹയർ സർട്ടിഫിക്കറ്റ് കിട്ടുന്ന കാര്യം അനാവശ്യമായി നീണ്ടുപോകുന്നത് മൂലം ജനം പ്രയാസത്തിലാകുന്നത് മന്ത്രി സണ്ണി ജോസഫ് ഉദ്യോഗസ്ഥരുടെ ശ്രദ്ധ യിൽപ്പെടുത്തി. 

ദേശീയപാത നിർമ്മാണ പ്രവൃത്തിയിലേർപ്പെട്ട കരാർ തൊഴിലാളികളുടെ കുട്ടികളുടെ അവകാശങ്ങൾ പാലിക്കപ്പെടുന്നുണ്ട് എന്ന് ജില്ലാ ശിശുസംരക്ഷണ ഓഫീസർ  ഉറപ്പുവരുത്തണമെന്ന്  ജില്ലാ കലക്ടർ ഓർമിപ്പിച്ചു. 

ജില്ലാ കളക്ടർ അധ്യക്ഷത വഹിച്ച യോഗത്തിൽ കണ്ണൂർ കോർപ്പറേഷൻ മേയർ പി ഇന്ദിര, എ.ഡി.എം പി എൻ പുരുഷോത്തമൻ, അസിസ്റ്റന്റ് കളക്ടർ സ്വാതി എസ്, ജില്ലാ പ്ലാനിംഗ് ഓഫീസർ രാജേഷ്‌ ടി, ജില്ലാതല ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.

date