Skip to main content

കളമശ്ശേരി മെഡിക്കൽ കോളേജ് രോഗീസൗഹൃദമാക്കും: മന്ത്രി അബ്ദുൾ ഗഫൂർ

 

കളമശ്ശേരി മെഡിക്കൽ കോളേജിനെ പൂർണമായും രോഗീസൗഹൃദ  ആശുപത്രിയാക്കി മാറ്റാനാണ് സർക്കാർ ലക്ഷ്യമിടുന്നത് എന്ന് സാമൂഹിക നീതി, ഫിഷറീസ് വകുപ്പ് മന്ത്രി വി. ഇ. അബ്ദുൾ ഗഫൂർ പറഞ്ഞു. കളമശ്ശേരി ഗവ. മെഡിക്കൽ കോളേജിൽ നിന്നും അനാഥരായ അഞ്ചു രോഗികളെ പീസ് വാലി ഏറ്റെടുക്കുന്നതിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
പീസ് വാലി ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും ഇത്തരം ജീവകാരുണ്യ പ്രവർത്തനങ്ങൾ സമൂഹത്തിന് വലിയ ആശ്വാസമാണ് നൽകുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സംസ്ഥാനത്ത് അനാഥരും നിരാലംബരുമായ ആളുകളെ സംരക്ഷിക്കാൻ സർക്കാർ സംവിധാനങ്ങൾ പരമാവധി ശ്രമിക്കുന്നുണ്ട്. നിലവിലുള്ള കേന്ദ്രങ്ങൾ പലതും നിറഞ്ഞ അവസ്ഥയിലാണ്. ഇത്തരം സാഹചര്യങ്ങളിൽ സാമൂഹ്യനീതി വകുപ്പുമായി സഹകരിച്ച് കൂടുതൽ അഭയകേന്ദ്രങ്ങളും പുനരധിവാസ സൗകര്യങ്ങളും വികസിപ്പിക്കുന്ന കാര്യം സർക്കാർ പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. 

ചികിത്സയോടൊപ്പം രോഗികളോട് കാരുണ്യപൂർവമായ സമീപനം ഉറപ്പാക്കാൻ ആശുപത്രി അധികൃതർ ശ്രദ്ധിക്കണം. 
അനാഥരായി ആശുപത്രിയിലുണ്ടായിരുന്ന 25-ഓളം രോഗികളെ കുടുംബശ്രീയിൽ നിന്നും ജീവനക്കാരെ പ്രത്യേകമായി നിയോഗിച്ച് ഇത്രയും നാൾ സംരക്ഷിച്ച മെഡിക്കൽ കോളേജ് അധികൃതരുടെയും ജീവനക്കാരുടെയും പ്രവർത്തനത്തെ മന്ത്രി പ്രത്യേകം പ്രശംസിച്ചു.
ആശുപത്രിയുടെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തണമെങ്കിൽ എല്ലാവരുടെയും കൂട്ടായ  പ്രവർത്തനം അനിവാര്യമാണെന്നും
മന്ത്രി പറഞ്ഞു.

​സാമൂഹിക നീതി വകുപ്പ്, എറണാകുളം
​സർക്കാർ മെഡിക്കൽ കോളേജ്, കളമശ്ശേരി നഗരസഭ, പീസ് വാലി ഫൗണ്ടേഷൻ എന്നിവർ സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ
കളമശ്ശേരി നഗരസഭാ ചെയർപേഴ്സൺ ജമാൽ മണക്കാടൻ, കൗൺസിലർമാരായ നജീബ്, റഫീഖ് തെക്കൻ, അസീറ നാസർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വഹാബ്, 
ആശുപത്രി സൂപ്രണ്ട് ഡോ. അനൂപ്, പ്രിൻസിപ്പലിന്റെ ചുമതലയുള്ള ഡോ. അനിൽകുമാർ, പീസ് വാലി പ്രതിനിധികളായ  വി. എ. ശംസുദ്ദീൻ, ഫാറൂഖ് കരിമക്കാട്, വി എ മുഹമ്മദ് റാസിഖ്, ആർ.എം.ഒ. ഡോ സാജിത, തുടങ്ങിയവർ പങ്കെടുത്തു.

date