പൊതുജനാരോഗ്യത്തില്‍ ഭക്ഷ്യസുരക്ഷാപ്രവര്‍ത്തനങ്ങള്‍ നിര്‍ണായകം: മന്ത്രി ബിന്ദു കൃഷ്ണ
പൊതുജനാരോഗ്യം ഉറപ്പാക്കുന്നതില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പ്രവര്‍ത്തങ്ങള്‍ക്ക് നിര്‍ണായക പങ്കുണ്ടെന്ന് തൊഴില്‍, ക്ഷീരവികസന-മൃഗസംരക്ഷണ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ ടി ബി സെന്ററില്‍ സംഘടിപ്പിച്ച ഈറ്റ് റൈറ്റ് കേരളം-സേഫ് ഓണം 2026 പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. വീടുകളിലെ ഭക്ഷണത്തേക്കാള്‍ ഹോട്ടലുകള്‍, മറ്റുഭക്ഷണശാലകളില്‍ എന്നിവിടങ്ങളില്‍ നിന്നും ഭക്ഷണം കഴിക്കാന്‍ താത്പര്യംകാട്ടുന്ന സാഹചര്യത്തില്‍ ഭക്ഷ്യവിഷബാധ ഉള്‍പ്പടെയുള്ള അനിഷ്ടസംഭവങ്ങള്‍ തടയാന്‍ പരിശോധനകള്‍ കൂടുതല്‍ ശക്തമാക്കണം. ഉത്സവസമയങ്ങളിലും ഭക്ഷ്യസുരക്ഷാ വിഭാഗം നിതാന്ത ജാഗ്രത പുലര്‍ത്തണം. ആരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ വളര്‍ത്താന്‍ ബോധവത്കരണ പരിപാടികള്‍ വിപുലീകരിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ ബോധവത്കരണ ക്ലാസുകള്‍ നടത്തി. അസിസ്റ്റന്റ് ഫുഡ് സേഫ്റ്റി കമ്മിഷണര്‍ സക്കീര്‍ ഹുസൈന്‍ അധ്യക്ഷനായി. കോര്‍പറേഷന്‍ വാര്‍ഡ് കൗണ്‍സിലര്‍ കുരുവിള ജോസഫ്, ജില്ലാ നോഡല്‍ ഫുഡ് സേഫ്റ്റി ഓഫീസര്‍ എ അനീഷ, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ആര്‍ വിമല്‍ ചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments