Skip to main content

ഡിസ്ട്രിക്ട് കണക്ട് പരിപാടിക്ക് ജില്ലയില്‍ തുടക്കമായി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.എ ജബ്ബാര്‍ ഹാജി ഉദ്ഘാടനം ചെയ്തു

ജില്ലാ പഞ്ചായത്തും ജില്ലാ ഭരണകൂടവും സംയുക്തമായി സംഘടിപ്പിക്കുന്ന ഡിസ്ട്രിക്ട് കണക്ട് പ്രോഗ്രാമിന് ജില്ലയില്‍ തുടക്കമായി. വാഴക്കാട് ഗ്രാമപഞ്ചായത്തില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.എ ജബ്ബാര്‍ ഹാജി ഉദ്ഘാടനം ചെയ്തു. കൊണ്ടോട്ടി എം.എല്‍.എ  ടി.പി അഷ്‌റഫലി മുഖ്യാതിഥിയായി. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ നേരിട്ട് മനസ്സിലാക്കുന്നതിന് എല്ലാ പഞ്ചായത്തിലും ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി തദ്ദേശ സ്ഥാപന അധികാരികളില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും പരാതി സ്വീകരിച്ച് തീര്‍പ്പാക്കുന്നതിന് വേണ്ടി രൂപം നല്‍കിയതാണ് ഡിസ്ട്രിക്ട് കണക്ട് പ്രോഗ്രാം

വാഴക്കാട് പോലീസ് സ്റ്റേഷന്‍ പരിസരത്ത് ദീര്‍ഘകാലമായി കിടക്കുന്ന വാഹനങ്ങള്‍ അടിയന്തരമായി മാറ്റി പൊതുജനങ്ങളുടെയും സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെയും സുരക്ഷ ഉറപ്പാക്കുക, ചാലിയാര്‍ നദിയില്‍ അടിഞ്ഞുകൂടിയ ഏക്കല്‍ മണ്ണ് ശാസ്ത്രീയമായി നീക്കം ചെയ്യുന്നതിന് അനുമതി നല്‍കുക, മുടക്കോഴി മല റീ-സര്‍വ്വേ നടത്തി സര്‍ക്കാര്‍ മിച്ചഭൂമി കണ്ടെത്തുക, എടവണ്ണപ്പാറയില്‍ ചാലിയപ്രം ഗവണ്‍മെന്റ് ഹൈസ്‌കൂളിനോട് ചേര്‍ന്ന് നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന കായിക മൈതാനത്തിന്റെ ഭൂമിയുടെ തരംമാറ്റത്തിന് അനുമതി നല്‍കുക, ഊര്‍ക്കടവ്-കവണക്കല്ല് റെഗുലേറ്റര്‍ കം ബ്രിഡ്ജിനോട് ചേര്‍ന്നുള്ള മൈനര്‍ ഇറിഗേഷന്‍ വകുപ്പിന്റെ സ്ഥലം കായിക മൈതാനമായി വികസിപ്പിക്കുന്നതിനായി ഗ്രാമപഞ്ചായത്തിന് വിട്ടുനല്‍കുക, എളമരം പാലത്തോട് ചേര്‍ന്നുള്ള പുഴ പുറമ്പോക്ക് സ്ഥലത്ത് ഓപ്പണ്‍ ജിമ്മും ചില്‍ഡ്രന്‍സ് പാര്‍ക്കും സ്ഥാപിക്കുന്നതിന് അനുമതി നല്‍കുക തുടങ്ങിയ ആവശ്യങ്ങളാണ്  വാഴക്കാട് പഞ്ചായത്ത് അധികൃതര്‍ പ്രധാനമായും  ഉന്നയിച്ചത്.

ദിനംപ്രതി 500 ലധികം ഒ.പി. രോഗികള്‍ ചികിത്സ തേടിയെത്തുന്ന വാഴക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ഒരു അധിക ഡോക്ടറെ അനുവദിക്കണമെന്നും ഗ്രാമപഞ്ചായത്ത് ആവശ്യപ്പെട്ടു. റീബില്‍ഡ് കേരള പദ്ധതിയുടെ ഭാഗമായി  നിര്‍മിച്ച അത്യാധുനിക സൗകര്യങ്ങളോടുകൂടിയ കുടുംബാരോഗ്യ കേന്ദ്രത്തില്‍ നിലവിലെ രോഗീബാഹുല്യത്തിന് അനുസൃതമായ മെഡിക്കല്‍, പാരാമെഡിക്കല്‍ ജീവനക്കാരെ നിയമിക്കേണ്ടത് അടിയന്തര ആവശ്യമാണെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. ഗ്രാമപഞ്ചായത്ത് സമര്‍പ്പിച്ച നിവേദനങ്ങള്‍ക്കു പുറമേ പൊതുജനങ്ങളില്‍ നിന്നും വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട പരാതികളും ആവശ്യങ്ങളും ജില്ലാ കലക്ടര്‍ ഡോ. വിനയ് ഗോയല്‍ നേരിട്ട് സ്വീകരിച്ചു.

ഊര്‍ക്കടവ് പാലം പരിസരത്തെ മൈനര്‍ ഇറിഗേഷന്‍ ഭൂമി, സംസ്ഥാന പാതയിലെ അപകടഭീഷണി നിലനില്‍ക്കുന്ന ഊര്‍ക്കടവ് വളവ്, മുണ്ടുമുഴി ചാലിയാര്‍ പുഴയോട് ചേര്‍ന്ന് കായിക മൈതാനത്തിനായി കണ്ടെത്തിയ സ്ഥലം, വാഴക്കാട് കുടുംബാരോഗ്യ കേന്ദ്രം, വാഴക്കാട് പോലീസ് സ്റ്റേഷന്‍ പരിസരം, വാലില്ലാപുഴ, ചാലിയപ്രം ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലും ജില്ലാ കലക്ടറും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും വാഴക്കാട് ഗ്രാമപഞ്ചായത്ത് ഭരണ സമിതി അംഗങ്ങളും നേരിട്ടെത്തി പരിശോധിച്ചു.

പ്രസിഡണ്ട് വി. ആരിഫ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് അഡ്വ. എം.കെ നൗഷാദ,് ജില്ലാ പഞ്ചായത്ത് അംഗം ജൈസല്‍ എളമരം, ചീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. ശിവന്‍, വാഴക്കാട് ഗ്രാമപഞ്ചായത്ത്  സ്ഥിരം സമിതി അദ്ധ്യക്ഷരായ സി.ഇ മുംതാസ് ബീഗം, മുസ്തഫ വാഴക്കാട്, പുഷ്പ എം, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എം.സി സിദ്ധീഖ് മാസ്റ്റര്‍, മോട്ടമ്മല്‍ മുജീബ് മാസ്റ്റര്‍, സി.വി സക്കറിയ, ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു
 

date