കേര' പദ്ധതി: ഹെക്ടറിന് 75,000 രൂപ പുനര്‍നടീല്‍ ധനസഹായം
റബ്ബര്‍ കര്‍ഷകര്‍ക്ക് വലിയ ആശ്വാസവുമായി കൃഷി വകുപ്പിന്റെ കേര പദ്ധതി. ലോകബാങ്ക് സഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതിയിലൂടെ പുനര്‍നടീല്‍ നടത്തുന്ന റബ്ബര്‍ കര്‍ഷകര്‍ക്ക് ഹെക്ടറിന് 75,000 രൂപ നിരക്കില്‍ സാമ്പത്തിക സഹായം നല്കുന്നു. ഉത്പാദനക്ഷമത കുറഞ്ഞ പഴയ മരങ്ങള്‍ മാറ്റി, കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാന്‍ ശേഷിയുള്ളതും ഉയര്‍ന്ന ഉല്‍പ്പാദനം തരുന്നതുമായ പുതിയ ഇനങ്ങള്‍ വച്ചുപിടിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 25 സെന്റ് മുതല്‍ 5 ഹെക്ടര്‍ വരെ ഭൂമിയുള്ള ചെറുകിട കര്‍ഷകര്‍ക്കാണ് മുന്‍ഗണന. ഒരാള്‍ക്ക് പരമാവധി 2 ഹെക്ടര്‍ വരെയുള്ള പുനര്നടീലിനാണ് സഹായം. ആദ്യ വര്‍ഷം 55,000 രൂപയും രണ്ടാം വര്‍ഷം 20,000 രൂപയും വീതം നല്‍കും. കാലാവസ്ഥാ പ്രതിരോധ ശേഷിയുള്ള മികച്ച തൈകള്‍ ലഭ്യമാക്കുന്നതിനായി 30 അംഗീകൃത നഴ്സറികളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് പരമാവധി 6 ലക്ഷം രൂപ വരെ സബ്സിഡി നല്‍കും. റബ്ബര്‍ ബോര്‍ഡിന്റെ സഹകരണത്തോടെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുന്ന കര്‍ഷകര്‍ക്ക് ശാസ്ത്രീയ കൃഷിരീതികളില്‍ പരിശീലനം നല്‍കും. കൂടാതെ, കേരയുടെ ഫീല്‍ഡ് ഓഫീസര്‍മാരുടെ നേരിട്ടുള്ള മേല്‍നോട്ടവും ഉറപ്പാക്കും. കര്‍ഷകരും നഴ്സറികളും www.keraplantation.kerala.gov.in മുഖേന അപേക്ഷിക്കണം. തിരിച്ചറിയല്‍ രേഖ, ഫോട്ടോ, ബാങ്ക് പാസ് ബുക്ക് കൈവശാവകാശ സര്‍ട്ടിഫിക്കറ്റ്, കൃഷിയിടത്തിന്റെ സ്കെച്ച് അംഗീകൃത നഴ്സറിയില്‍ നിന്ന് നടീല്‍ വസ്തുക്കള്‍ വാങ്ങിയതിന്റെ ബില്‍. വിവരങ്ങള്‍ക്ക് കേരയുടെ റീജിയണല്‍ ഓഫീസ്, ഫോണ്‍: 8281257409.
- Log in to post comments