‘തരംഗം’ ഓഗസ്റ്റ് 1 മുതല്‍ പുസ്തകവായനയ്ക്കായി പുതുതുടക്കം
പുസ്തകങ്ങളുടെലോകത്തേക്ക് തലമുറകളെ ആകര്‍ഷിക്കുന്നതിന് ജില്ലാ ഭരണകൂടവും പി.എന്‍. പണിക്കര്‍ ഫൗണ്ടേഷനും ചേര്‍ന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ ഒരുക്കുന്ന തുടക്കമാണ് ‘തരംഗം-എഴുത്തും വായനയും’. എല്ലാ മാസവും ആദ്യ ശനിയാഴ്ച വൈകിട്ട് നഗരത്തിലെ വി പാര്‍ക്കിലാണ് പുസ്തകവായനാവലോകനവും ചര്‍ച്ചയും ഉള്‍പ്പെടുന്ന പരിപാടി. പ്രമുഖ എഴുത്തുകാരോടൊപ്പം സ്‌കൂള്‍ വിദ്യാര്‍ഥികളും അധ്യാപകരും സംഗമിക്കുമെന്ന് സംഘാടനത്തിന് നേതൃത്വംനല്‍കുന്ന ജില്ലാ കലക്ടര്‍ ആനി ജൂല തോമസ് വ്യക്തമാക്കി.
ഓഗസ്റ്റ് 1 വൈകിട്ട് 4.45 നാണ് തുടക്കം. മുന്‍ ചീഫ് സെക്രട്ടറിയും കവിയും ചലച്ചിത്ര ഗാനരചയിതാവും ദേവസ്വം ബോര്‍ഡ് അധ്യക്ഷനുമായ കെ. ജയകുമാറാണ് ഉദ്ഘാടകന്‍. ജില്ലാ കലക്ടര്‍ ആനി ജൂല തോമസ് അധ്യക്ഷയാകും. കെ. ജയകുമാര്‍ രചിച്ച വയലാര്‍-ഗാനരചനയിലെ ഗാന്ധര്‍വം പ്രസാധകനായ കെ. ജി. അജിത് കുമാര്‍ പരിചയപ്പെടുത്തും.
സംഘാടകസമിതി കണ്‍വീനര്‍ കെ. എസ്. ജ്യോതി, അംഗങ്ങളായ ഡോ. ആര്‍. മണിയപ്പന്‍, ജി. ആര്‍. കൃഷ്ണ കുമാര്‍, എസ്.കെ. പത്മജ, ബി. ഉത്തമന്‍, എ.എസ്. സുഗതകുമാരി, വിദ്യാഭ്യാസ ഉപഡയറക്ടര്‍ എസ്. ഷാജി എന്നിവര്‍ സംസാരിക്കും. വിവിധ സ്‌കൂളുകളിലെ അധ്യാപകരും വിദ്യാര്‍ഥികളും പങ്കെടുക്കും.
- Log in to post comments