ക്രമക്കേടുകൾക്ക് കർശന നടപടി: മന്ത്രി അനൂപ് ജേക്കബ്
* ഓണക്കാലത്ത് മൊത്ത, ചില്ലറ വില നിരീക്ഷിക്കാൻ ആഗസ്റ്റ് 1 മുതൽ സ്‌ക്വാഡ്
ഓണക്കാലത്ത് മൊത്ത, ചില്ലറ വിൽപനശാലകളിലെ സ്റ്റോക്കും വിലയും നിരീക്ഷിച്ച് അസ്വാഭാവിക വർധനയുണ്ടോയെന്നു നിരീക്ഷിക്കാൻ നിർദ്ദേശം നൽകിയതായി ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. നാളെ (ആഗസ്റ്റ് 1) മുതൽ മുതൽ 25 വരെയാണ് പരിശോധന. അതിനായി ജില്ലാ, താലൂക്ക് സപ്ലൈ, സിറ്റി റേഷനിങ് ഓഫീസർമാരുടെ നേതൃത്വത്തിൽ റവന്യൂ, ലീഗൽ മെട്രോളജി, ഭക്ഷ്യസുരക്ഷ, പോലീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ജില്ലാ, താലൂക്കുതല പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചു പരിശോധന നടത്തും. പൊതുവിപണിയിൽ വിവിധ അരി അടക്കമുള്ള അവശ്യ സാധനങ്ങളുടെ വില വർധന റിപ്പോർട്ടുകൾ ശ്രദ്ധയിപ്പെട്ട സാഹചര്യത്തിലാണ് അരിമില്ലുകൾ ഉൾപ്പെടെ ഓപ്പൺ മാർക്കറ്റുകൾ പരിശോധിക്കുന്നതെന്ന് മന്ത്രി അറിയിച്ചു.
ഗുണനിലവാരമില്ലാത്തതോ മായം കലർന്നതോ ആയ അരി, ഭക്ഷ്യ ധാന്യങ്ങൾ, പച്ചക്കറികൾ, മറ്റ് ഭക്ഷ്യ ഉൽപ്പന്നങ്ങൾ എന്നിവ വിൽപ്പന നടത്തുന്നില്ലെന്ന് ഉറപ്പാക്കും. അളവുതൂക്കം കൃത്യമാണോ എന്നും ഉപഭോക്താക്കൾ കബളിപ്പിക്കപ്പെടുന്നുണ്ടോ എന്നും മെട്രോളജി ഉദ്യോഗസ്ഥർ പരിശോധിക്കും. അരി, പലചരക്ക് സ്റ്റോക്ക് രജിസ്റ്ററുകൾ പരിശോധിച്ചു സ്റ്റോക്ക് സമയത്തെ പർച്ചേസ് ബിൽ പ്രകാരം വ്യാപാരി നിശ്ചയിച്ച വിലയ്ക്കു തന്നെയാണ് പഴയ സ്റ്റോക്ക് വിൽക്കുന്നതെന്ന് സ്‌ക്വാഡ് ഉറപ്പാക്കണം. പിന്നീട് എത്തിച്ചേർന്ന സ്റ്റോക്ക് മാത്രമേ പുതുക്കിയ വിലയ്ക്ക് വിൽക്കാവൂ എന്ന് വ്യാപാരിക്ക് നിർദ്ദേശം നൽകണം. സ്വകാര്യ അരി മില്ലുകൾ പരിശോധിച്ച് വർധന അടക്കം വിലയിരുത്തണം. മൊത്ത വ്യാപാരികൾ സ്റ്റോക്കും വിലയും അടങ്ങിയ ബോർഡ് പ്രദർശിപ്പിച്ചിട്ടുണ്ടോ എന്നും അരി പൂഴ്ത്തുകയോ വിതരണം തടസപ്പെടുത്തുകയോ ചെയ്യുന്നില്ലെന്നും ഉറപ്പാക്കണം.
ചില്ലറ വ്യാപാരികളും വാങ്ങൽ-വിൽപ്പന ബിൽ/ ഇൻവോയ്‌സ് സൂക്ഷിക്കുന്നുണ്ടെന്നും വില വിവര പട്ടിക വ്യക്തമായി പ്രദർശിപ്പിച്ച് കൂടുതൽ ഈടാക്കുന്നില്ലെന്നും ഉറപ്പാക്കും. ബിൽ/ഇൻവോയ്‌സ് നൽകാതെ വിൽപ്പന നടത്തുന്ന സാഹചര്യം അനുവദിക്കില്ല. അനാവശ്യ വിലവർധന, പൂഴ്ത്തിവെപ്പ്, കരിഞ്ചന്ത എന്നിവ കണ്ടെത്തിയാൽ കർശന നടപടിയെടുക്കും.
പരിശോധനാ വിവരങ്ങളും ക്രമക്കേടുകളും സ്വീകരിച്ച നടപടികളും ഉൾപ്പടെയുള്ള വിവരങ്ങൾ നിശ്ചിത പ്രോഫോർമയിൽ എല്ലാ ദിവസവും ഗൂഗിൾ ഷീറ്റ് വഴി കളക്ടർക്ക് റിപ്പോർട്ട് ചെയ്യണം. കരിഞ്ചന്ത പൂഴ്ത്തിവെപ്പ് അടക്കമുള്ള ഗുരുതരക്രമക്കേടുകൾ രേഖകൾ സഹിതം പോലീസിനു കൈമാറി 1955 ലെ അവശ്യസാധന നിയമപ്രകരം പ്രോസിക്യൂഷൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
പി.എൻ.എക്‌സ്. 2869/2026
- Log in to post comments