ഒരുമയുടെ സന്ദേശവുമായി റണ്‍ ഫോര്‍ യൂണിറ്റി- മിഡ്നൈറ്റ് മാരത്തോണ്‍ 26ന്
ഒരുമയുടെയും സുരക്ഷയുടെയും സന്ദേശമുയര്‍ത്തി ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും സംയുക്തമായി സംഘടിപ്പിക്കുന്ന മിഡ്നൈറ്റ് മാരത്തോണ്‍ ജനുവരി 26ന് കണ്ണൂരില്‍ നടക്കും. കണ്ണൂര്‍ കലക്ട്രേറ്റില്‍ നിന്ന് തുടങ്ങി താവക്കര, ഫോര്‍ട്ട് റോഡ്, സെന്റ്മൈക്കിള്‍സ് സ്‌കൂള്‍, പയ്യാമ്പലം ഗസ്റ്റ്ഹൗസ് റോഡ്, മുനീശ്വരന്‍ കോവില്‍, പഴയ ബസ്സ്ന്റാന്റ്, താലൂക്ക് ഓഫീസ്, കാല്‍ടെക്സ് വഴി തിരിച്ച് കലക്ട്രേറ്റില്‍ സമാപിക്കുന്ന രീതിയിലാണ് മാരത്തോണ്‍ ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി പറഞ്ഞു. 26ന് രാത്രി 12 മണിക്ക് തുടങ്ങി ഏഴ് കിലോമീറ്റര്‍ പിന്നിട്ട് 27ന് പുലര്‍ച്ചെ ഒരുമണിയോടെ മാരത്തോണ്‍ സമാപിക്കും. പിആര്‍ഡി ചേംബറില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് റണ്‍ ഫോര്‍ യൂനിറ്റിയുടെ ലോഗോ പ്രകാശനം ചെയ്തു. ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദ് അലി ഏറ്റുവാങ്ങി.
അഞ്ച് പേരടങ്ങുന്ന ടീമുകളായാണ് മാരത്തോണിന് പങ്കെടുക്കേണ്ടത്. ഒരുമിച്ച് നിന്ന് വിജയത്തിലെത്തണമെന്ന സന്ദേശം പകരുകയാണ് മാരത്തോണിന്റെ ലക്ഷ്യമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. 400 ലധികം പേരാണ് കഴിഞ്ഞ വര്‍ഷം ജില്ലയില്‍ നിന്ന് മാരത്തോണില്‍ പങ്കെടുത്തത്. ഈ വര്‍ഷം മറ്റ് ജില്ലകളില്‍ നിന്നും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും ആള്‍ക്കാര്‍ മാരത്തോണിന്റെ ഭാഗമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കലക്ടര്‍ കൂട്ടിച്ചേര്‍ത്തു. ഡിടിപിസി സെക്രട്ടറി ജിതീഷ് ജോസ് സംസാരിച്ചു.
വിവിധക്ലബുകള്‍, സന്നദ്ധ സംഘടനകള്‍, സര്‍ക്കാര്‍ വകുപ്പുകള്‍, ലൈബ്രറികള്‍, ബാങ്കുകള്‍, സ്വകാര്യസ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ പ്രതിനിധികള്‍ മത്സരത്തിനുണ്ടാകും. പുരുഷന്‍ന്മാര്‍ മാത്രമുളള ടീമുകളില്‍ ഒന്നാം സ്ഥാനം നേടുവര്‍ക്ക് 7500 രൂപയും വനിതകള്‍ മാത്രമുള്ള ടീമുകളിലും സ്ത്രീകളും പുരുഷന്‍ന്മാരും ചേര്‍ന്നുളള ടീമുകളിലും ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് 10000 രൂപ വീതവുമാണ് സമ്മാനം. മാരത്തോണ്‍ വിജയകരമായി പൂര്‍ത്തികരിക്കുന്നവര്‍ക്ക് മെഡലും നല്‍കും. ഒരു ടീമിന് 500 രൂപയാണ് രജിസ്ട്രേഷന്‍ ഫീസ്. രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും 0497-2706336, 9447524545, 9447564545 നമ്പറില്‍ ബന്ധപ്പെടുക.
- Log in to post comments