പ്രളയാനന്തര കേരളം: മികച്ച നിര്‍ദ്ദേശങ്ങളുമായി വിദ്യാര്‍ഥികള്‍
പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മിതിക്കായി മികച്ച നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിച്ച് വിദ്യാര്‍ഥികള്‍. പതിനൊന്നാമത് കുട്ടികളുടെ ജൈവവൈവിധ്യ കോണ്‍ഗ്രസിന്റെ ഭാഗമായി കണ്ണൂര്‍ ഗവ.മെന്‍സ് ടിടിഐയില്‍ നടന്ന പ്രബന്ധ അവതരണത്തിലാണ് കൊച്ചുമിടുക്കന്‍മാരുടെ സര്‍ഗ്ഗഭാവനയില്‍ വിരിഞ്ഞ നിര്‍ദ്ദേശങ്ങള്‍ ഉയര്‍ന്നുവന്നത്. പ്രളയാനന്തര കേരള പുനര്‍നിര്‍മ്മാണവുമായി ബന്ധപ്പെട്ട വിഷയത്തിലായിരുന്നു കുട്ടികള്‍ പ്രബന്ധം അവതരിപ്പിച്ചത്. സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ദുരന്തനിവാരണത്തെക്കുറിച്ചുള്ള അറിവുകള്‍ ഉള്‍പ്പെടുത്തുക, വികസിത രാജ്യങ്ങളിലെപ്പോലെ ഭവനനിര്‍മ്മാണത്തിന് പ്രീ-ഫാബ്രിക്കേറ്റഡ് സാങ്കേതിക വിദ്യ ഉപയോഗിക്കുക, പ്രകൃതിയിലെ മനുഷ്യന്റെ ഇടപെടല്‍ കുറയ്ക്കുക തുടങ്ങി പ്രകൃതി സംരക്ഷണത്തിനായി നിരവധി നിര്‍ദ്ദേശള്‍ വിദ്യാര്‍ഥികള്‍ മുന്നോട്ടുവച്ചു.
രണ്ട് വിദ്യാര്‍ഥികളടങ്ങുന്ന ടീമുകളായി സീനിയര്‍, ജൂനിയര്‍ വിഭാഗങ്ങളിലാണ് മത്സരം നടന്നത്. പ്രബന്ധാവതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് ഉദ്ഘാടനം ചെയ്തു. ഒട്ടേറെ പുസ്തകങ്ങള്‍ വായിക്കുന്നതിനെക്കാള്‍ വലിയ അറിവ് പ്രളയം നമുക്ക് നല്‍കിയതായി അദ്ദേഹം പറഞ്ഞു. ഭൂമിയുടെ ഉയോഗത്തില്‍ കാതലായ പുനരവലോകനം ആവശ്യമാണെന്നാണ് പ്രളയം നമ്മെ പഠിപ്പിച്ച പ്രധാന പാഠങ്ങളിലൊന്ന്. പ്രകൃതിയെ കൈകാര്യം ചെയ്യുന്നതിലും അതുമായി ഇടപെടുന്നതിലും കരുതലും ആദരവും വേണം. ജൈവവൈവിധ്യങ്ങളുടെ സംരക്ഷണ സന്ദേശം വിദ്യാര്‍ഥികള്‍ വഴി വീടുകളില്‍ എത്തിക്കണം. അതിന് ഈ മത്സരം സഹായകമാവുമെന്നും അദ്ദേഹം പറഞ്ഞു.
കുട്ടികളുടെ സംസ്ഥാന ജൈവവൈവിധ്യ കോണ്‍ഗ്രസ് 26 മുതല്‍ 28 വരെ തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളജില്‍ നടക്കും. ജില്ലാതല പ്രബന്ധമല്‍സര വിജയികള്‍ക്ക് ഇവിടെ നടക്കുന്ന സംസ്ഥാനതല മല്‍സരത്തില്‍ പങ്കെടുക്കാം. ചടങ്ങില്‍ ജൈവവൈവിധ്യ ബോര്‍ഡ് അംഗം കെ വി ഗോവിന്ദന്‍ അധ്യക്ഷത വഹിച്ചു. ഡിഡിഇ നിര്‍മ്മലാ ദേവി, ഗവ.ടിടിഐ പ്രിന്‍സിപ്പല്‍ ഹരിദാസ്, പൊതുവിധ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോര്‍ഡിനേറ്റര്‍ കെ കെ രവി, സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് ജില്ലാ കോര്‍ഡിനേറ്റര്‍ എം ടി സനേഷ് എന്നിര്‍ സംസാരിച്ചു.
- Log in to post comments