എസ്.പി.സി ദിനാഘോഷം ആഗസ്റ്റ് 2 ന്: ആഭ്യന്തരമന്ത്രി ഉദ്ഘാടനം ചെയ്യും
സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ 16-ാമത് വാർഷികാഘോഷത്തിന്റെയും എസ്.പി.സി തൂഫാൻ വാരാചരണത്തിന്റെയും സംസ്ഥാനതല ഉദ്ഘാടനം ആഗസ്റ്റ് 2ന് തിരുവനന്തപുരത്ത് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിർവ്വഹിക്കും.
പേരൂർക്കട എസ്.എ.പി പരേഡ് ഗ്രൗണ്ടിൽ രാവിലെ എട്ട് മണിക്ക് നടക്കുന്ന എസ്.പി.സി കേഡറ്റുകളുടെ സെറിമോണിയൽ പരേഡിന്റെ അഭിവാദ്യം മന്ത്രി സ്വീകരിക്കും. 'തൂഫാൻ വാരിയർ' ബാഡ്ജുകൾ ധരിച്ചായിരിക്കും 20 പ്ലാറ്റൂണുകളിലെയും കേഡറ്റുകൾ പരേഡിൽ അണിനിരക്കുക.
സാമ്പത്തിക കുറ്റകൃത്യവിഭാഗം ഐ.ജിയും സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ സംസ്ഥനതല നോഡൽ ഓഫീസറുമായ അജീത ബീഗം കേഡറ്റുകൾക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും.
ഈ വർഷം 'തൂഫാൻ ദി നാർക്കോ ഹണ്ട്' എന്ന വിഷയത്തെ അടിസ്ഥാനമാക്കി എസ്.പി.സി ദിനം ആചരിക്കാനും ഓഗസ്റ്റ് 1 മുതൽ 7 വരെയുള്ള കാലയളവ് 'തൂഫാൻ വാരമായി' സംസ്ഥാനത്തൊട്ടാകെ ആചരിക്കാനും തീരുമാനിച്ചിട്ടുണ്ട്. ലഹരിവസ്തുക്കളുടെ ദുരുപയോഗത്തിനെതിരെ പോരാടുന്നതിനായി വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, പൊതുജനങ്ങൾ എന്നിവരെ അണിനിരത്തുന്നതിനും 'തൂഫാൻ' പദ്ധതിയുടെ ലക്ഷ്യങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനുമാണ് ഒരാഴ്ച നീണ്ടുനിൽക്കുന്ന വാരാചരണത്തിലൂടെ ലക്ഷ്യമിടുന്നത്.
സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖർ, പോലീസ് ആസ്ഥാനത്തെ എ.ഡി.ജി.പിയുടെ അധിക ചുമതല വഹിക്കുന്ന ഐ ജി ഹർഷിത അട്ടല്ലൂരി, മറ്റ് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ, അധ്യാപകർ, രക്ഷിതാക്കൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.
പി.എൻ.എക്‌സ്. 2925/2026
- Log in to post comments