Skip to main content

ജില്ലയിലെ കോള്‍ കര്‍ഷകര്‍ക്ക് ലഭിക്കേണ്ട പ്രൊഡക്ഷന്‍ ഇന്‍സെന്റീവ് ബോണസ് അടിയന്തരമായി നല്‍കും: കൃഷിമന്ത്രി ടി. സിദ്ദിഖ്

കേരളത്തിന്റെ ഭക്ഷ്യ സുരക്ഷയില്‍ പ്രധാന പങ്ക് തൃശൂര്‍ - മലപ്പുറം കോള്‍ നിലങ്ങള്‍ക്കുണ്ടെന്നും 13,716 ഹെക്ടര്‍ നെല്‍കൃഷി ചെയ്യുന്ന കോള്‍ നിലങ്ങള്‍ കേരളത്തിന്റെ കൃഷി സമൃദ്ധിക്ക് നല്‍കുന്ന പങ്ക് വളരെ വലുതാണെന്നും ജില്ലയിലെ കോള്‍ കര്‍ഷകര്‍ക്ക് ലഭിക്കേണ്ട പ്രൊഡക്ഷന്‍ ഇന്‍സെന്റീവ് ബോണസ് അടിയന്തരമായി നല്‍കുമെന്നും കൃഷി മന്ത്രി ടി. സിദ്ദിഖ് പറഞ്ഞു. തൃശൂര്‍ ടൗണ്‍ ഹാളില്‍ ജില്ലയിലെ കോള്‍പ്പടവ് പ്രതിനിധികളുടെ വാര്‍ഷിക പൊതുയോഗം ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

  കൃഷി, റവന്യു, ഇറിഗേഷന്‍, തദ്ദേശ സ്വയംഭരണം തുടങ്ങി വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ കോള്‍ കൃഷി കൂടുതല്‍ മെച്ചപ്പെടുത്തേണ്ടതുണ്ട്. കൃഷിയില്‍ ജലസേചനത്തിന്റെ പങ്ക് വളരെ പ്രധാനപ്പെട്ടതാണ്. കനാലുകളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനം കാര്യക്ഷമമാക്കേണ്ടത് കോള്‍ നിലങ്ങളില്‍ പ്രധാനമാണെന്നും മന്ത്രി പറഞ്ഞു.

യുവതലമുറയുടെ കാര്‍ഷിക പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനായി ഈ വര്‍ഷം 500 വിദ്യാലയങ്ങളില്‍ കാര്‍ഷിക ക്ലബ്ബുകള്‍ ആരംഭിക്കുമെന്നും ക്ലബ്ബ് പ്രവര്‍ത്തനങ്ങളില്‍ സജീവമാകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വെയിറ്റേജ് മാര്‍ക്ക് നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

സംസ്ഥാനത്തെ മുഴുവന്‍ തരിശുനിലകളും കണ്ടെത്തി പൊതുമേഖല-സ്വകാര്യ മേഖലയുടെ സഹകരണത്തോടെ കൃഷിയോഗ്യമാക്കി തരിശുരഹിത കേരളം സൃഷ്ടിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. തരിശ് സ്ഥലങ്ങള്‍ മാപ്പ് ചെയ്യുന്ന നടപടികള്‍ തുടങ്ങിക്കഴിഞ്ഞുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കര്‍ഷകരെ മണ്ണില്‍ നിലനിര്‍ത്തേണ്ടത് നമ്മുടെ കടമയാണ്. കോള്‍ കൃഷി പൂര്‍ണ്ണതയിലെത്തുവാന്‍ സര്‍ക്കാരിന്റെ എല്ലാ ഇടപെടലുകളും ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

കര്‍ഷകര്‍ ഉന്നയിച്ച വിവിധ വിഷയങ്ങള്‍ക്ക് കൃഷിമന്ത്രി മറുപടി നല്‍കി. കര്‍ഷകരുടെ നിര്‍ദ്ദേശങ്ങളെല്ലാം കുറിപ്പായി നല്‍കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും സര്‍ക്കാരിന്റെ കൃത്യമായ ഇടപെടലുകള്‍ ഇക്കാര്യത്തില്‍ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. നെല്ല് സംഭരണം കാര്യക്ഷമമായി നടത്തുന്നതിനായി ക്യാബിനറ്റ് സബ് കമ്മറ്റി രൂപീകരിച്ചു കഴിഞ്ഞുവെന്നും ഉദ്യോഗസ്ഥയോഗം ചേര്‍ന്നുവെന്നും മന്ത്രി പറഞ്ഞു. നെല്‍കര്‍ഷകര്‍ക്ക് കൊടുക്കാനുള്ള മുഴുവന്‍ തുകയും ഉടനെ നല്‍കുമെന്നും കോള്‍ കൃഷി മെച്ചപ്പെടുത്തുന്നതിന് എന്തെല്ലാം കാര്യങ്ങള്‍ ചെയ്യാമോ അതെല്ലാം ചെയ്യുമെന്നും കേരള അഗ്രികള്‍ച്ചര്‍ യൂണിവേഴ്‌സിറ്റിയുടെ നേതൃത്വത്തില്‍ പ്രത്യേക മിഷന്‍ രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

കോള്‍ കര്‍ഷകരും കര്‍ഷക പ്രതിനിധികളും കോള്‍ മേഖലയിലെ വിവിധ പ്രശ്‌നങ്ങള്‍ അവതരിപ്പിച്ചു. കോള്‍ കര്‍ഷക കൂട്ടായ്മയുടെ തിരഞ്ഞെടുപ്പും നടന്നു.

യുവജനക്ഷേമ, കായിക വകുപ്പ് മന്ത്രി ഒ.ജെ ജനീഷ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കളക്ടര്‍ ശിഖ സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ചെമ്പുകാവ് ഇറിഗേഷന്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എം.എന്‍ സജിത്ത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എം.എല്‍.എ തോമസ് ഉണ്ണിയാടാന്‍, മുന്‍ എം.എല്‍.എ മുരളി പെരുനെല്ലി, ആര്‍ഡിഒ എം.കെ ഇന്ദു, തൃശ്ശൂര്‍ ജില്ലാ കൃഷി ഓഫീസര്‍ നിംബ ഫ്രാന്‍സിസ് ഫ്രാങ്കോ, എല്‍.ആര്‍ ഡെപ്യൂട്ടി കളക്ടര്‍ എ.എം പ്രസന്ന തുടങ്ങിയവര്‍ സംസാരിച്ചു. തൃശ്ശൂര്‍ കോള്‍ കര്‍ഷകര്‍, കര്‍ഷക പ്രതിനിധികള്‍, കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date