Skip to main content

ജോയിന്റ് ഓപ്പറേഷന്‍ സെന്ററിന്റെ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു

കാക്കനാട്: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടലില്‍ അകപ്പെട്ട മത്സ്യത്തൊഴിലാളികളെയും മത്സ്യബന്ധന ബോട്ടുകളെയും കണ്ടെത്തുന്നതിനുള്ള ജോയിന്റ് ഓപ്പറേഷന്‍ സെന്ററിന്റെ ഭാഗമായുള്ള പ്രത്യേക രക്ഷാപ്രവര്‍ത്തന സംഘത്തിന് കൊച്ചി കേന്ദ്രീകരിച്ച് സംസ്ഥാനതല കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു. ഹെല്‍പ്പ് ലൈന്‍ നമ്പര്‍: 7902200300, 7902200400, 0484 2423513. കണ്‍ട്രോള്‍ റൂമില്‍ നിന്ന് സംസ്ഥാനത്തിനകത്തും പുറത്തുമുള്ളവര്‍ക്ക് വിവരങ്ങള്‍ അറിയാം. പോലീസ്, ഫിഷറീസ്, ദുരന്തനിവാരണ അതോറിറ്റി, റവന്യൂ, ആരോഗ്യം, ഫയര്‍ & റെസ്‌ക്യൂ, തമിഴ്‌നാട് സര്‍ക്കാരിന്റെ പ്രതിനിധി എന്നിവരാണ് കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. 

സംസ്ഥാനത്തെയും സംസ്ഥാനത്തിനു പുറത്തു നിന്നുമുള്ള മത്സ്യത്തൊഴിലാളികളെയും ബോട്ടുകളെയും കണ്ടെത്തുന്നതിനുള്ള ഊര്‍ജിത ശ്രമങ്ങളാണ് ജോയിന്റ് ഓപ്പറേഷന്‍ സെന്ററിന്റെ നേതൃത്വത്തില്‍ നടത്തുക. പോലീസ്, റവന്യൂ, ഫിഷറീസ്, കോസ്റ്റ്ഗാര്‍ഡ്, നാവികസേന എന്നിവയില്‍ നിന്നുള്ള അംഗങ്ങളാണ് സംഘത്തിലുള്ളത്. 

 

എറണാകുളം ജനറല്‍ ആശുപത്രിയിലെത്തിച്ച നാല് മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കിയിട്ടുണ്ട്. തിരിച്ചറിയപ്പെടാത്ത മൃതദേഹങ്ങള്‍ ഡിഎന്‍എ പരിശോധനയ്ക്കായി സാംപിള്‍ ശേഖരിച്ചിട്ടുണ്ട്. 12 ടാങ്കറുകളാണ് സെപ്റ്റിക് ടാങ്ക് ക്ലീനിംഗിനായി ശുചിത്വമിഷന്റെ നേതൃത്വത്തില്‍ രംഗത്തിറങ്ങിയത്. 10 ടാങ്കറുകള്‍ ചെല്ലാനം മേഖലയിലും രണ്ടു ടാങ്കറുകള്‍ നായരമ്പലം മേഖലയിലുമാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ആരോഗ്യവകുപ്പ് സൂപ്പര്‍വൈസറുടെ നിര്‍ദേശപ്രകാരമാണ് സെപ്റ്റിക് ടാങ്കറുകള്‍ ശുചീകരണപ്രവര്‍ത്തനം നടത്തുന്നത്. 

 

റോഡ് വശങ്ങളില്‍ ബ്ലീച്ചിംഗ് പൗഡറിനു പകരം കുമ്മായം ഉപയോഗിച്ചായിരിക്കും അണുനശീകരണം. ചെല്ലാനം, എടവനക്കാട് മേഖലകളില്‍ അമ്പതോളം വീടുകളിലെ ടോയ്‌ലെറ്റുകളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. എല്ലാ റേഷന്‍ കടകളിലും അരി ലഭ്യമാക്കിയതായി ജില്ല സപ്ലൈ ഓഫീസര്‍ അറിയിച്ചു. 

 

ജില്ല കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ളയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ദുരന്തബാധിത മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ദുരന്ത നിവാരണ അതോറിറ്റി ഡെപ്യൂട്ടി കളക്ടര്‍ ഷീല ദേവി, ശുചിത്വമിഷന്‍ പ്രോഗ്രാം ഓഫീസര്‍ സിജു തോമസ്, ഹെല്‍ത്ത് ഓഫീസര്‍ ശ്രീനിവാസന്‍, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

തകര്‍ന്ന വീടുകളുടെ കണക്കെടുക്കും

 

കാക്കനാട്: കടല്‍ക്ഷോഭത്തില്‍ പൂര്‍ണ്ണമായോ ഭാഗികമായോ തകര്‍ന്ന വീടുകളെ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കാന്‍ ജില്ല കളക്ടര്‍ നിര്‍ദേശം നല്‍കി. ഇതിനായി പ്രത്യേക സംഘത്തെ നിയോഗിച്ച് വിവരങ്ങള്‍ ശേഖരിക്കും. കടല്‍ക്ഷോഭത്തില്‍ തകര്‍ന്ന വീടുകളുടെ എസ്റ്റിമേറ്റ് തയാറാക്കി നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കും. 

date