Skip to main content

തകര്‍ന്ന റോഡുകളുടെ നിര്‍മ്മാണവും പുലിമുട്ടുകളുടെ നിര്‍മ്മാണവും  അടിയന്തരമായി പൂര്‍ത്തിയാക്കണമെന്ന് സര്‍വകക്ഷിയോഗം

ദുരന്തബാധിത മേഖലയ്ക്കായി പ്രത്യേക പാക്കേജ്

കാക്കനാട്: ഓഖി ചുഴലിക്കാറ്റും കടല്‍ക്ഷോഭവും ദുരിതം വിതച്ച കടലോര മേഖലയ്ക്ക് ആശ്വാസം പകരുന്ന സമഗ്ര സഹായ പാക്കേജ് തയാറാക്കി സര്‍ക്കാരിനു സമര്‍പ്പിക്കാന്‍ എസ്. ശര്‍മ്മ എംഎല്‍എയുടെയും ജില്ല കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ളയുടെയും നേതൃത്വത്തില്‍ കാക്കനാട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗം തീരുമാനിച്ചു. ഡിസംബര്‍ 10,11 തീയതികളില്‍ ജില്ലയിലെത്തുന്ന മുഖ്യമന്ത്രിക്ക് പാക്കേജ് സമര്‍പ്പിക്കുമെന്ന് എംഎല്‍എ പറഞ്ഞു. 

കടല്‍ക്ഷോഭത്തെ തുടര്‍ന്ന് തീരദേശ മേഖലയ്ക്കുണ്ടായ നാശനഷ്ടങ്ങള്‍ക്ക് അടിയന്തിര പരിഹാരം കാണുന്നതിനുള്ള നടപടികളാണ് പാക്കേജില്‍ ഉള്‍പ്പെടുത്തുന്നത്. തീരദേശ മേഖലയുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ തയാറാക്കി സര്‍ക്കാരിനു സമര്‍പ്പിക്കും. കടല്‍ഭിത്തി നിര്‍മ്മാണം, പുലിമുട്ട്, സംരക്ഷണ ഭിത്തി നിര്‍മ്മാണം, കടലാക്രമണത്തില്‍ തകര്‍ന്ന റോഡുകള്‍ അടിയന്തിരമായി പുനര്‍നിര്‍മ്മിക്കുക, വീടുകള്‍ ഭാഗികമായോ പൂര്‍ണ്ണമായോ തകര്‍ന്നവര്‍ക്ക് പുനരധിവാസം ഉറപ്പാക്കല്‍, ജീവനോപാധികള്‍ നഷ്ടപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം എന്നിവ അടിയന്തരമായി നടപ്പാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ജനപ്രതിനിധികളുടെയും പ്രദേശവാസികളുടെയും നിര്‍ദേശങ്ങളും അഭിപ്രായങ്ങളും പരിഗണിച്ച് സമഗ്ര പാക്കേജ് തയാറാക്കി സര്‍ക്കാരിന് സമര്‍പ്പിക്കും. 

കടല്‍ഭിത്തികളുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ജലസേചന വകുപ്പ് പ്രത്യേക പദ്ധതി നിര്‍ദേശം സമര്‍പ്പിക്കണമെന്ന് എംഎല്‍എ യോഗത്തില്‍ ആവശ്യപ്പെട്ടു. വീട് നഷ്ടപ്പെട്ടവര്‍ക്ക് പുനരധിവാസം ഉറപ്പാക്കണം. ഒരാഴ്ചത്തേക്ക് കുടുംബത്തിന് നിശ്ചിത തുക ധനസഹായം നല്‍കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.

വെളിയത്താംപറമ്പ്, എടവനക്കാട്, ആറാട്ടുവഴി തുടങ്ങിയ സ്ഥലങ്ങളില്‍ റോഡുകള്‍ സഞ്ചാരയോഗ്യമല്ലാതായിരിക്കുകയാണ്. വൈപ്പിന്‍-മുനമ്പം തീരദേശ പാതയുടെ നിര്‍മ്മാണത്തിനായി സര്‍ക്കാര്‍ 75 കോടി അനുവദിച്ചിട്ടുണ്ട്. ഇതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. എന്നാല്‍ ഇപ്പോഴുണ്ടായ ദുരന്തത്തെ തുടര്‍ന്ന് തകര്‍ന്ന റോഡുകള്‍ ഉടന്‍ പുനര്‍നിര്‍മ്മിക്കണം. സ്ഥിര പരിഹാരം ആവശ്യമായ വിഷയങ്ങള്‍ മുന്‍ഗണനാക്രമത്തില്‍ തയാറാക്കി പ്രത്യേക പ്രൊപ്പോസല്‍ ആയി സര്‍ക്കാരിന് സമര്‍പ്പിക്കാന്‍ എംഎല്‍എ നിര്‍ദേശം നല്‍കി. 

വീടുകള്‍ തകര്‍ന്നവര്‍ക്ക് വാടകയ്ക്ക് വീടുകള്‍ ഏര്‍പ്പാടാക്കണമെന്ന് ജനപ്രതിനിധികള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. കൂടാതെ കല്‍വെര്‍ട്ടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കണം. 100 മീറ്ററെങ്കിലും ദൂരത്തിലായിരിക്കണം സംരക്ഷണ ഭിത്തി നിര്‍മ്മിക്കേണ്ടത്. പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം. കടലില്‍ നിന്ന് അടിച്ചുകയറുന്ന വെള്ളം ഒഴുകിപ്പോകുന്നതിന് എടത്തോടുകളുടെ ആഴം വര്‍ധിപ്പിക്കണം. കല്‍വെര്‍ട്ടുകളില്‍ നിന്ന് ഒഴുകിയെത്തുന്ന വെള്ളം എടത്തോടുകളിലേക്കാണ്. എന്നാല്‍ മിക്ക എടത്തോടുകളും നികത്തിയ നിലയിലാണ്. ഇതു മൂലം വെള്ളം ഒഴുകിപ്പോകാന്‍ കഴിയാത്ത അവസ്ഥയുണ്ടാകുന്നു. തുടര്‍ന്ന് വേലിയേറ്റ സമയത്ത് വീണ്ടും വെള്ളം കയറുന്ന അവസ്ഥയാണുള്ളത്. കടല്‍ഭിത്തിയുടെ ഉയരവും വീതിയും വര്‍ധിപ്പിക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. കേന്ദ്ര സര്‍ക്കാരിന്റെ സഹായവും ലഭ്യമാക്കണം. അടിയന്തിര സഹായ പ്രവര്‍ത്തനങ്ങള്‍ക്ക് വിവിധ വകുപ്പുകളില്‍ നിന്ന് ഓരോ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തണം. സംരക്ഷണ ഭിത്തി ബലപ്പെടുത്തണം. 

തീരമേഖലയിലെ ഇടുങ്ങിയ റോഡുകളും പാലങ്ങളും വീതി കൂട്ടണം. ദുരന്തമുണ്ടായാല്‍ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുന്നതിനും രക്ഷപെടുന്നതിനും ഇടുങ്ങിയ റോഡുകള്‍ പ്രശ്‌നം സൃഷ്ടിക്കുന്നു. തീരദേശ റോഡിന് പടിഞ്ഞാറ് ഭാഗത്തുള്ളവരെ കിഴക്കന്‍ മേഖലയിലേക്ക് മാറ്റി താമസിപ്പിക്കണമെന്നും ഇവര്‍ക്ക് സര്‍ക്കാര്‍ വീട് നിര്‍മ്മിച്ചു നല്‍കണമെന്നും ആവശ്യമുയര്‍ന്നു. കൊച്ചി, മുനമ്പം അഴിമുഖങ്ങള്‍ വഴി കടലിലേക്ക് പോകുന്ന മത്സ്യബന്ധന ബോട്ടുകളുടെയും മത്സ്യത്തൊഴിലാളികളുടെയും കൃത്യമായ വിവരങ്ങള്‍ ശേഖരിക്കുന്നതിന് പഞ്ചിംഗ് സംവിധാനം ഏര്‍പ്പെടുത്തണമെന്നും യോഗം നിര്‍ദേശിച്ചു. 

മത്സ്യത്തൊഴിലാളികള്‍ക്കായുള്ള ഉപയോഗിക്കാതെ കിടക്കുന്ന ഫണ്ടുകള്‍ പ്രയോജനപ്പെടുത്തണം. ഞാറയ്ക്കലില്‍ 180 മീറ്ററോളം പ്രദേശത്ത് കടല്‍ഭിത്തി തകര്‍ന്നിട്ടുണ്ട്. എടവനക്കാടിനെ പരിസ്ഥിതി ദുര്‍ബല പ്രദേശമായി കണക്കാക്കി യുദ്ധകാലാടിസ്ഥാനത്തില്‍ പദ്ധതി തയാറാക്കണം. തീരദേശ റോഡിലേക്ക് വീണിരിക്കുന്ന വലിയ കല്ലുകള്‍ ഉടന്‍ നീക്കണം. നായരമ്പലത്ത് 37 കല്‍വെര്‍ട്ടുകള്‍ അടഞ്ഞു കിടക്കുകയാണ്. തീരദേശ റോഡുകള്‍ക്ക് കുറുകെ കല്‍വെര്‍ട്ടുകള്‍ നിര്‍മ്മിക്കണം. വാസയോഗ്യമല്ലാത്ത വീടുകളിലുള്ളവര്‍ക്ക് അടിയന്തിരമായി താമസ സൗകര്യം ഏര്‍പ്പെടുത്തണം. 

പുലിമുട്ടിന്റെയും കടല്‍ഭിത്തിയുടെയും നിര്‍മ്മാണത്തിന് പ്രത്യേക പഠനം ആവശ്യമാണ്. ചെന്നൈ ഐഐടിയുമായി ചര്‍ച്ച ചെയ്ത് സാങ്കേതിക വശങ്ങള്‍ തീരുമാനിക്കാമെന്ന് എംഎല്‍എ അറിയിച്ചു. ദുരന്ത നിവാരണ അതോറിറ്റി ഡെപ്യൂട്ടി കളക്ടര്‍ ഷീല ദേവി, തദ്ദേശ സ്ഥാപന ജനപ്രതിനിധികള്‍, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date