റിപ്പബ്ലിക് ദിനാഘോഷം വിപുലമായി ആഘോഷിക്കും
എഴുപതാമത് റിപ്പബ്ളിക് ദിനാഘോഷം വിപുലമായി പൂര്‍ണമായും ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ച് സംഘടിപ്പിക്കുന്നതിന് ജില്ലാ കളക്ടര്‍ പി.ബി നൂഹിന്റെ അധ്യക്ഷതയില്‍ കളക്ട്രേറ്റില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലെയും പൊതുമേഖലാ സ്ഥാചനങ്ങളിലെയും സ്‌ക്കൂളുകളിലെയും ഉദ്യോഗസ്ഥര്‍ റിപ്പബ്ലിക് ദിനാഘോഷ പരിപാടികളില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്നും, ആഘോഷങ്ങളില്‍ ജീവനക്കാരുടെ സാന്നിധ്യം ഉറപ്പാക്കാന്‍ വകുപ്പ് മേധാവികള്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ദിനാഘോഷ പരിപാടിയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ അവരുടെ സ്‌കൂള്‍ വാഹനങ്ങളില്‍ തന്നെ എത്തണമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക് കളക്ടര്‍ നിര്‍ദേശം നല്‍കി. റിഹേഴ്സലില്‍ പങ്കെടുക്കുന്ന ടീമുകളെ മാത്രമേ റിപ്പബ്ലിക് ദിന പരേഡിലും പരിപാടികളിലും പങ്കെടുപ്പിക്കുകയുള്ളൂ.
റിപ്പബ്ലിക് ദിനാഘോഷം പിഴവുകളില്ലാതെ സംഘടിപ്പിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ക്ക് യോഗം രൂപം നല്‍കി.
ആഘോഷപരിപാടികളുടെ ഏകോപനത്തിനായി കോഴഞ്ചേരി തഹസില്‍ദാരെ കളക്ടര്‍ ചുമതലപ്പെടുത്തി. സെറിമോണിയല്‍ പരേഡിന്റെ പരിപൂര്‍ണ ചുമതല എ.ആര്‍ ക്യാമ്പ് അസിസ്റ്റന്റ് കമാന്‍ഡന്റായ കെ.സുരേഷിനാണ്. പൊലീസ് സായുധസേനയുടെ മൂന്ന് വിഭാഗം, എസ്.പി.സിയുടെ ആറ് വിഭാഗം, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്സ് ഏഴ് വിഭാഗം, ജൂനിയര്‍ ആര്‍.സി അഞ്ച് വിഭാഗം, ബാന്‍ഡ് സെറ്റിന്റെ നാല് വിഭാഗവും ,എന്‍.സി.സി, ഫോറസ്റ്റ്, ഫയര്‍ആന്‍ഡ് റെസ്‌ക്യു, എക്സൈസ് എന്നിവയുടെ ഓരോ വിഭാഗവും പരഡില്‍ പങ്കെടുക്കും. ഈ മാസം 22 നും 23 നും ഉച്ചകഴിഞ്ഞ് മൂന്ന് മുതലും 24ന് രാവിലെ ഏഴ് മുതല്‍ മണി മുതല്‍ ജില്ലാ സ്റ്റേഡിയത്തില്‍ റിഹേഴ്സല്‍ നടത്തും. ആദ്യ രണ്ട് ദിവസങ്ങളില്‍ റിഹേഴ്സലിന് എത്തുന്ന കുട്ടികള്‍ക്ക് പത്തനംതിട്ട നഗരസഭയും 24 ന് ജില്ലാ പഞ്ചായത്തും ലഘുഭക്ഷണം ലഭ്യമാക്കും. പരേഡ്ദിവസം രാവിലെ ജില്ലാ സപ്ലൈ ഓഫിസും കുടുംബശ്രീ ജില്ലാ മിഷനും സംയുക്തമായി ലഘുഭക്ഷണം ലഭ്യമാക്കും. റിഹേഴ്സല്‍ ദിവസങ്ങളിലും റിപ്പബ്ലിക് ദിനാഘോഷ വേളയിലും ജില്ലാ സ്റ്റേഡിയത്തില്‍ ആവശ്യമായ കുടിവെള്ളം ലഭ്യമാക്കുന്നതിന് പത്തനംതിട്ട വാട്ടര്‍ അതോറിറ്റി എക്സിക്യുട്ടീവ് എന്‍ജിനീയറെ ചുമതലപ്പെടുത്തി. കൂടാതെ, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂവിന്റെ എല്ലാ സജ്ജീകരണങ്ങളോടും കൂടിയ ഒരു ടീമിന്റെ സേവനവും റിഹേഴ്സല്‍- പരേഡ് ദിവസങ്ങളില്‍ ലഭ്യമാക്കും.
റിപ്പബ്ലിക് ദിനാഘോഷ പരിപാടികള്‍ക്കാവശ്യമായ പന്തല്‍ സല്യൂട്ടിംഗ് ബേസ്, ബാരിക്കേഡ് എന്നിവ പൊതുമരാമത്ത് (കെട്ടിടവിഭാഗം) എക്സിക്യുട്ടീവ് എന്‍ജിനീയുടെ ചുമതലയില്‍ നിര്‍മ്മിക്കും. എംഎല്‍എമാര്‍ മറ്റ് ഒഫിഷ്യലുകള്‍ എന്നിവര്‍ക്കുള്ള ഇരിപ്പിടങ്ങള്‍ മറ്റ് ഇരിപ്പിടങ്ങളില്‍ നിന്നും പ്രത്യേകം തിരിച്ച് ക്രമീകരിക്കും.പൊതുമരാമത്ത് (ഇലക്ട്രിക്കല്‍) അസിസ്റ്റന്റ് എക്സിക്യുട്ടീവ് എന്‍ജിനീയുടെ ചുമതലയില്‍ സ്റ്റേഡിയത്തില്‍ റിപ്പബ്ലിക് ദിനത്തലേന്ന് ആവശ്യമായ വെളിച്ചം ക്രമീകരിക്കും. റിഹേഴ്സല്‍ ദിവസങ്ങളില്‍ ബന്ധപ്പെട്ടവര്‍ക്കുള്ള വാഹനങ്ങളുടെ ക്രമീകരണം ജില്ലാ റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് നിര്‍വഹിക്കും. സാംസ്‌കാരിക പരിപാടി അവതരിപ്പിക്കാന്‍ താത്പര്യമുള്ള സ്‌കൂളുകളുടെ ലിസ്റ്റ് തിരുവല്ല, പത്തനംതിട്ട വിദ്യാഭ്യാസ ഓഫീസര്‍മാര്‍ പതിനഞ്ചിനകം അഡിഷണല്‍ ജില്ലാ മജിസ്ട്രേറ്റിന് നല്‍കണം. റിഹേഴ്സല്‍ ദിനങ്ങളിലും റിപ്പബ്ലിക് ദിനാഘോഷവേളയിലും ആംബുലന്‍സ് സൗകര്യമടക്കമുള്ള മെഡിക്കല്‍ ടീമിന്റെ സേവനം ലഭ്യമാക്കും. ജില്ലാ സ്റ്റേഡിയത്തിലേക്കുള്ള റോഡ് ഗതാഗത യോഗ്യമാക്കുകയും , സ്റ്റേഡിയും ക്രമീകരിക്കുകയും ചെയ്യും. സ്ഥലത്ത് തെരുവുനായ്ക്കളുടെ ശല്യമില്ലാതാക്കാന്‍ കുടുംബശ്രീയെ ചുമതലപ്പെടുത്തി. കൂടാതെ, റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍, പത്തനംതിട്ട, തിരുവല്ല ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ , എസ്.പി.സി ചുമതലയുള്ള ഡിവൈ.എസ്.പി , സ്‌കൗട്ട് ആന്‍ഡ് ഗൈഡ്സ് വിഭാഗം, എന്‍.സി.സി എന്നിവരടങ്ങിയ സബ്കമ്മിറ്റി പതിനേഴിന് ആര്‍.ടി.ഒ ഓഫീസില്‍ ചേരും. ജില്ലാ കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ എ.ഡി.എം പി.ടി ഏബ്രഹാം, പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സിക്യുട്ടീവ് എഞ്ചിനിയര്‍ എസ്. സുധ, കോഴഞ്ചേരി തഹസില്‍ദാര്‍ വി. ജ്യോതി, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ വി.എന്‍. അബൂബക്കര്‍ സിദ്ധിഖ്, എസ്.പി.സി നോഡല്‍ ഓഫീസര്‍ എ.സി ജയപ്രദീപ്, കേരള സ്റ്റേറ്റ് ഭാരത് സ്‌കൗട്ട് ആന്‍ഡ് ഗൈഡ്സ് സെക്രട്ടറി കെ.ബി ലാല്‍, ജില്ലാ എന്‍.സി.സി ഓഫീസര്‍ മുരളീധരന്‍ നായര്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്റ്റേഷന്‍ ഓഫീസര്‍ ബി. വിനോദ് കുമാര്‍, വാട്ടര്‍ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ബി. മനു വിവിധവകുപ്പ്തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. (പിഎന്‍പി 92/19)
- Log in to post comments