ആവശ്യമുള്ളിടത്ത് കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പ് തുറക്കും: മന്ത്രി അനൂപ് ജേക്കബ്
ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പിറവം മണ്ഡലത്തില്‍ ആവശ്യമായിടത്ത് കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കാനും ഭക്ഷ്യധാന്യവും എല്‍പിജിയും ജനറേറ്ററും ഉള്‍പ്പെടെയുള്ള അവശ്യസാധനങ്ങള്‍ ഉറപ്പാക്കാനും നിര്‍ദേശം നല്‍കിയതായി സ്ഥലം എംഎല്‍എയും മന്ത്രിയുമായ അനൂപ് ജേക്കബ് അറിയിച്ചു.
മുവാറ്റുപുഴയാറിന്റെയും കൈവഴികളുടേയും തീരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവരെ അപകടസാധ്യത വിലയിരുത്തി ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിക്കും. മണ്ണിടിച്ചില്‍, വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളില്‍ അടിയന്തര ക്യാമ്പുകള്‍ സജ്ജമാക്കി ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാന്‍ പഞ്ചായത്ത് സെക്രട്ടറിമാരും വില്ലേജ് ഓഫിസര്‍മാരും നടപടി സ്വീകരിക്കും.
ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും എല്ലാവിധ സജ്ജീകരണങ്ങളും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. റവന്യൂ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, മറ്റ് വകുപ്പുകള്‍ എന്നിവയുടെ ഏകോപനത്തോടെ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ കാര്യക്ഷമമായി നടപ്പാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
- Log in to post comments