Skip to main content

ഭക്ഷ്യസുരക്ഷാപരിശോധന കര്‍ശനമായി തുടരും മായംകലര്‍ന്ന ശര്‍ക്കരവില്‍പന പാടില്ല - ജില്ലാ കലക്ടര്‍

ഓണക്കാല പരിശോധനയുടെ ഭാഗമായി ശര്‍ക്കരയില്‍ മായം കലര്‍ന്നത് കണ്ടെത്തിയ പശ്ചാത്തലത്തില്‍ വില്‍പന പാടില്ലെന്ന് മുന്നറിയിപ്പ് നല്‍കി ജില്ലാ കലക്ടര്‍ ആനി ജൂല തോമസ്. പരിശോധനയ്ക്ക് അയച്ച 20 ശര്‍ക്കരസാമ്പിളുകളില്‍ അഞ്ചെണ്ണം കൃത്രിമനിറമുള്ളതായി റിപ്പോര്‍ട്ട് ലഭിച്ചു. ടാര്‍ട്രാസിന്‍, സണ്‍സെറ്റ് യെല്ലോ, ബ്രില്ലിയന്റ് ബ്ലൂ തുടങ്ങിയ നിറങ്ങളാണ് കണ്ടെത്തിയത്. ഇതിന് പിന്നിലുള്ളവര്‍ക്കെതിരെ നിയമനടപടികള്‍ ആരംഭിച്ചു. കൊട്ടിയം, നെടുങ്ങോലം, കുളത്തൂപ്പുഴ, പാരിപ്പള്ളി, വെസ്റ്റ്കല്ലട മേഖലയില്‍നിന്നാണ് മായം കലര്‍ന്നവ കിട്ടിയത്.
ലേബല്‍വിവരംഇല്ലാത്ത ബില്ലുമില്ലാത്ത ശര്‍ക്കര എടുത്ത്‌വില്‍പ്പന നടത്തിയാല്‍ റീട്ടെയില്‍ വ്യാപാരിക്കെതിരെയാകും നടപടി.  ഭക്ഷ്യസുരക്ഷാനിയമ പ്രകാരം ചാക്കുകളില്‍ ഉല്പാദകരുടെ പേര്‌വിവരവും സുരക്ഷാലൈസന്‍സ് നമ്പരും രേഖപ്പെടുത്തേണ്ടതാണ്.
ഉത്സവകാലംകണക്കിലെടുത്ത് ചുമതലപ്പെടുത്തിയതിന്റെഅടിസ്ഥാനത്തില്‍ ഭക്ഷ്യസുരക്ഷവകുപ്പിന്റെ 6 സ്‌ക്വാഡുകള്‍ പരിശോധന നടത്തുകയാണ്. ഭക്ഷ്യസുരക്ഷലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. ഹോട്ടലുകള്‍, പലചരക്ക് കടകള്‍, പച്ചക്കറികടകള്‍, പഴകടകള്‍, തട്ട് കടകള്‍ തുങ്ങിയവയും പരിശോധനാവിധേയമാക്കുന്നുണ്ട്.
ഒരാഴ്ചയ്ക്കുള്ളില്‍ 288 സ്ഥാപനങ്ങള്‍ പരിശോധിച്ചു; 42 എണ്ണത്തിന് ന്യൂനതപരിഹരിക്കുന്നതിനുള്ളനോട്ടീസ് നല്‍കി. 20 സ്ഥാപനങ്ങള്‍ക്ക് പിഴചുമത്തി. 87 ഭക്ഷ്യവസ്തുക്കളുടെ സാമ്പിളുകള്‍പരിശോധനക്ക് അയച്ചു; ഫലം കിട്ടുന്നതോടെ തുടര്‍നടപടികളുണ്ടാകും എന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി.
ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട പരാതികള്‍ക്ക് - 18004251225.
 

date