സംസ്ഥാനതല കൈത്തറി വസ്ത്ര പ്രദർശന വിപണന മേള ഉദ്ഘാടനം ഇന്ന്
നാഷണൽ ഹാൻഡ്ലൂം ഡവലപ്മെൻറ് പ്രോഗ്രാം പദ്ധതിയിലുൾപ്പെടുത്തി സംസ്ഥാന കൈത്തറി വസ്ത്ര ഡയറക്ടറേറ്റ്, ജില്ലാ വ്യവസായ കേന്ദ്രം, ജില്ലാ കൈത്തറി വികസന സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സംസ്ഥാനതല കൈത്തറി വസ്ത്ര പ്രദർശന വിപണന മേള കണ്ണൂർ പോലീസ് മൈതാനിയിൽ ആഗസ്റ്റ് 7 ന് ടി.ഒ മോഹനൻ എംഎൽഎ ഉദ്ഘാടനം ചെയ്യും.
വൈകീട്ട് 3.30 ന് നടക്കുന്ന പരിപാടിയിൽ കോർപ്പറേഷൻ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലിഷ ദീപക് അധ്യക്ഷത വഹിക്കും. കോർപ്പറേഷൻ മേയർ പി. ഇന്ദിര തീം പവലിയൻ ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ബിനോയ് കുര്യൻ ആദ്യവില്പനയും നിർവഹിക്കും. ജില്ലാ കളക്ടർ പി. വിഷ്ണുരാജ് മുഖ്യാതിഥിയാകും. പരിപാടിയിൽ മുതിർന്ന നെയ്ത്തുകാരെ ആദരിക്കും.
മേളയിൽ കേരളത്തിലെയും ഇതര സംസ്ഥാനങ്ങളിലെയും പ്രമുഖ കൈത്തറി സംഘങ്ങൾ, ഹാൻടെക്സ്, ഹാൻവീവ്, കരകൗശല സംഘങ്ങൾ എന്നിവരുടെ 60 ലധികം സ്റ്റാളുകൾ ഉണ്ടാകും.
കേരളത്തിലെ കൈത്തറി സംഘങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് 20 ശതമാനം റിബേറ്റുണ്ട്. കേരളത്തിലെ കൈത്തറി സംഘങ്ങളിൽ നിന്ന് വാങ്ങിയ ഉൽപ്പന്നങ്ങളുടെ ഓരോ 1000 രൂപയുടെ ബില്ലിനും നറുക്കെടുപ്പിലൂടെ ദിവസവും മൂന്നു പേർക്ക് 1000 രൂപ വിലമതിക്കുന്ന കൈത്തറി വസ്ത്രങ്ങൾ സമ്മാനമായി ലഭിക്കും.
- Log in to post comments