കൃഷിനാശം: കുട്ടനാട് ഉൾപ്പെടെയുള്ള പ്രദേശങ്ങൾ കൃഷിമന്ത്രി ടി. സിദ്ദിഖ് ആഗസ്റ്റ് 9-ന് സന്ദർശിക്കും
കൃഷിനാശം സംഭവിച്ച കുട്ടനാട് ഉൾപ്പെടെ ആലപ്പുഴ ജില്ലയിലെ വിവിധ പ്രദേശങ്ങൾ കൃഷിമന്ത്രി ടി. സിദ്ദിഖിൻ്റെ നേതൃത്വത്തിൽ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സംഘം ആഗസ്റ്റ് 9-ന് സന്ദർശിക്കും.
രാവിലെ 10.30-നാണ് മന്ത്രിയുടെ സന്ദർശനം.
ജില്ലയുടെ ചുമതലയുള്ള എക്സൈസ് -സഹകരണ മന്ത്രി എം. ലിജു, എംപിമാർ, എംഎൽഎമാർ, ജില്ലാ കളക്ടർ, കൃഷിവകുപ്പിലെ ഉദ്യോഗസ്ഥർ എന്നിവർ മന്ത്രിയോടൊപ്പം കൃഷിനാശം നേരിട്ട സ്ഥലങ്ങളിലെത്തി സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തും.
തുടർന്ന് കളക്ട്രേറ്റിൽ ജില്ലയിലെ കൃഷിനാശം സംബന്ധിച്ച് അവലോകന യോഗം ചേരും.
*കൃഷിനാശം നേരിട്ട കർഷകർക്ക് പുനഃകൃഷിക്കായി പലിശരഹിത വായ്പ: ബാങ്ക് പ്രതിനിധികളുടെ യോഗം വിളിച്ച് കൃഷി - സഹകരണ വകുപ്പ് മന്ത്രിമാർ*
കൃഷിനാശം നേരിട്ട കർഷകർക്ക് പുനഃകൃഷി നടത്തുന്നതിനായി പലിശരഹിത വായ്പ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന് വിവിധ ബാങ്കുകളുടെ പ്രതിനിധികളുടെ യോഗം കാർഷിക വകുപ്പിന്റെ നേതൃത്വത്തിലും സഹകരണ വകുപ്പിൻ്റെ പങ്കാളിത്തത്തോടെയും ആഗസ്റ്റ് 11-ന് രാവിലെ 10.30-ന് തിരുവനന്തപുരം സെക്രട്ടേറിയറ്റ് അനക്സ് ലയം ഹാളിൽ ചേരുമെന്ന് കൃഷിമന്ത്രി ടി സിദ്ദിക്ക് അറിയിച്ചു.
സഹകരണ വകുപ്പ് മന്ത്രി എം. ലിജുവും യോഗത്തിൽ പങ്കെടുക്കും.
കേരള ബാങ്ക്, നബാർഡ്, ഷെഡ്യൂൾഡ് ബാങ്കുകളുടെ പ്രതിനിധികൾ, സഹകരണ-ധനകാര്യ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, സംസ്ഥാന കാർഷിക സഹകരണ ബാങ്കുകളുടെ പ്രതിനിധികൾ എന്നിവരുൾപ്പെടെ യോഗത്തിൽ പങ്കെടുക്കും.
- Log in to post comments