ശുചിത്വ മിഷൻ ലോകകപ്പ് പ്രവചന മത്സരം: വിജയികളെ പ്രഖ്യാപിച്ചു
ലോകകപ്പ് ഫുട്‌ബോളിനോടനുബന്ധിച്ച് ശുചിത്വ മിഷൻ സംഘടിപ്പിച്ച 'ബിൻവിൻ 2026' ഫുട്‌ബോൾ പ്രവചന മത്സരത്തിലെ വിജയികളെ തിരഞ്ഞെടുത്തു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ. എം. ഷാജിയുടെ ചേംബറിൽ വെച്ച് നടന്ന പരിപാടിയിലാണ് വിജയികളെ പ്രഖ്യാപിച്ചത്. എറണാകുളം സ്വദേശി പ്രിയമോൾ സംസ്ഥാനതല വിജയിയായി.
ശുചിത്വമിഷൻ സാമൂഹ്യമാധ്യമങ്ങൾ വഴി 67,000-ത്തിലധികം പേർ പങ്കെടുത്ത മത്സരത്തിൽ സംസ്ഥാനതല വിജയിക്ക് 25,000 രൂപയും 14 ജില്ലകളിൽ നിന്നുള്ള ഓരോ വിജയിക്കും 5,000 രൂപ വീതവുമാണ് സമ്മാനം. 15 വിജയികളെയും മന്ത്രി അഭിനന്ദിച്ചു.
ഫുട്‌ബോൾ ലോകകപ്പിന്റെ ആവേശം ജനങ്ങളിൽ എത്തിക്കുന്നതിനൊപ്പം മാലിന്യ സംസ്‌കരണത്തെക്കുറിച്ചുള്ള ശാസ്ത്രീയ അവബോധം വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. 2026-ലെ ഖരമാലിന്യ സംസ്‌കരണ ചട്ടങ്ങൾ മുൻനിർത്തി വിഭാവനം ചെയ്ത 'ഗോൾ ചലഞ്ചും' എല്ലാ ജില്ലകളിലും നടന്നു.
ലോകകപ്പ് ഫുട്‌ബോളിനോട് കാണിച്ച ഇതേ ആവേശം നമ്മുടെ നാടിന്റെ ശുചിത്വത്തിനും മാലിന്യസംസ്‌കരണ പ്രവർത്തനങ്ങൾക്കും ഉണ്ടാകേണ്ടതുണ്ടെന്ന് മന്ത്രി കെ. എം. ഷാജി ഓർമ്മിപ്പിച്ചു. മാലിന്യമുക്ത കേരളം എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി സംസ്ഥാന സർക്കാരും തദ്ദേശ സ്വയംഭരണ വകുപ്പും, ശുചിത്വ മിഷനും സംയുക്തമായി നടപ്പിലാക്കുന്ന എല്ലാ പ്രവർത്തനങ്ങൾക്കും പൊതുജനങ്ങളുടെ പൂർണ്ണ പിന്തുണയും സജീവ പങ്കാളിത്തവും തുടർന്നും ഉണ്ടാകണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.
പരിപാടിയിൽ ശുചിത്വ മിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. ബിനു ഫ്രാൻസിസ്, ഡയറക്ടർ ഓഫ് ഓപ്പറേഷൻസ് ജഹാംഗീർ എം, ക്യാമ്പയിൻ കോർഡിനേറ്റർ കബീർ ബി. ഹാറൂൺ എന്നിവർ പങ്കെടുത്തു.
പി.എൻ.എക്‌സ്. 3191/2026
- Log in to post comments