ചെമ്മങ്കടവ് ജി.എം.യു.പി.സ്‌കൂളില്‍ എ.ഐ.റോബോട്ടിക് സെന്റര്‍ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു
കുട്ടികളില്‍ ഡിജിറ്റല്‍ സാക്ഷരത വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ മലപ്പുറത്തെ ചെമ്മങ്കടവ് ജി.എം.യു.പി.സ്‌കൂളില്‍ ആരംഭിക്കുന്ന എ.ഐ.റോബോട്ടിക് സെന്റര്‍ വ്യവസായ-ഐ.ടി.-നിര്‍മ്മിത ബുദ്ധി വകുപ്പ് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി നിര്‍വഹിച്ചു. ചെമ്മങ്കടവ് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് കാലഘട്ടത്തിനനുസരിച്ചുള്ള ആധുനിക വിദ്യാഭ്യാസവും നൂതന സാങ്കേതിക വിദ്യകളും ലഭ്യമാക്കുന്നതിന്റെ ഭാഗമായി റോബോട്ടിക് ലാബ് ഉള്‍പ്പെടെയുള്ള വികസന പദ്ധതികള്‍ നടപ്പിലാക്കുമെന്ന് മന്ത്രി ഉദ്ഘാടന പ്‌സംഗത്തില്‍ പറഞ്ഞു. പരമ്പരാഗത പഠനരീതികളില്‍ നിന്ന് മാറി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും റോബോട്ടിക്‌സും ഉള്‍പ്പെടെയുള്ള സാങ്കേതിക സൗകര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന പഠനാന്തരീക്ഷമാണ് ഇന്നത്തെ കുട്ടികള്‍ക്ക് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. സ്‌കൂളിന്റെ അനുബന്ധ വികസന പ്രവര്‍ത്തനങ്ങള്‍ക്കും ലാബ് സജ്ജീകരണങ്ങള്‍ക്കുമായി വികസന പദ്ധതികളില്‍ നിന്നും ആവശ്യമായ എല്ലാ സാമ്പത്തിക സങ്കേതിക പിന്തുണയും തുടര്‍ന്നും നല്‍കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. നാടിന്റെ വികസനത്തിലും കുട്ടികളുടെ ഭാവി രൂപപ്പെടുത്തുന്നതിലും ജനപ്രതിനിധി എന്ന നിലയില്‍ എന്നും മുന്നിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. റോബോട്ടിക്‌സ് കിറ്റിന്റെ വിതരണവും മന്ത്രി നിര്‍വഹിച്ചു.
ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ.വി.മുഹമ്മദലി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എം.കെ.മുഹസിന്‍, മറ്റ് ജനപ്രതിനിധികള്‍, പി.ടി.എ.പ്രതിനിധികള്‍ എന്നിവര്‍ സംബന്ധിച്ചു. പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ സുമിത്ര ബിനു പദ്ധതി അവതരണം നടത്തി. ഹെഡ്മാസ്റ്റര്‍ ആര്‍. ഗ്ലാഡ്‌സിന്‍ സന്തോഷ് സ്വാഗതവും സീനിയര്‍ അസിസ്റ്റന്റ് ഷാഹിന നന്ദിയും പറഞ്ഞു.
- Log in to post comments