Skip to main content

കുതിരാന്‍ തുരങ്കമുഖത്തെ മണ്ണിടിച്ചില്‍: ജി.എസ്.ഐ വിദഗ്ധസംഘം പരിശോധന നടത്തി

ദേശീയപാത 544-ലെ കുതിരാന്‍ തുരങ്കപ്പാതയുടെ കവാടത്തിന് മുകളിലുണ്ടായ മണ്ണിടിച്ചിലിന്റെ പശ്ചാത്തലത്തില്‍ ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (ജി.എസ്.ഐ) സ്റ്റേറ്റ് യൂണിറ്റ്: കേരള ആൻഡ് ലക്ഷദ്വീപിന്റെ വിദഗ്ധസംഘം സ്ഥലത്ത് സമഗ്രമായ ശാസ്ത്രീയ പരിശോധന നടത്തി.  ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണായ ജില്ലാ കളക്ടർ ശിഖ സുരേന്ദ്രന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സീനിയര്‍ ജിയോളജിസ്റ്റുകളായ എ. രമേശ് കുമാര്‍, നിശാന്ത് എസ്. എന്നിവരടങ്ങുന്ന ജി.എസ്.ഐ സംഘം സ്ഥലത്തെത്തി പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്. ഹസാര്‍ഡ് അനലിസ്റ്റ്, വനം വകുപ്പ് ഉദ്യോഗസ്ഥര്‍, പോലീസ് എന്നിവരും വിദഗ്ധസംഘത്തോടൊപ്പമുണ്ടായിരുന്നു.

തുരങ്കമുഖത്തെയും അതിനുമുകളിലുള്ള കുന്നിന്‍ചെരിവിലെയും നിലവിലെ ചരിവ് സ്ഥിരത, മണ്ണ്-പാറ സ്വഭാവം, ജലനിര്‍ഗ്ഗമന സൗകര്യങ്ങള്‍, ഭാവിയിലുണ്ടാകാന്‍ സാധ്യതയുള്ള അപായസാധ്യതകള്‍ എന്നിവ സംഘം വിശദമായി വിലയിരുത്തി പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ചു. തുടർന്ന് കൂടുതൽ സമഗ്രമായ പഠനത്തിനായി തുരങ്ക നിർമ്മാണ സമയത്ത് തയ്യാറാക്കിയ ഡിസൈൻ രേഖകൾ, ഡി.പി.ആർ, ഭൗമസാങ്കേതിക പഠന റിപ്പോർട്ടുകൾ എന്നിവ നൽകാൻ ബന്ധപ്പെട്ട അധികൃതരോട് സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. ഈ രേഖകൾ കൂടി പരിശോധിച്ച ശേഷം മേഖലയിലെ അപകടസാധ്യത ഇല്ലാതാക്കാനും പ്രദേശം സുരക്ഷിതമാക്കാനുമുള്ള ശാശ്വത പരിഹാര നിർദ്ദേശങ്ങൾ ജി.എസ്.ഐ സർക്കാരിന് സമർപ്പിക്കും.

നേരത്തെ ജിയോളജിസ്റ്റ്, ഹസാർഡ് അനലിസ്റ്റ്, മണ്ണ് സംരക്ഷണ ഓഫീസർ, ഭൂജല-വനം വകുപ്പുകൾ, കേരള വനഗവേഷണ കേന്ദ്രം, തൃശൂർ ഗവ. എഞ്ചിനീയറിംഗ് കോളേജ് തുടങ്ങിയവരിൽ നിന്നുള്ള വിദഗ്ധരടങ്ങിയ സംഘവും പരിശോധന നടത്തി ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വ്യക്തമാക്കിയിരുന്നു.

 

date