Skip to main content

ഓണവിപണിയിൽ നിറസാന്നിധ്യമാകാൻ 201 വിപണനമേളകളുമായി കുടുംബശ്രീ ജില്ലാ മിഷൻ

ഓണവിപണിയിൽ നിറസാന്നിധ്യമാകാനും ഉപഭോക്താക്കൾക്ക് സേവനം നൽകാനുമായി വിപുലമായ ഒരുക്കങ്ങളുമായി കുടുംബശ്രീ തൃശൂർ ജില്ലാ മിഷൻ രംഗത്ത്. “ഓണം കുടുംബശ്രീയോടൊപ്പം” എന്ന ടാഗ് ലൈനോടെയാണ് ഈ വർഷത്തെ ഓണം വിപണന മേളകൾ സംഘടിപ്പിക്കുന്നത്. ജില്ലയിലെ 100 സി.ഡി.എസുകളിൽ രണ്ട് വീതവും ജില്ലാതലത്തിൽ ഒന്നും ഉൾപ്പെടെ ആകെ 201 വിപണന മേളകളാണ് സജ്ജമാക്കുന്നത്. സംരംഭകരുടെ ഉൽപ്പന്നങ്ങൾക്ക് ന്യായവിലയും മികച്ച വിപണിയും ഉറപ്പാക്കുന്നതോടൊപ്പം, വിഷരഹിത ഉൽപ്പന്നങ്ങൾ കുറഞ്ഞ ചെലവിൽ ജനങ്ങളിലേക്ക് എത്തിക്കുകയും എല്ലാ കുടുംബശ്രീ സംരംഭകരെയും മേളയുടെ ഭാഗമാക്കുകയുമാണ് കുടുംബശ്രീ മിഷൻ ഇതിലൂടെ ലക്ഷ്യമിടുന്നത്.

മേളയിൽ കുടുംബശ്രീ സംരംഭകർ ഉൽപ്പാദിപ്പിക്കുന്ന ചിപ്സ്, ശർക്കരവരട്ടി, പായസം മിക്സ് തുടങ്ങിയ ഭക്ഷ്യഉൽപ്പന്നങ്ങൾ, കരകൗശല വസ്തുക്കൾ, കൈത്തറി ഉൽപ്പന്നങ്ങൾ, പരമ്പരാഗത ഓണവിഭവങ്ങൾ, കുടുംബശ്രീ ബ്രാൻഡഡ് കറി പൗഡറുകൾ, ഹെർബൽ പ്രൊഡക്ട്സ്, സോപ്പ്, ടോയ്‌ലറ്ററീസ്, ഹാൻഡി ക്രാഫ്റ്റ് ഉൽപ്പന്നങ്ങൾ എന്നിവ ലഭ്യമാകും. കൂടാതെ കുടുംബശ്രീ ജെ.എൽ.ജി  ഗ്രൂപ്പുകൾ ഉൽപ്പാദിപ്പിക്കുന്ന നാടൻ പച്ചക്കറികൾ, പഴവർഗങ്ങൾ, 'ഓണകനി' പദ്ധതിയുടെ ഭാഗമായുള്ള കാർഷിക വിളകൾ, 'നിറപൊലിമ' പദ്ധതിയുടെ ഭാഗമായി ഉൽപാദിപ്പിക്കുന്ന പൂക്കൾ, പാൽ ഉൽപന്നങ്ങൾ, ശുദ്ധമായ നെയ്യ് തുടങ്ങിയവയും വിൽപ്പനയ്ക്കുണ്ടാകും. ജനങ്ങളെ ആകർഷിക്കുന്നതിനായി പായസമേളകൾ, ലൈവ് ചിപ്സ് സ്റ്റാളുകൾ, അയൽക്കൂട്ടം-ബാലസഭ അംഗങ്ങളുടെ കലാപരിപാടികൾ എന്നിവയും മേളയുടെ ഭാഗമായി ഒരുക്കുന്നുണ്ട്.

date