Skip to main content
a

സംസ്ഥാനത്തെ ആദ്യത്തെ ഐഎസ്ഒ സര്‍ട്ടിഫൈഡ് ജില്ല പൊലീസ് ഓഫീസ് പത്തനംതിട്ടയില്‍ മന്ത്രി രമേശ് ചെന്നിത്തല സര്‍ട്ടിഫിക്കറ്റ് കൈമാറി  

സംസ്ഥാനത്ത് ആദ്യമായി ഐഎസ്ഒ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ച ജില്ല പൊലീസ് ഓഫീസ് എന്ന ബഹുമതി പത്തനംതിട്ടയ്ക്ക്. ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ജില്ല പൊലീസ് മേധാവി ആര്‍ ആനന്ദിന് ഐഎസ്ഒ സര്‍ട്ടിഫിക്കറ്റ് കൈമാറി. പൊതുജനങ്ങള്‍ക്ക് ആവശ്യമായ സേവനം നല്‍കുന്ന നിലവാരം പുലര്‍ത്തുന്ന സ്ഥാപനങ്ങള്‍ക്കാണ് സര്‍ട്ടിഫിക്കേഷന്‍ ലഭിക്കുന്നതെന്ന് പത്തനംതിട്ട ജില്ല പൊലീസ് ആസ്ഥാനത്ത് നടന്ന ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു.  
 ജില്ല പൊലീസ് ഓഫീസില്‍ നടപ്പാക്കിയ വിവിധ പരിഷ്‌കാരങ്ങളുടെയും തുടര്‍ച്ചയായ പ്രവര്‍ത്തനങ്ങളുടെയും ഫലമായാണ് സര്‍ട്ടിഫിക്കേഷന്‍ കരസ്ഥമാക്കിയത്. ഐഎസ്ഒ 10004: 2018 (ക്വാളിറ്റി മാനേജ്മെന്റ് ആന്‍ഡ് കസ്റ്റമര്‍ സാറ്റിസ്ഫാക്ഷന്‍), ഐഎസ്ഒ 9001:2015 (ക്വാളിറ്റി മാനേജ്മെന്റ് സിസ്റ്റം), ഐഎസ്ഒ  14001: 2015 ( എന്‍വയോണ്‍മെന്റ് മാനേജ്മെന്റ് സിസ്റ്റം), 45001: 2018 (ഒക്കുപ്പേഷനല്‍ ഹെല്‍ത്ത് ആന്‍ഡ് സേഫ്റ്റി മാനേജ്മെന്റ് സിസ്റ്റം) എന്നീ നാല് അന്താരാഷ്ട്ര നിലവാര സര്‍ട്ടിഫിക്കേഷനുകള്‍ ലഭിച്ചു. സ്ത്രീ സുരക്ഷ പ്രവര്‍ത്തനം, ഡീ അഡിക്ഷന്‍ കൗണ്‍സിലിംഗ്, പൊലിസ് വേരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് സംവിധാനം, ക്രൈംബ്രാഞ്ച് ഓഫീസ്, പൊതുജനങ്ങള്‍ക്കുള്ള ആധുനിക സൗകര്യം തുടങ്ങിയവ ആസ്ഥാനത്തുണ്ട്.
 സംസ്ഥാനത്തെ ലഹരി വിമുക്തമാക്കാന്‍ ലക്ഷ്യമിട്ട് ആരംഭിച്ച തൂഫാന്‍ പദ്ധതിയുടെ രണ്ടാംഘട്ടം ഉടന്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. കക്ഷി രാഷ്ട്രീയത്തിന് അതീതമായി ഓപ്പറേഷന്‍ തൂഫാന്‍ ജനങ്ങള്‍ ഏറ്റെടുത്തു. വിദ്യാലയങ്ങള്‍, സാമൂഹിക-സാംസ്‌കാരിക സംഘടനകള്‍, ക്ലബ്ബുകള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ടാണ് ആദ്യ ഘട്ടം. രണ്ടാം ഘട്ടത്തില്‍ ത്രിതല പഞ്ചായത്ത് സംവിധാനങ്ങളെ ഭാഗമാക്കും. ഗ്രാമപഞ്ചായത്തുകളില്‍ ജനപ്രതിനിധികളെയും പൊതുജനങ്ങളെയും പങ്കെടുപ്പിച്ച് പദ്ധതി വിപുലമാക്കും. തദ്ദേശ സ്ഥാപനങ്ങളില്‍ തൂഫാന്‍ പതാക ഉയര്‍ത്തും. ഐജി റാങ്കിലെ ഉദ്യോഗസ്ഥനെ നോഡല്‍ ഓഫീസറാക്കി പ്രത്യേക സംവിധാനം രൂപീകരിക്കും.
ഓഗസ്റ്റ് 15 ന് തുടങ്ങുന്ന മൈ പൊലീസ് സ്റ്റേഷന്‍ പദ്ധതിയിലൂടെ വകുപ്പിന്റെ സേവനം കൂടുതല്‍ കാര്യക്ഷമമായി ജനങ്ങളിലെത്തും. പരാതികള്‍ വേഗത്തില്‍ തീര്‍പ്പാക്കും. പൊലീസ് സ്റ്റേഷനുകളിലെ എഫ് ഐ ആര്‍ ഒക്ടോബര്‍ രണ്ട് മുതല്‍ ആഭ്യന്തരമന്ത്രിയുടെ ഓഫീസില്‍ നിന്ന് നിരീക്ഷിക്കാനാകും. പൊലീസ് സ്റ്റേഷന്റെ പ്രവര്‍ത്തനം പദ്ധതിയിലൂടെ കൂടുതല്‍ ജനകീയമാകും. സ്റ്റേഷന്‍ പരിസരത്ത് ഉപയോഗശൂന്യമായി കിടക്കുന്ന വാഹനങ്ങള്‍ ഒഴിവാക്കി  ശുചീകരിക്കും. പരാതിക്കാര്‍ക്ക് കസേര, കുടിവെള്ളം തുടങ്ങി അടിസ്ഥാന സൗകര്യം ഉറപ്പാക്കും.
ആന്റോ ആന്റണി എംപി അധ്യക്ഷനായി. എംഎല്‍എമാരായ അബിന്‍ വര്‍ക്കി, പഴകുളം മധു, സി വി ശാന്തകുമാര്‍, കെ യു ജനീഷ് കുമാര്‍, സംസ്ഥാന പൊലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖര്‍, തിരുവനന്തപുരം റേഞ്ച്  ഡിഐജി ഡോ. ജെ ഹിമേന്ദ്രനാഥ്, പത്തനംതിട്ട നഗരസഭ ചെയര്‍പേഴ്സണ്‍ സിന്ധു അനില്‍, ജില്ല പൊലീസ് മേധാവി ആര്‍ ആനന്ദ്, അഡീഷണല്‍ എസ് പി ആര്‍ ജയരാജ്, ഐഎസ്ഒ പ്രതിനിധി എന്‍ ശ്രീകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

ചിത്രം: 

ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ജില്ല പൊലീസ് മേധാവി ആര്‍ ആനന്ദിന് ഐഎസ്ഒ സര്‍ട്ടിഫിക്കറ്റ് കൈമാറുന്നു

 

date