കോഴഞ്ചേരി പഞ്ചായത്ത് വാര്‍ഷിക പദ്ധതികള്‍ക്ക് ആസൂത്രണ സമിതി അംഗീകാരം
പ്രളയത്തെ അതിജീവിച്ച കോഴഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ 2019-20 വാര്‍ഷിക പദ്ധതികള്‍ക്ക് ആസൂത്രണ സമിതി അംഗീകാരം. പ്രളയാനന്തരം പഞ്ചായത്തിന്റെ സമഗ്രവികസനത്തിന് ഊന്നല്‍ നല്കിക്കൊണ്ടും ഉല്‍പ്പാദനം, സേവനം, പശ്ചാത്തല മേഖലകള്‍ക്ക് പ്രാധാന്യം നല്കികൊണ്ടും രൂപീകരിച്ച 3.33 കോടി രൂപയുടെ പദ്ധതികള്‍ക്കാണ് അംഗീകാരം ലഭിച്ചത്. പ്രളയത്തില്‍ വന്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച പഞ്ചായത്താണ് കോഴഞ്ചേരി. പുനരധിവാസ പ്രവര്‍ത്തനങ്ങളും മാലിന്യനിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളും ഫലപ്രദമായി നടപ്പിലാക്കാന്‍ കഴിഞ്ഞത് പഞ്ചായത്തിന്റെ വലിയ നേട്ടമായി എന്ന് പ്രസിഡന്റ് മിനി ശ്യാംമോഹന് പറഞ്ഞു. പ്രളയത്തെ അതിജീവിച്ച പഞ്ചായത്തിന്റെ സമഗ്രവികസനം ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് പുതിയ സാമ്പത്തിക വര്‍ഷത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും പ്രസിഡന്റ് പറഞ്ഞു. ഉല്‍പ്പാദന മേഖലയില്‍ 35 ലക്ഷം രൂപയുടെ പദ്ധതികളും സേവനമേഖലയില്‍ 1.12 കോടി രൂപയുടെ പദ്ധതികളും പശ്ചാത്തലമേഖലയില്‍ 1.49 ലക്ഷം രൂപയുടെ പദ്ധതികളും ഉള്‍പ്പെടുത്തി ആകെ 2.98 കോടി രൂപയുടെ പദ്ധതികള്‍ പൊതുവിഭാഗത്തിനും പട്ടികജാതി വിഭാഗത്തിന്റെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി 34 ലക്ഷം രൂപയുടെ പദ്ധതികളും രൂപീകരിച്ചിട്ടുണ്ട്. ബയോഡൈവേഴ്സിറ്റി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ബയോഡൈവേഴ്സിറ്റി മാനേജുമെന്റുമായി സഹകരിച്ച് ഒമ്പത് ലക്ഷം രൂപയുടെ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. കുട്ടികളുടെ ശാരീരിക മാനസിക വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കിക്കൊണ്ട് അവധിക്കാല വിജ്ഞാന പരിപാടിയായി അരങ്ങ് എന്ന പേരില്‍ രണ്ട് ലക്ഷം രൂപ വകയിരുത്തി പദ്ധതി രൂപീകരിച്ചിട്ടുണ്ട്. ശിശു സൗഹാര്‍ദ അങ്കണവാടിക്കായി 1.75 ലക്ഷം രൂപ വകയിരുത്തി. സ്ത്രീ വികസന പദ്ധതിയായി സ്ത്രീകളുടെ മാനസിക സമ്മര്‍ദം കുറയ്ക്കുന്നതിന് വനിതകള്‍ക്ക് യോഗ പരിശീലനം എന്ന പദ്ധതിക്കായി 1.30 ലക്ഷം രൂപ വകയിരുത്തി.
(പിഎന്‍പി 95/19)
- Log in to post comments