ഭാവിതലമുറയിൽ ശാസ്ത്ര ഗവേഷണ ബോധം വളർത്താൻ ‘ഷൈൻ’ പരിപാടിയുമായി ഐ..സി.എം.ആർ-എൻ.ഐ.വി കേരള യൂണിറ്റ്
ആലപ്പുഴ: ആരോഗ്യ മേഖലയിലെ ശാസ്ത്ര ഗവേഷണങ്ങളോടും നൂതന ആശയങ്ങളോടും വിദ്യാർത്ഥികളിൽ താൽപര്യവും അവബോധവും വളർത്തുക എന്ന ലക്ഷ്യത്തോടെ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് – നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (ICMR–NIV) കേരള യൂണിറ്റിന്റെ നേതൃത്വത്തിൽ ഷൈൻ ( ‘SHINE – Science and Health Innovation for the Next Gen Explorers’) സന്ദർശന പരിപാടി സംഘടിപ്പിച്ചു.
ആഗസ്റ്റ് 10, 11 തീയതികളിലായി രാവിലെ 9.30 മുതൽ വൈകുന്നേരം 5 മണി വരെ നടന്ന പരിപാടിയിൽ ആലപ്പുഴ ജില്ലയിലെ 10 പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നായി നാല് ബാച്ചുകളിലായി നൂറോളം ഹൈസ്കൂൾ വിദ്യാർത്ഥികളും 16 അധ്യാപകരും പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി ഐ..സി.എം.ആർ-എൻ.ഐ.വി യുടെ പ്രവർത്തനങ്ങൾ, ആരോഗ്യ ഗവേഷണം, വാക്സിൻ വികസനം, മഹാമാരി പ്രതിരോധം തുടങ്ങിയ വിഷയങ്ങളിൽ വിദ്യാർത്ഥികൾക്ക് വിവിധ അവതരണങ്ങളും വീഡിയോ സെഷനുകളും ഒരുക്കി. ഐ..സി.എം.ആർ ഡയറക്ടർ ജനറൽ ഡോ. രാജീവ് ബഹൽ, എൻ.ഐ.വി ഡയറക്ടർ ഡോ. നവീൻ കുമാർ എന്നിവർ ഓൺലൈനായി വിദ്യാർത്ഥികളുമായി സംസാരിച്ചു.
കോവാക്സിൻ, ആരോഗ്യവും ആരോഗ്യ ഗവേഷണവും, വാക്സിനുകളുടെ പ്രാധാന്യവും വികസനവും, ടി.ബി തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കിയുള്ള വീഡിയോ പ്രദർശനങ്ങളും വിഷയാവതരണങ്ങളും പരിപാടിയുടെ ഭാഗമായി നടന്നു.
ലബോറട്ടറി സന്ദർശനവും വിവിധ ശാസ്ത്രീയ ഉപകരണങ്ങളുടെ പ്രദർശനവും വിദ്യാർത്ഥികൾക്ക് ഗവേഷണ പ്രവർത്തനങ്ങളെ നേരിട്ട് മനസ്സിലാക്കുന്നതിനുള്ള അവസരമായി. ശാസ്ത്രജ്ഞരുമായി നേരിട്ടുള്ള ആശയ വിനിമയം സംഘടിപ്പിച്ചു. ഇതൊടൊപ്പം പൊതുജനാരോഗ്യം അതിന്റെ വെല്ലുവിളികൾ ,പരിഹാരം എന്നീ വിഷയവുമായി ബന്ധപെട്ട് സ്‌കൂൾ വിദ്ധാർഥികൾക്കായി ഷൈൻ പ്രോഗ്രാമിൻറെ ഭാഗമായി നടത്തുന്ന പ്രെപ്പോസലുകൾ ഓൺലൈൻ പോർട്ടലിലൂടെ എങ്ങനെ അപേക്ഷിക്കാം എന്ന് പരിചയപ്പെടുത്തി.
തുടർന്ന് വിദ്യാർത്ഥികൾക്കായി ആരോഗ്യവുമായി ബന്ധപ്പെട്ട ക്വിസ് മത്സരം, സർട്ടിഫിക്കറ്റ് വിതരണം എന്നിവയും സംഘടിപ്പിച്ചു. വിജയികൾക്ക് സമ്മാനങ്ങളും പരിപാടിയിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കും അധ്യാപകർക്കും
സർട്ടിഫിക്കറ്റുകളും ക്യാപ്പുകളും വിതരണം ചെയ്തു
- Log in to post comments