Skip to main content

വള്ളംകളി ഇന്ന് ലോകത്തിന്റെയാകെ വികാരം; ഇക്കുറി മത്സരം തീപാറും: ജില്ലാ കളക്ടർ ക്യാപ്റ്റൻസ് ക്ലിനിക് ഉദ്ഘാടനം ചെയ്തു

വള്ളംകളി ആലപ്പുഴയുടെയും കേരളത്തിന്റെയും മാത്രമല്ല, ലോകത്തിന്റെയാകെ വികാരമായി മാറിയെന്നും ഇക്കുറി മത്സരം തീപാറുമെന്നും ജില്ലാ കളക്ടർ ഷാജി വി നായർ പറഞ്ഞു. ആഗസ്റ്റ് 22ന് നടക്കുന്ന 72-ാമത് നെഹ്റുട്രോഫി ജലോത്സവത്തോടനുബന്ധിച്ചുള്ള ക്യാപ്റ്റൻസ് ക്ലിനിക് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മരുമകൻ കഴിഞ്ഞ ദിവസം കേരളത്തിലെത്തിയപ്പോൾ നെഹ്റുട്രോഫി വള്ളംകളിയുടെ ട്രയൽസ് കാണണമെന്ന് ആവശ്യപ്പെട്ടത് വള്ളംകളിയുടെ ഖ്യാതി ലോകമാകെ എത്തിയതിന്റെ തെളിവാണ്. വള്ളംകളി ട്രയൽസ് കാണാൻ മാത്രമായി അദ്ദേഹം എറണാകുളത്ത് നിന്ന് ആലപ്പുഴയിലെത്തി രണ്ട് ട്രയൽസുകൾ കണ്ടാണ് മടങ്ങിയത്. വലിയ പ്രാധാന്യത്തോടെയാണ് ലോകം നെഹ്റുട്രോഫി വള്ളംകളിയെ ഉറ്റുനോക്കുന്നത്. സമ്മാനത്തുക അഞ്ചിരട്ടിയായി ഉയർത്തിയ ഈ വർഷം മത്സരം തീപാറും എന്ന് തന്നെയാണ് കരുതുന്നത്. കാലവർഷത്തിന്റെ ബുദ്ധിമുട്ടുകളുണ്ടായിട്ടും ഒരു വിട്ടുവീഴ്ച്ചയും വരുത്താതെ വളരെ ചിട്ടയോടെയാണ് ഈ വർഷം മുന്നൊരുക്കങ്ങൾ നടത്തിയത്. 22 ചുണ്ടൻ വള്ളങ്ങളടക്കം 71 വള്ളങ്ങളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. നിലവിലുള്ള പെരുമാറ്റചട്ടം ആധുനിക കാലഘട്ടത്തിലെ സാങ്കേതിക വിദ്യകൂടി പ്രയോജനപ്പെടുത്തി കാലോചിതമായി പരിഷ്കരിച്ചിട്ടുണ്ട്. ലോകം ഉറ്റുനോക്കുന്ന നെഹ്റുട്രോഫി വള്ളംകളിയുടെ നിയമങ്ങളും ചട്ടങ്ങളും കൃത്യമായി മനസ്സിലാക്കി പാലിക്കുകയും മത്സരത്തിന്റെ ശോഭകെടുത്തുന്ന അനാവശ്യ തർക്കങ്ങൾ ഒഴിവാക്കി മികച്ച രീതിയിൽ മത്സരം പൂർത്തിയാക്കാൻ എല്ലാവിധ സഹകരണവും ക്യാപ്റ്റന്മാരുടെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്നും ജില്ലാ കളക്ടർ പറഞ്ഞു. 
ആലപ്പുഴ വൈഎംസിഎ ഹാളിൽ മുൻ എംഎൽഎ സി കെ സദാശിവന്റെ അധ്യക്ഷതയിൽ ചേർന്ന ക്ലിനിക്കിൽ വള്ളംകളിയിൽ പാലിക്കേണ്ട നിബന്ധനകൾ വിശദമാക്കുകയും ടീമുകളുടെ ക്യാപ്റ്റന്മാരെ പരിചയപ്പെടുത്തുകയും ചെയ്തു. സ്റ്റാർട്ടിങ് സംവിധാനം മുൻ എംഎൽഎയും സ്റ്റാർട്ടറുമായ കെ കെ ഷാജുവും ഫിനിഷിങ് സംവിധാനങ്ങൾ തോമസും  വിശദീകരിച്ചു.  
എൻടിബിആർ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ആർ കെ കുറുപ്പ്, എസ് എം ഇഖ്ബാൽ, കെ എം അഷറഫ്, മാത്യു ചെറുപറമ്പൻ, എസ് ഗോപാലകൃഷ്ണൻ, കൺവീനറും ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറുമായ പി എസ് വിനോദ്, ബിജിത്ത് ബി, വിവിധ ടീമുകളുടെ ക്യാപ്റ്റൻമാർ, ലീഡിങ് ക്യാപ്റ്റൻമാർ, കമ്മിറ്റി ഭാരവാഹികൾ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
പ്രധാന നിർദ്ദേശങ്ങൾ ചുവടെ.
•    അന്താരാഷ്ട്ര പ്രാധാന്യമുളള ജലകായിക മത്സരമാണ് നെഹ്രുടോഫി വള്ളംകളി. ഇത് മനസ്സിലാക്കി കായികതാരങ്ങളും ജലോത്സവ പ്രേമികളും തികഞ്ഞ അച്ചടക്കം പാലിച്ച് മത്സരം ചിട്ടയായി നടത്തുവാൻ സംഘാടകരോട് സഹകരിക്കണം. ഇതിന് വിരുദ്ധമായി പ്രവർത്തിച്ചാൽ ശക്തമായ നടപടികൾ സ്വീകരിക്കും.
•    സ്റ്റാർട്ടിംഗ് സംവിധാനത്തോട് പൂർണ്ണമായി സഹകരിക്കുക. തുല്യ നീതി ഉറപ്പാക്കാനുള്ള മെക്കനൈസ്ഡ് സംവിധാനം പ്രയോജനപ്പെടുത്തണം. വള്ളങ്ങളുടെ അമരവും ബോയയിൽ ഘടിപ്പിച്ചിരിക്കുന്ന യന്ത്രവുമായി ബന്ധിപ്പിക്കുന്നതിനും വള്ളങ്ങളുടെ ചുണ്ട്/തലമരം റെഡ് സോണിൽ കയറാതെ വൈറ്റ് സോണിൻ്റെ അഗ്രത്ത് ക്രമീകരിക്കുന്നതിനും പൂർണ്ണമായി സഹകരിക്കണം. 
•    ഒരു ബാച്ചിലെ വള്ളം ക്രമീകരിക്കുന്നതിനുള്ള സമയം അഞ്ചു മിനിട്ടാണ്. ഈ നിർദ്ദേശങ്ങളോട് നിസ്സഹരിക്കുന്ന വള്ളങ്ങളെ വള്ളംകളിയിൽ നിന്ന് അയോഗ്യരാക്കി പുറത്താക്കും 
•    സ്റ്റാർട്ടിംഗ് ഫൗളായാൽ സ്റ്റാർട്ടേഴ്‌സ് പവിലിയനിൽ നിന്ന് റെഡ് ഫ്ലാഗ് ഉയർത്തിയും സൈറൺ മുഴക്കിയും ടീം അംഗങ്ങളെ തിരിച്ചു വിളിക്കാനും റീ സ്റ്റാർട്ട് നൽകാനും ചീഫ് സ്റ്റാർട്ടർക്ക് അധികാരം ഉണ്ടായിരിക്കും.  
•    വള്ളങ്ങൾ സ്റ്റാർട്ടിംഗ് പോയൻ്റിൽ കൃത്യമായി ക്രമീകരിക്കുന്നതിനും ചുണ്ട്/തലമരം ഫിനിഷിംഗ് പോയിൻ്റ് ടച്ച് ചെയ്യന്നത് കൃത്യമായി കാണുന്നതിനും വള്ളങ്ങൾക്ക് മുമ്പ് തന്നിരുന്നതു പോലെ നമ്പർ പ്ലേറ്റ് ഇത്തവണ മുതൽ ഉണ്ടാകില്ല. പകരം എൻടിബിആർ നൽകുന്ന സ്റ്റിക്കർ രൂപത്തിലുള്ള നമ്പർ പ്ലേറ്റ് കുമ്പിന് തൊട്ട് പിന്നിൽ പുറത്ത് കാണത്തക്ക വിധം ഇരുവശവും പതിച്ചിരിക്കണം. മറ്റ് വള്ളങ്ങളിൽ തലഭാഗത്തെ ചുരുളിലും, തൊപ്പത്തടിയിലെ ഇരുഭാഗങ്ങളിലും പതിക്കണം. ചുണ്ടൻ വളളങ്ങളുടെ കൂമ്പ് മറയും വിധം ഒന്നും പ്രദർശിപ്പിക്കാൻ പാടില്ല. സ്റ്റാർട്ടിംഗ് പോയിൻ്റിൽ ഫിനിഷിംഗ് പോയിന്റിലെ പോലെ തന്നെ കാമറ സംവിധാനം ഒരുക്കി തുല്യത ഉറപ്പാക്കുന്നതും സുതാര്യമാക്കുന്നതുമാണ്.
•    5. ജഡ്ജസിന്റെ വിധി കൃത്യമായി നടപ്പാക്കുന്നതിനായി മൂന്നു തട്ടില് ഇരിപ്പടം ഒരുക്കി കാഴ്ച വ്യക്തത വരുത്തുന്നതും ഫിനിഷിംഗ് പോയിൻ്റിൽ ഒരേ രൂപത്തിലും വലിപ്പത്തിലുമുളള അഞ്ച് തൂണുകൾ സ്ഥാപിക്കുന്നതാണ്. ഫിനിഷിംഗ് പോയിൻ്റ് ടച്ച് ചെയ്യുന്നത് പകർത്താൻ ഇരുവശവും ക്യാമറ സംവിധാനം ഒരുക്കും. 
•    ഫിനിഷിംഗ് പോയൻ്റ് വെർച്വൽ ലൈൻ ഉപയോഗിച്ചുള്ള ഇൻഡിവിജ്വൽ ടൈമിംഗ് സിസ്റ്റം ക്രമീകരിച്ച് സംശയനിവാരണം വരുത്തും.
•    ടൈമേഴ്‌സ് കൃത്യതയോടെ ടൈം സ്ക്രീനിൽ പ്രദർശിപ്പിക്കുകയും ഫിനിഷിംഗ് പോയിന്റ് ടച്ച് ചെയ്യുന്ന വള്ളങ്ങളുടെ സ്ഥാനക്രമം അനുസരിച്ച് 1,2,3,4 സമയക്രമം കൃത്യമായി ജനം കാണുംവിധം സ്ക്രീനിൽ പ്രദർശിപ്പിക്കുകയും ചെയ്യും.
•    വള്ളങ്ങളുടെ സമയക്രമം ഇനിമുതൽ മിനിട്ടിനും സെക്കൻ്റിനും ശേഷം മില്ലി സെക്കൻ്റായി (3 ഡിജിറ്റ്) നിജപ്പെടുത്തുന്നതാണ്. ഒരേപോലെ ഒന്നിലധികം വള്ളങ്ങൾ ഫിനിഷ് ചെയ്തിട്ടുള്ളതായി കണ്ടാൽ അവയെ ഉൾപ്പെടുത്തി നറുക്കെടുപ്പിലൂടെ വിജയിയെ നിശ്ചയിക്കും. അങ്ങനെ വന്നാൽ ആറ് മാസം വീതം നെഹ്രുട്രോഫി കൈവശം വയ്ക്കാവുന്നതും ആദ്യ ആറ് മാസം ആർക്ക് എന്നത് നറുക്കെടുപ്പിലൂടെ നിശ്ചയിക്കുന്നതുമാണ്. ഒന്നു മുതൽ നാല് വരെയുള്ള ഏതെങ്കിലും വള്ളങ്ങൾ തുല്യമായി വന്നാല് തൊട്ടടുത്ത സ്ഥാനം ഒഴിവാക്കി അടുത്ത സ്ഥാനക്കാർക്ക് നൽകുന്നതാണ്.
•    ജില്ലാകളക്ടർ ഫലപ്രഖ്യാപനം നടത്തിയാൽ എല്ലാ ടീമുകളും അത് അംഗീകരിക്കാന് ബാധ്യസ്ഥരാണ്. ഇത് ചോദ്യം ചെയ്ത് സമ്മാന വിതരണ ചടങ്ങ് അലങ്കോലപ്പെടുത്തുവാന് ശ്രമിക്കുന്നത് ക്രിമിനൽ കുറ്റമായി കണക്കാക്കുന്നതും അതിന് നേതൃത്വം കൊടുക്കുന്ന ടീമിനെയും ക്യാപ്റ്റനെയും അടുത്ത 3 വർഷത്തേക്ക് അയോഗ്യരാക്കുന്നതുമാണ്.
•    ജഡ്‌ജസിന്റെ വിധിയിൽ പരാതിയുള്ളവർക്ക് ജൂറി ഓഫ് അപ്പിലിന് പരാതി നൽകാൻ അവകാശം ഉണ്ടായിരിക്കും. ജൂറി പരാതിയിന്മേൽ ഒരു മാസത്തിനകം തീർപ്പ് കൽപ്പിച്ച് പരാതിക്കാരെ രേഖാമൂലം അറിയിക്കും. 
•    ജയിക്കുന്ന വള്ളങ്ങളുടെ ക്യാപ്റ്റൻ്റമാർ ഉൾപ്പടെ 4 പേർ മാത്രമേ ട്രോഫി ഏറ്റുവാങ്ങുവാൻ വേദിയിലേക്ക് വരേണ്ടതുള്ളു. ഫലപ്രഖ്യാപനം നടത്തിയാൽ അഞ്ചു മിനുറ്റിനുള്ളിൽ ട്രോഫി ഏറ്റുവാങ്ങേണ്ടതാണ്. തുഴയും പങ്കായവുമായി വേദിയിൽ വരാൻ പാടില്ല.
•    ക്യാപ്റ്റൻസ് ക്ലിനിക്കിൽ പങ്കെടുക്കാത്തവരുടെ ബോണസിൽ 50 ശതമാനം കുറവ് വരുത്തും 
•    മത്സരങ്ങളിൽ പങ്കെടുക്കുന്ന ചുണ്ടൻ വള്ളങ്ങളും ചെറുവള്ളങ്ങളും, വനിതാ വള്ളങ്ങളും പരിശീലനം നടത്തുന്നത് അഞ്ച് ദിവസത്തിൽ കുറയാൻ പാടില്ല. 5 ദിവസത്തിൽ കുറവ് മാത്രമേ പരിശീലനം നടത്തിയിട്ടുളളു എന്ന് റിപ്പോർട്ട് കിട്ടിയാൽ ബോണസിൽ മുന്നിൽ ഒന്ന് കുറവ് വരുത്തുന്നതാണ്. 
•    ചുണ്ടൻവളളങ്ങളിൽ 75 തുഴക്കാരിൽ കുറയുവാനും 95 തുഴക്കാരിൽ കൂടുതലാകുവാനും പാടില്ല. 
•    വള്ളംകളിയിൽ പങ്കെടുക്കുന്ന എല്ലാ തുഴച്ചിൽക്കാരും നീന്തൽ പരിശീലനം ലഭിച്ചവരും 18 വയസ്സ് പൂർത്തിയായവരുമായിരിക്കണം. 55 വയസ്സിൽ കൂടുവാനും പാടുള്ളതല്ല. 
•    അശ്ലീല പ്രദർശനവും അച്ചടക്ക ലംഘനവും നടത്തുന്നവർക്ക് 5 വർഷത്തെ വിലക്ക് ഏർപ്പെടുത്തുന്നതായിരിക്കും
•    ചുണ്ടൻ വള്ളങ്ങളിലും മറ്റ് വള്ളങ്ങളിലും ഇതര സംസ്ഥാനക്കാർ ആകെ തുഴച്ചിൽക്കാരുടെ 25 ശതമാനത്തിൽ കൂടുതലാകാൻ പാടില്ല. ഇതിന് വിരുദ്ധമായി തുഴയുന്നതു കണ്ടാൽ വളളത്തെ അയോഗ്യരാക്കും. 
•    മാസ്ഡ്രിൽ പങ്കെടുക്കാത്ത ക്ലബ്ബുകളുടെ ബോണസില് 50 ശതമാനം കുറവ് വരുത്തും. 
•    സ്റ്റാർട്ടിംഗ് സിഗ്നൽ ലഭിച്ചു കഴിഞ്ഞാൽ ആരംഭം മുതല് അവസാനം വരെ അവരവരുടെ ട്രാക്കിൽ കൂടി മാത്രം മത്സരിച്ച് ഫിനിഷിംഗ് പോയിൻ്റിലെ അടയാളം ആദ്യം ടച്ച് ചെയ്യുന്നവരുടെ സമയം അനുസരിച്ച് വിജയിയെ പ്രഖ്യാപിക്കുന്നതാണ്. ട്രാക്ക് മാറുകയോ മത്സരത്തിന് തടസ്സം വരുത്തുന്ന വിധം ഏതെങ്കിലും പ്രവർത്തികൾ ഉണ്ടാക്കുകയോ, ഫിനിഷിംഗ് അടയാളം കൃത്യസമയത്തിനകം കടക്കാതെ വരുകയോ ചെയ്താൽ ടി വള്ളങ്ങളെ അയോഗ്യരാക്കാൻ കമ്മറ്റിയ്ക്ക് അധികാരമുണ്ടായിരിക്കുന്ന താണ്. അവർക്ക് ബോണസ്സിനും അർഹത ഉണ്ടായിരിക്കുന്നതല്ല. 
•    മത്സരത്തിൽ പങ്കെടുക്കുന്ന കളി വള്ളങ്ങളിൽ രാഷ്ട്രീയവും മതപരവുമായി തോന്നാവുന്ന ചിഹ്നങ്ങൾ പ്രദർശിപ്പിക്കാൻ ഒരു കാരണവശാലും അനുവദിക്കുന്നതല്ല. വള്ളങ്ങൾക്ക് തടിയുടെ നിറമോ കുറുപ്പ് നിറമോ മാത്രമേ പാടടളൂ. അല്ലാത്ത വള്ളങ്ങളെ മത്സരത്തിൽ പങ്കെട്ടുക്കാൻ അനുവദിക്കുന്നതല്ല.
•    മത്സര വള്ളങ്ങളിൽ ഉപയോഗിക്കുന്ന പങ്കായങ്ങൾ, ഇടിയൻ എന്നിവ തടികൊണ്ടുളളതും ഇരുന്ന് തുഴയുന്ന തുഴകൾ പനയിൽ നിർമ്മിച്ചതുമായിരിക്കണം.
•    വനിതാ വള്ളങ്ങളിൽ പരമാവധി 5 പുരുഷൻമാർ മാത്രമേ പാടുള്ളു. 
•    ചെറുവളളങ്ങളുടെ പ്രാഥമിക മത്സരങ്ങൾ രാവിലെ 11 മണിക്ക് ആരംഭിക്കുന്നതും 12.30ന് അവസാനിക്കുന്നതുമാണ്. ചുണ്ടൻ വളളങ്ങളുടെ ഹീറ്റ്സിനു ശേഷം ചെറുവള്ളങ്ങളുടെ ഫൈനൽ മത്സരം ആരംഭിക്കും.

date