ഒപ്പം ഒപ്പത്തിനൊപ്പം' ലിംഗപദവി സ്വയംപഠന പ്രക്രിയയുമായി കുടുംബശ്രീ
ലിംഗസമത്വം എന്ന സ്വപ്നത്തിലേക്ക് ഉള്ള ദൂരം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ലിംഗപദവി സ്വയംപഠന പ്രക്രിയയുമായി കുടുംബശ്രീ. സാമൂഹിക അനീതികളെ മറികടക്കാനുള്ള തിരിച്ചറിവിനായാണ് കുടുംബശ്രീ ഇത്തരം ഒരു പഠന പദ്ധതി രൂപീകരിച്ചത്. അധ്യാപന രീതിക്ക് പകരം അയല്‍ക്കൂട്ടങ്ങളില്‍ സജീവ ചര്‍ച്ചകളും സംവാദങ്ങളും നടത്തുന്നതാണ് പഠനരീതി. ഇതിനായി ഓരോ അയല്‍ക്കൂട്ടത്തില്‍ നിന്നും തിരഞ്ഞെടുക്കുന്ന ഒരാള്‍ക്ക് പരിശീലനം നല്‍കും. ഈ അയല്‍ക്കൂട്ടം ഫെസിലിറ്റേറ്റര്‍ ചര്‍ച്ചയും സംവാദവും ഏകോപിപ്പിക്കും. ഇതിനായി 'ലിംഗ പദവി സമത്വവും നീതിയും' എന്ന പഠനസഹായിയും കുടുംബശ്രീ പുറത്തിറക്കി. തെരഞ്ഞെടുക്കുന്ന അയല്‍ക്കൂട്ടം പ്രതിനിധികളെ അന്‍പത് അംഗങ്ങള്‍ ഉള്‍പ്പെടുന്ന സംഘമായി തിരിച്ച് ജില്ലാതലത്തില്‍ പരിശീലനം നല്‍കും. ജനുവരിയില്‍ തുടങ്ങി ജൂണില്‍ പൂര്‍ത്തീകരിക്കും വിധമാണ് ആദ്യ ഘട്ട പഠന പ്രക്രിയ. ഇതിന്റെ ഭാഗമായി കുടുംബശ്രീയുടെ കലാസംഘടന രംഗശ്രീ ജില്ലാ തലത്തില്‍ ലിംഗസമത്വം വിഷയമാക്കിയ നാടകങ്ങള്‍ അവതരിപ്പിക്കും. കൂടാതെ ഗാന രചന, അവതരണം, ഫ്ളാഷ് മോബ് എന്നിവയിലൂടെയും ആശയ പ്രചരണം നടത്തും. (പിഎന്‍പി 102/19)
- Log in to post comments