Skip to main content

അതിരപ്പള്ളി പ്രവേശന കവാട സമുച്ചയം മന്ത്രി ഷിബു ബേബി ജോൺ ഉദ്ഘാടനം ചെയ്യും

അതിരപ്പള്ളി വെള്ളച്ചാട്ടത്തിലേക്കുള്ള പ്രവേശന കവാട സമുച്ചയത്തിന്റെ ഉദ്ഘാടനം ഓഗസ്റ്റ് 17-ന് ഉച്ചയ്ക്ക് 2.30-ന്  വനം-വനജീവി, നൈപുണ്യ വികസന വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ നിർവ്വഹിക്കും. എം.എൽ.എ.യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചാണ് പ്രവേശന കവാട സമുച്ചയം നിർമിച്ചത്. വാഴച്ചാൽ വനവികസന ഏജൻസിയുടെ ഫണ്ട് ഉപയോഗിച്ച് പൂർത്തിയാക്കിയ അതിരപ്പള്ളി വനശ്രീ ഇക്കോ ഷോപ്പിന്റെ ഉദ്ഘാടനവും നവീകരിച്ച വാഴച്ചാൽ വനശ്രീ ഇക്കോ ഷോപ്പിന്റെ സമർപ്പണവും മന്ത്രി നിർവ്വഹിക്കും.

 വാഴച്ചാൽ ജി.ഡബ്ല്യു.എൽ.പി. സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ സനീഷ്കുമാർ ജോസഫ്  എം.എൽ.എ അധ്യക്ഷത വഹിക്കും. ബെന്നി ബെഹനാൻ എം.പി.  വിശിഷ്ടാതിഥിയാകും. അഡീഷണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ഡോ. എൽ. ചന്ദ്രശേഖർ റിപ്പോർട്ട് അവതരിപ്പിക്കും.

അതിരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതീഷ് കുമാർ, തൃശ്ശൂർ ജില്ലാ പഞ്ചായത്തംഗം ഡാർളി പോൾ, ചാലക്കുടി ബ്ലോക്ക് പഞ്ചായത്തംഗം റിജേഷ് കെ.കെ., അതിരപ്പള്ളി ഗ്രാമപഞ്ചായത്തംഗം രമ്യ ബിനു, തൃശ്ശൂർ സെൻട്രൽ സർക്കിൾ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ഡോ. ആർ. ആടലരശൻ, വാഴച്ചാൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ സുരേഷ് ബാബു, ജനപ്രതിനിധികൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.

date