Skip to main content

ഹരിത ഓണം ലോഗോ പ്രകാശനം

ഓണം മാലിന്യരഹിതമായി, പ്രകൃതിക്ക് ദോഷം വരുത്താതെ ആഘോഷിക്കാന്‍ നമുക്കെല്ലാവര്‍ക്കും ഒരുമിച്ച് പ്രതിജ്ഞയെടുക്കാം എന്ന ആഹ്വാനത്തോടെ ഹരിത ഓണം ക്യാമ്പെയ്‌നുമായി ജില്ലാ ശുചിത്വമിഷന്‍. ഇതിന്റെ ഭാഗമായി ഹരിത ഓണം ജില്ലാതല ലോഗോ പ്രകാശനം റോയ്. കെ. പൗലോസ് എം. എല്‍. എ, ജില്ലാ കളക്ടര്‍ ഡോ.  ദിനേശന്‍ ചെറുവാട്ട് എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. ജില്ലാ കളക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ ജില്ലാ ശുചിത്വ മിഷന്‍ കോ ഓഡിനേറ്റര്‍  ഭാഗ്യരാജ് കെ. ആര്‍, ഡി. റ്റി. പി. സി. സെക്രട്ടറി ജിതീഷ് ജോസ് എന്നിവര്‍ പങ്കെടുത്തു.

സമൃദ്ധിയുടെയും സ്‌നേഹത്തിന്റെയും ഒത്തൊരുമയുടെയും സന്ദേശം വിളിച്ചോതി  വന്നെത്തുന്ന ഓണക്കാലത്തെ പരിസ്ഥിതി സൗഹൃദമായി വരവേല്‍ക്കാം. മഴ മാറി, മനവും മാനവും ഒരുപോലെ തെളിഞ്ഞിരിക്കുന്നു. പുത്തന്‍ പ്രതീക്ഷകളും സ്വപ്നങ്ങളും നെയ്തുകൊണ്ട് വന്നെത്തുന്ന ഓണനാളുകളെ വൃത്തിയോടെയും ശുചിത്വബോധത്തോടെയും വരവേല്‍ക്കാം. മാവേലി തമ്പുരാനെ വരവേല്‍ക്കാന്‍ നമ്മുടെ വീടും പരിസരവും മാത്രമല്ല, നാടും നഗരവും തെരുവുകളും പൊതുസ്ഥലങ്ങളും ജലാശയങ്ങളും എല്ലാം വൃത്തിയാക്കാം. ഈ ഓണം ഹരിത ഓണം ആക്കാം.

ആഘോഷങ്ങളും അലങ്കാരങ്ങളും പരിസ്ഥിതി സൗഹൃദമാക്കാം. നിരോധിത പ്ലാസ്റ്റിക്കുകള്‍, ഡിസ്‌പോസബിള്‍ ഗ്ലാസുകള്‍, പാത്രങ്ങള്‍, പ്ലാസ്റ്റിക് കവറുകള്‍, പ്ലാസ്റ്റിക് കൊടി തോരണങ്ങള്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പേപ്പര്‍ പ്ലേറ്റുകള്‍  പേപ്പര്‍ വാഴയില എന്നിവ  പൂര്‍ണ്ണമായും ഒഴിവാക്കി, പകരം വാഴയില, സ്റ്റീല്‍ പാത്രങ്ങള്‍, തുണിസഞ്ചികള്‍, പൂക്കള്‍, കുരുത്തോല എന്നിങ്ങനെ പരിസ്ഥിതി സൗഹൃദ വസ്തുക്കളുടെ ഉപയോഗം ശീലമാക്കാം. സദ്യയും ഓണക്കളികളും മത്സരങ്ങളും എല്ലാം മാലിന്യ രഹിതമാക്കാം. മാലിന്യങ്ങളെ ഉറവിടത്തില്‍ തന്നെ തരം തിരിക്കാം  ഭക്ഷണാവശിഷ്ടങ്ങള്‍ കമ്പോസ്റ്റാക്കാം. അജൈവ  മാലിന്യങ്ങള്‍ ശാസ്ത്രീയ സംസ്‌കരണത്തിന് കൈമാറാം. ശുചിത്വ മിഷന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പിന്തുടരാം.

പൊതുജനങ്ങളും സന്നദ്ധ സംഘടനകളും ക്ലബുകളും സാംസ്‌കാരിക സാമുദായിക സംഘടനകളും സ്ഥാപനങ്ങളും ഓണാഘോഷ പരിപാടികളില്‍ പൂര്‍ണ്ണമായും ഹരിത ചട്ടം കര്‍ശനമായി പാലിച്ച് ഹരിത ഓണം ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകണമെന്നും എംഎല്‍എയും ജില്ലാ കളക്ടറും അഭ്യര്‍ഥിച്ചു
 

date