Skip to main content
a

'ശലഭം 2026' ബഡ്സ് ജില്ലാതല സംഗമവും ഓണാഘോഷവും

ജില്ല കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ 'ശലഭം 2026' ബഡ്സ് ജില്ലാതല സംഗമവും ഓണാഘോഷവും സംഘടിപ്പിച്ചു. പത്തനംതിട്ട അബാന്‍ ഓഡിറ്റോറിയത്തില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ജൂലി സാബു ഓലിക്കല്‍ അധ്യക്ഷയായി. പെരുന്നാട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ സി. ആര്‍. നീന, പത്തനംതിട്ട നഗരസഭ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ആര്‍. ലേഖ,  പത്തനംതിട്ട യൂണിയന്‍ ബാങ്ക് ബ്രാഞ്ച് മാനേജര്‍ എഫ്. ഹരിത, കുടുംബശ്രീ ജില്ല മിഷന്‍ അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ സി. ഡി. ആതിര, എസ്.ഐ.എസ്.ഡി ജില്ല പ്രോഗ്രാം മാനേജര്‍ അനിത കെ നായര്‍ എന്നിവര്‍ പങ്കെടുത്തു.
 ബൗദ്ധിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ വിദ്യാഭ്യാസവും പുനരധിവാസവും ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ബഡ്സ് സ്ഥാപനങ്ങളിലേക്ക് കൂടുതല്‍ കുട്ടികളെ എത്തിക്കുക, രക്ഷിതാക്കള്‍ക്ക് ആവശ്യമായ മാനസിക പിന്തുണ ഉറപ്പാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ബഡ്സ് ഡേ ദിനാചരണം സംഘടിപ്പിക്കുന്നത്. ശാരീരിക ബുദ്ധിമുട്ടുകള്‍ മൂലം ബഡ്സ് സ്ഥാപനങ്ങളില്‍ എത്തിച്ചേരാന്‍ കഴിയാത്ത കുട്ടികളുടെ വീടുകള്‍ ബഡ്സ് സ്ഥാപനങ്ങളിലെ കുട്ടികളും ജീവനക്കാരും സന്ദര്‍ശിച്ച് സൗഹൃദവും പിന്തുണയും പങ്കുവച്ചിരുന്നു. ഒരാഴ്ച നീണ്ടുനിന്ന ബഡ്സ് സ്ഥാപനതല ആഘോഷങ്ങളുടെ സമാപനമായാണ് ജില്ലാതല സംഗമവും ഓണാഘോഷവും സംഘടിപ്പിച്ചത്. ജില്ലയില്‍ 12 ബഡ്സ്, ബി.ആര്‍.സി സ്ഥാപനങ്ങളിലായി 690 കുട്ടികള്‍ സേവനം പ്രയോജനപ്പെടുത്തുന്നു. കുട്ടികളുടെ കഴിവ് വികസിപ്പിക്കുന്നതിനൊപ്പം തൊഴില്‍, ഉപജീവന പരിശീലനങ്ങള്‍ക്കും ബഡ്സ് സ്ഥാപനങ്ങള്‍ മുന്‍ഗണന നല്‍കുന്നു. മലയാളി മങ്ക, മലയാളി ശ്രീമാന്‍ മത്സരങ്ങളും കുട്ടികളുടെ വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു.

ചിത്രം: 

ബഡ്സ് ജില്ലാതല സംഗമവും ഓണാഘോഷത്തിന്റെയും ഉദ്ഘാടനം പത്തനംതിട്ട അബാന്‍ ഓഡിറ്റോറിയത്തില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി നിര്‍വഹിക്കുന്നു

 

date