നിറങ്ങളിൽ വിശ്വരൂപം; കനകക്കുന്നിൽ മഹാവിഷ്ണുവിന്റെ വിസ്മയക്കോലം
ഓണാഘോഷത്തിന്റെ ഭാഗമായി കനകക്കുന്നിൽ ഒരുക്കിയ മഹാവിഷ്ണുവിന്റെ വിശ്വരൂപം കോലമെഴുത്ത് സന്ദർശകരുടെ ശ്രദ്ധ നേടുന്നു. വിവിധ വർണ്ണങ്ങൾ ചാലിച്ചെഴുതിയ ഈ ഭീമൻ രംഗോലി കലാസൃഷ്ടി കാണാനും ചിത്രങ്ങൾ പകർത്താനും വൻ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്.
കുരുക്ഷേത്ര യുദ്ധഭൂമിയിൽ അർജുനന് ശ്രീകൃഷ്ണൻ നൽകിയ വിശ്വരൂപ ദർശനമാണ് കലാസൃഷ്ടിയുടെ പ്രമേയം. വിഷ്ണുവിന്റെ വിവിധ ഭാവങ്ങളും രൂപങ്ങളും ഒരേ ദൃശ്യത്തിൽ സമന്വയിപ്പിച്ചിരിക്കുന്നതാണ് ഇതിന്റെ പ്രത്യേകത. പുരാണസങ്കൽപ്പത്തെ പരമ്പരാഗത കോലമെഴുത്ത് കലാരൂപത്തിലൂടെ അവതരിപ്പിക്കുന്നതിനൊപ്പം ആധുനികമായ നിറവിന്യാസവും ദൃശ്യസങ്കൽപ്പങ്ങളും ഇതിൽ തെളിയുന്നുണ്ട്.
ടൂറിസം വകുപ്പിൽ പ്രവർത്തിക്കുന്ന ഡോ.നിരൂപ സതീഷാണ് ഈ കലാസൃഷ്ടിക്ക് പിന്നിൽ. 28 വർഷമായി കോലമെഴുത്ത് രംഗത്ത് പ്രവർത്തിക്കുന്ന അവർ നാല് ദിവസം കൊണ്ടാണ് കനകക്കുന്നിലെ വിശ്വരൂപം പൂർത്തിയാക്കിയത്.
- Log in to post comments