അരയന്നവും ഹെഡ്ജ് ഹോഗും സ്നാപ്പിങ് ടർട്ടിലും: വിസ്മയമായി അക്വാ പെറ്റ് ഷോ
അപൂർവ്വയിനം പക്ഷികളെയും മൃഗങ്ങളെയും അലങ്കാരമത്സ്യങ്ങളെയും കാണണമെങ്കിൽ കനകക്കുന്നിലേക്ക് പോന്നോളൂ. വിവിധ നിറത്തിലും രൂപത്തിലുമുള്ള അപൂർവ്വ അലങ്കാരമത്സ്യങ്ങളാണ് അക്വാ പെറ്റ് ഷോയിലെ പ്രധാന ആകർഷണം. ഇതിനുപുറമേ, സൗത്ത് അമേരിക്കൻ വംശജനായ ഭീമൻ മക്കാവോ തത്തകൾ, വിവിധയിനം ലൗ ബേർഡ്സ്, കഥകളിൽ മാത്രം കേട്ടുപരിചിതമായ തൂവെള്ള അരയന്നങ്ങൾ, മയിലിനെ പോലെ അഴകുള്ള കാലിഫോർണിയൻ ക്വിൽ, വിവിധയിനം പ്രാവുകൾ, അപൂർവ്വയിനം കോഴികൾ എന്നിവയൊക്കെ പക്ഷിപ്രേമികളുടെ ശ്രദ്ധ നേടുന്നു.
ഇവക്കൊപ്പം വിവിധയിനം പൂച്ചകളും സ്നേഹം ചൊരിയുന്ന നായ്ക്കളും പ്രദർശനത്തിന് എത്തിയിട്ടുണ്ട്. സന്ദർശകർക്ക് കൗതുകമായി ഇഗ്വാന, ഫൈറ്റിങ്ങ് ഗോട്ട്, ഡംബ (ചെമ്മരിയാട്), ബാർബാറി തുടങ്ങിയ അപൂർവ്വയിനം ആടുകൾ എന്നിവയും വേദിയിലുണ്ട്.
ഇവയ്ക്ക് പുറമേ ചെറിയ ഇനം എലിയായ ഡ്വാർഫ് ഹാംസ്റ്റർ, മുള്ളൻപന്നിയായ ഹെഡ്ജ് ഹോഗ്, പച്ചയും മഞ്ഞയും നിറങ്ങളിലുള്ള തവളകൾ, സ്നാപ്പിങ് ടർട്ടിൽ എന്നറിയപ്പെടുന്ന പ്രത്യേകതരം ആമകൾ തുടങ്ങി എണ്ണിയാൽ തീരാത്തത്ര വ്യത്യസ്തയിനം ജീവികളാണ് കനകക്കുന്നിലെ പെറ്റ് ഷോയിൽ കാണികളെ കാത്തിരിക്കുന്നത്.
- Log in to post comments