Skip to main content

കരിഞ്ചന്ത, പുഴ്ത്തിവെയ്പ്പ്, അമിതവില എന്നിവ തടയാനായി  സംയുക്ത സ്ക്വാഡ് പരിശോധന

ഓണത്തിന് മുന്നോടിയായി കരിഞ്ചന്ത, പുഴ്ത്തിവെയ്പ്പ്, അമിതവില ഈടാക്കൽ, മായം ചേർത്ത ഭക്ഷ്യ ധാന്യങ്ങളും ആഹാര പദാർഥങ്ങളും വിൽക്കുന്നത് എന്നിവ തടയുന്നതിൻ്റെ ഭാഗമായി  സംസ്ഥാന ഭക്ഷ്യ പൊതുവിതരണ വകുപ്പ്, ലീഗൽ മെട്രോളജി വകുപ്പ്, ഭക്ഷ്യ സുരക്ഷ വകുപ്പ്, റവന്യൂ വകുപ്പ് എന്നിവരുടെ സംയുക്ത സ്ക്വാഡ് കാർത്തികപ്പളളി താലൂക്കിന്റെ വിവിധ ഭാഗങ്ങളില് പരിശോധന നടത്തി.  

അരി - പലവ്യഞ്ജന മൊത്ത/ചില്ലറ പലചരക്ക് വ്യാപാര ശാലകൾ, പഴം പച്ചക്കറി വിൽപ്പന ശാലകൾ ഹോട്ടൽ/ബേക്കറി /ഫ്രൂട്ട് സ്റ്റാൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി. സംയുക്ത പരിശോധനയിൽ 50 വ്യാപാര സ്ഥാപനങ്ങൾ പരിശോധിച്ചതിൽ 21 ക്രമക്കേടുകൾ കണ്ടെത്തി.  

വില വിവരപ്പട്ടിക പ്രദർശിപ്പിക്കാത്ത വ്യാപാര സ്ഥാപനങ്ങൾക്ക് എതിരെ നടപടി സ്വീകരിക്കാൻ ജില്ലാ കളക്ടർക്ക് റിപ്പോർട്ട് ചെയ്തു.  

നിയമ പ്രകാരമുള്ള പ്രഖ്യാപനങ്ങൾ ഇല്ലാത്തതും, ഫുഡ് സേഫ്റ്റി രജിസ്ട്രേഷൻ ലൈസൻസ് എന്നിവ എടുക്കാത്തതുമായ 8 വ്യാപാരികൾക്ക് എതിരെ നടപടി സ്വീകരിക്കാൻ ഭക്ഷ്യ സുരക്ഷ ആലപ്പുഴ ജില്ലാ ഓഫീസർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. നെയ്യ് , ചിപ്സ്,  പപ്പടം തുടങ്ങിയ സാധനങ്ങളുടെ ശാസ്ത്രീയ പരിശോധനകൾക്കായി 6 സാമ്പിളുകൾ എടുത്തിട്ടുണ്ട്.  
ത്രാസ് സമയത്തിനു പതിപ്പിക്കാതെ അനധികൃതമായി ഉപയോഗിച്ച് കൊണ്ടിരുന്ന 2 വ്യാപാരികൾക്കെതിരെ കാരണം കാണിക്കൽ നോട്ടീസ് നൽകി തുടർ നടപടികൾ സ്വീകരിക്കുന്നതാണ്.  
സ്ക്വാഡ് പ്രവർത്തനത്തിൽ ആലപ്പുഴ ജില്ലാ സപ്ലൈ ഓഫീസർ  എം.ആർ . മനോജ് കുമാർ, താലൂക്ക് സപ്ലൈ ഓഫീസർ ജി ഓമനക്കുട്ടൻ, കാർത്തികപ്പള്ളി താലൂക്ക് ലീഗൽ മെട്രോളജി ഇൻസ്പെക്ടർ  മഹേഷ്, ഡെപ്യുട്ടി തഹസിൽദാർ അനൂപ്, ഫുഡ് സേഫ്റ്റി ഇൻസ്പെക്ടർമാരായ  ഹേമാംബിക,  സൗമ്യ, റേഷനിംഗ് ഓഫീസർമാർ തുടങ്ങിയവർ പങ്കെടുത്തു.  
  

date