Skip to main content

ATAL സ്ഥാപിത ഇൻകുബേഷൻ സെന്ററിൻറെ ഉദ്ഘാടനം സെപ്റ്റംബർ 2ന്

കേരളത്തിന്റെ ഡീപ്-ടെക്, സെമികണ്ടക്ടർ ആവാസവ്യവസ്ഥ ശക്തിപ്പെടുത്തുന്നത് ലക്ഷ്യമിട്ട് സ്ഥാപിക്കുന്ന  ATAL സ്ഥാപിത ഇൻകുബേഷൻ സെന്ററിൻറെ (ATAL EIC) ഉദ്ഘാടനം സെപ്റ്റംബർ 2ന് മുഖ്യമന്ത്രി വി ഡി സതീശൻ നിർവഹിക്കും. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി ആൻഡ് മാനേജ്‌മെന്റ്‌കേരളം (IIITMK) ക്യാംപസിലെ CDAC ഇവൻറ് ഹാളിൽ ഉച്ചതിരിഞ്ഞ് 4 മണിക്കാണ് ചടങ്ങ്.

സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായാണ് ATAL EIC-ന്റെ  ഉദ്ഘാടനം നിർവഹിക്കുന്നത്.  വ്യവസായം, ഐടി, ആർട്ടിഫിഷ്യൽ ഇൻറലിജൻസ് വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി മുഖ്യ അതിഥിയായി പങ്കെടുക്കും. ഉദ്ഘാടന സെഷനിൽ IIITMK ഡയറക്ടർ പ്രൊഫ. അലക്‌സ് ജെയിംസ്, IIITMK ചെയർമാൻ മാധവൻ നമ്പ്യാർ, ഐ.ടി. വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി സാംബശിവ റാവു, ഡിജിറ്റൽ യൂണിവേഴ്‌സിറ്റി കേരള വൈസ് ചാൻസലർ പ്രൊഫ. സജി ഗോപിനാഥ്, നീതി ആയോഗ് അടൽ ഇന്നോവേഷൻ മിഷൻ പ്രോഗ്രാം ഡയറക്ടർ പ്രതീക് ദേശ്മുഖ് എന്നിവർ സംസാരിക്കും.

പരിപാടിയിൽ സെമികോൺ കേരളം, മേക്കർ ഹബ് എന്നിവയുടെ ഉദ്ഘാടനം, ആറ് ധാരണാപത്രങ്ങളുടെ (MoU) കൈമാറ്റം, ഒരു സിമുലേഷൻ പോർട്ടലിന്റെ ഉദ്ഘാടനം, സ്റ്റാർട്ടപ്പുകൾക്ക് CHIPMAT ഗ്രാന്റ് കത്തുകൾ വിതരണം ചെയ്യൽ തുടങ്ങിയവയും നടക്കും. മികച്ച  പ്രോട്ടോടൈപ്പുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന പദ്ധതികൾക്ക് പരമാവധി 40 ലക്ഷം വരെ ഗ്രാന്റ് നൽകുന്ന പിന്തുണാ പരിപാടിയാണ് CHIPMAT.

നീതി ആയോഗിൻറെ അടൽ ഇന്നോവേഷൻ മിഷന് (AIM) കീഴിലാണ്  കേന്ദ്രം സ്ഥാപിക്കുന്നത്. ഗവേഷണം, പ്രോട്ടോടൈപ്പിംഗ്, ഉൽപ്പന്ന പരിശോധന, മാർഗ്ഗനിർദ്ദേശം, വ്യവസായ ബന്ധങ്ങൾ, ഫണ്ടിംഗ്, വാണിജ്യവൽക്കരണ പിന്തുണ എന്നിവയിലൂടെ ഡീപ്-ടെക്, സെമികണ്ടക്ടർ സ്റ്റാർട്ടപ്പുകളെ പിന്തുണയ്ക്കുന്നതിനുള്ള സംയോജിത പ്ലാറ്റ്ഫോമായാണ് കേന്ദ്രം വിഭാവനം ചെയ്തിരിക്കുന്നത്. ഗവേഷണ സ്ഥാപനങ്ങൾ, സ്റ്റാർട്ടപ്പുകൾ, നിക്ഷേപകർ, ദേശീയ ഇന്നോവേഷൻ പ്രോഗ്രാമുകൾ എന്നിവയെ ബന്ധിപ്പിക്കുന്ന വേദിയായാണ് ATAL EIC രൂപകൽപ്പന ചെയ്തിട്ടുള്ളത്.

പി.എൻ.എക്‌സ്. 3496/2026

date