കല്ലൂര്‍ക്കാട് ഗ്രാമപഞ്ചായത്തിന്റെ പുതിയ മന്ദിര നിര്‍മ്മാണത്തിന് തുടക്കമായി.
മൂവാറ്റുപുഴ: കല്ലൂര്‍ക്കാട് ഗ്രാമപഞ്ചായത്തിന്റെ പുതിയ മന്ദിരത്തിന്റെ ശിലാസ്ഥാപനം എല്‍ദോ എബ്രഹാം എം.എല്‍.എ നിര്‍വ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഷീന സണ്ണി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ.റ്റി.എബ്രാഹം, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ലിസ്സി ജോളി, പഞ്ചായത്ത് വൈസ്പ്രസിഡന്റ് സുജിത് ബേബി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ജിജി തോമസ്, റെജി വിന്‍സന്റ്, ആനീസ് ക്ലീറ്റസ്, വാര്‍ഡ് മെമ്പര്‍ ആശ ജിഫി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഷൈജു വര്‍ഗീസ്, വിവിധ കക്ഷി നേതാക്കളായ കെ.കെ.ജയേഷ്, ആന്‍ഡ്രൂസ് വര്‍ക്കി, ജോളി ജോര്‍ജ് നെടുംകല്ലേല്‍, ടോമി ജോണ്‍, മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് ജോയി തോമസ് എന്നിവര്‍ പ്രസംഗിച്ചു. പഞ്ചായത്തിന് പുതിയ മന്ദിരം നിര്‍മിക്കാന്‍ എല്‍ദോ എബ്രഹാം എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നുമാണ് 70-ലക്ഷം രൂപ അനുവദിച്ചിരിക്കുന്നത്. നിലവിലെ പഞ്ചായത്തിന്റെ മുന്‍ഭാഗത്തെ പഴയ കെട്ടിടം പൊളിച്ച് നീക്കിയാണ് പുതിയ പഞ്ചായത്ത് മന്ദിരം നിര്‍മിക്കുന്നത്. ഇവിടെ പ്രവര്‍ത്തിക്കുന്ന പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി അടക്കമുള്ളവരുടെ മുറി, ഫ്രണ്ട് ഓഫീസ്, മെമ്പര്‍മാരുടെ മുറി, റെക്കോഡ് റൂം എന്നിവ സൗകര്യപ്രദമായ സ്ഥലത്തേയ്ക്ക് മാറ്റിയ ശേഷം പഴയ കെട്ടിടം പൊളിച്ച് മാറ്റിയാണ് പുതിയ മന്ദിരം നിര്‍മിക്കുന്നത്. ഹാബിറ്റാറ്റിനാണ് നിര്‍മ്മാണ ചുമതല. 1953-ലാണ് കല്ലൂര്‍ക്കാട് പഞ്ചായത്ത് രൂപീകൃതമായത്. 1953-ല്‍ കല്ലൂര്‍ക്കാട് ടൗണില്‍ വാടകകെട്ടിടത്തില്‍ പഞ്ചായത്ത് ഓഫീസ് പ്രവര്‍ത്തനമാരംഭിക്കുകയായിരുന്നു. 1955-ല്‍ ഇളമ്പാശ്ശേരി ഇല്ലത്ത് നാരായണന്‍ വാസുദേവന്‍ നമ്പൂതിരി സൗജന്യമായി നല്‍കിയ 83-സെന്റ് സ്ഥലത്താണ് നിലവിലെ പഞ്ചായത്ത് കെട്ടിടം നിര്‍മിച്ച് പ്രവര്‍ത്തനമാരംഭിച്ചത്. ഇതിന് ശേഷം 2004-ലാണ് നിലവിലെ പഴയ മന്ദിരത്തിന് പിന്നില്‍ കെട്ടിടം നിര്‍മിച്ചത്. ഈ കെട്ടിടത്തിലാണ് നിലവിലെ എ.ഇ.യുടെ ഓഫീസ്, കുടുംബശ്രീ ഓഫീസ്, പഞ്ചായത്ത് ഓഫീസ്, തൊഴിലുറപ്പ് ഓഫീസ്, പഞ്ചായത്ത് കമ്മിറ്റി ഹാള്‍ എന്നിവ പ്രവര്‍ത്തിക്കുന്നത്. ഈ കെട്ടിടം നിലനിര്‍ത്തിയാണ് പുതിയ മന്ദിരം നിര്‍മിക്കുന്നത്.
- Log in to post comments