പൊക്കാളി കൃഷിയുടെ വികസനത്തിനായി ഈ വർഷം തന്നെ യന്ത്രവൽക്കരണം നടപ്പിലാക്കും : മന്ത്രി വി.എസ് സുനിൽകുമാർ
കൊച്ചി : പൊക്കാളി കൃഷിയുടെ വികസനത്തിനായി ഈ വർഷം തന്നെ യന്ത്രവൽക്കരണം നടപ്പിലാക്കുമെന്ന് കൃഷി വകുപ്പു മന്ത്രി വി എസ് സുനിൽകുമാർ പറഞ്ഞു. കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെയും പൊക്കാളി നിലവികസന ഏജൻസിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ പൊക്കാളി മേഖലയിൽ നിലനിൽക്കുന്ന പ്രശ്നങ്ങളെക്കുറിച്ചും കൃഷി വ്യാപിപ്പിക്കുന്നതിന്റെ ആവശ്യകത സംബന്ധിച്ചും ചർച്ച ചെയ്യുന്നതിനായി സംഘടിപ്പിച്ച ഏകദിന ശില്പശാല ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ സവിശേഷ ആവാസ വ്യവസ്ഥയിലാണ് പൊക്കാളി നെൽകൃഷി ചെയ്യുന്നത്. ഈ പൈതൃക കൃഷിസമ്പ്രദായം സംരക്ഷിക്കേണ്ടത് ആവശ്യമാണ്. ഒരു മീനിന് ഒരു നെല്ല് എന്ന ആശയം മുന്നോട്ട് വയ്ക്കുമ്പോൾ തന്നെ മത്സ്യ കൃഷിയിലേക്ക് മാത്രമായി ചുരുങ്ങുന്ന പരിതസ്ഥിതിയുമുണ്ട്. മത്സ്യകൃഷിക്ക് വേണ്ടി പൊക്കാളി കൃഷി ചെയ്യുന്ന പ്രവണത അവസാനിപ്പിക്കണം. പൊക്കാളി കൃഷിയോടൊപ്പം തന്നെ മീൻ കൃഷിയും ചെയ്യണം. യാതൊരു രാസവളപ്രയോഗവും ഇല്ലാത്തതും പോഷകസമൃദ്ധവും ഔഷധഗുണമുള്ള പ്രകൃതിദത്ത വിളയാണ് പൊക്കാളി. ഉൽപാദനം കുറവാണെങ്കിലും പൊക്കാളി കൃഷിയുടെ മൂല്യം കൂടുതലാണ്. കാർഷിക കലണ്ടർ ചിട്ടയോടുകൂടി പാലിക്കണം. ഉൽപ്പാദനം വർധിപ്പിച്ച് കയറ്റുമതി ചെയ്യത്തക്ക രീതിയിൽ കൃഷിയെ പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു
കോതാട് തിരുഹൃദയ ദേവാലയ പാരിഷ് ഹാളിൽ നടന്ന ശില്പശാലയിൽ തൃശ്ശൂർ, ആലപ്പുഴ ,എറണാകുളം ജില്ലകളിലെ പൊക്കാളി മേഖലയിലെ ജനപ്രതിനിധികളും കർഷകരും വിവിധ വകുപ്പിലെ ഉദ്യോഗസ്ഥരും ശില്പശാലയിൽ പങ്കെടുത്തു. ശില്പശാലയിൽ നടക്കുന്ന ചർച്ചയിൽ നിന്നും ഉരുത്തിരിയുന്ന ആശയങ്ങൾ ഉൾപ്പെടുത്തി റിപ്പോർട്ട് തയ്യാറാക്കി ഗവൺമെന്റിന് സമർപ്പിക്കും. ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫീറുള്ള പദ്ധതി വിശദീകരണം നടത്തി.
കെ.വി. തോമസ് എം.പി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ ആൻറണി, വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ. കെ.കെ. ജോഷി, കടമക്കുടി പഞ്ചായത്ത് പ്രസിഡൻറ് ശാലിനി ബാബു, പൊക്കാളി നിലവികസന ഏജൻസി വൈസ് ചെയർമാൻ കെഎം ദിനകരൻ , ജില്ലാ കൃഷി ഓഫീസർ ആശ രവി , അസിസ്റ്റൻറ് കൃഷി ഡയറക്ടർ ബിൻസി അബ്രഹാം തുടങ്ങിയവർ പങ്കെടുത്തു. പൊക്കാളി കൃഷിയും അനുബന്ധ മേഖലയും എന്ന വിഷയത്തിൽ കേരള കാർഷിക സർവ്വകലാശാല ആർ ആർ എസ് ഹെഡ് ഡോ. ഷൈല രാജ് , സിഎംഎഫ്ആർഐ ഡയറക്ടർ
ഗോപാലകൃഷ്ണൻ, കൃഷിവിജ്ഞാൻ കേന്ദ്രം സീനിയർ സയന്റിസ്റ്റ് ഡോ. ഷിനോജ് സുബ്രഹ്മണ്യം പ്രബന്ധം അവതരിപ്പിച്ചു. തുടർന്ന് നടന്ന ചർച്ചകൾക്ക് കൃഷി അഡീഷണൽ ഡയറക്ടർ ചന്ദ്രമതി പി ജി, തൃശ്ശൂർ കെ എസ് എസ് ടി എ കൃഷി അഡീഷണൽ ഡയറക്ടർ എം എസ് ജയ, അഡാക്ക് എക്സിക്യൂട്ടീവ് ഡയറക്ടർ എസ് ജയൻ, യുബിഐ ലീഡ് ബാങ്ക് മാനേജർ സതീഷ്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ എസ്. മഹേഷ്, ജില്ലാ സോയിൽ കൺസർവേഷൻ ഓഫീസർ അനുരാധ ബി.എസ് എന്നിവർ നേതൃത്വം നൽകി. വിവിധ ഉദ്യോഗസ്ഥർ, കർഷക പ്രതിനിധികൾ, കർഷകത്തൊഴിലാളികൾ , കർഷക ത്തൊഴിലാളി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. ശില്പശാല യോടനുബന്ധിച്ച് വിവിധ കാർഷികയന്ത്രങ്ങൾ, വിത്തുകൾ കാർഷിക ഉത്പന്നങ്ങൾ എന്നിവയുടെ പ്രദർശനവും വില്പനയും നടന്നു.
- Log in to post comments