Skip to main content

ഇതര സംസ്ഥാന തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്തും: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി

 

ജില്ലയിലെ വിവിധ മേഖലകളില്‍ തൊഴിലെടുക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ ആരോഗ്യ പരിരക്ഷയും സുരക്ഷയും ഉറപ്പു വരുത്താന്‍ പരമാവധി സഹായങ്ങള്‍ ചെയ്യുന്നതിന് ജില്ലാ പഞ്ചായത്ത് മുന്‍ഗണന നല്‍കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി. ഇതരസംസ്ഥാന തൊഴിലാളികളുടെ ആരോഗ്യ ഇന്‍ഷ്വറന്‍സ് 'ആവാസ്' പദ്ധതിയുടെ ഉദ്ഘാടനം നാട്ടകം പാരഗണ്‍ പോളിമേഴ്‌സ് പ്രൊഡക്ടസ്് കമ്പനി കോമ്പൗണ്ടില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതരസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ എയ്ഡ്‌സ് അടക്കമുളള രോഗങ്ങള്‍ ഉളളവരുണ്ടെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ രക്തപരിശോധനയും മെഡിക്കല്‍ ക്യാമ്പും അടക്കമുളളവ ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് നടപ്പിലാക്കി വരുന്നതായും ഇതിന്റെ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലാമെഡിക്കല്‍ ഓഫീസറെ ചുമതലപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ എഡിഎംകെ. രാജന്‍ അദ്ധ്യക്ഷത വഹിച്ചു. പ്രഥമ ആവാസ് കാര്‍ഡ് വിതരണം ജില്ലാ പോലീസ് മേധാവി വി.എം. മുഹമ്മദ് റഫീക്ക് നിര്‍വഹിച്ചു. ജില്ല ലേബര്‍ ഓഫീസര്‍ ആര്‍. ഗോപകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. നഗരസഭാ കൗണ്‍സിലര്‍ പി.ആര്‍ സുരേഷ് ബാബു, എന്‍.ജിനാരായണന്‍, ബൈജു ജനാര്‍ദ്ദനന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ ലേബര്‍ ഓഫീസര്‍ പി. രഘുനാഥ് സ്വാഗതവും അസി. ലേബര്‍ ഓഫീസര്‍ സുരാജ് എസ് നന്ദിയും പറഞ്ഞു. ഇതര സംസ്ഥാന തൊഴിലാളികളുടെ ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച പദ്ധതിയിലൂടെ 15,000 രൂപയുടെ ചികിത്സാ സഹായവും 2 ലക്ഷം രൂപയുടെ അപകട മരണ ഇന്‍ഷുറന്‍സ് പരിരക്ഷയും അപകടത്തില്‍ പൂര്‍ണ്ണമായി അംഗവൈകല്യം സംഭവിച്ചാല്‍ ഒരുലക്ഷം രൂപയും ആവാസ് ഉറപ്പു നല്‍കുന്നു. ഇന്ത്യയില്‍ തന്നെ ഇത്തരമൊരു സംരഭം ആദ്യമായിട്ടാണ് നടപ്പിലാക്കുന്നത്.

                                                     (കെ.ഐ.ഒ.പി.ആര്‍-2069/17)

date