ദേശീയപാതയിലെ സുരക്ഷ: സംയുക്ത പരിശോധന ഇന്ന് മുതൽ -പരിശോധന മൂന്നു സ്ഥലങ്ങളിലായി ഇന്ന് ആരംഭിക്കും
തൃശൂർ ദേശീയപാതയിൽ ഉണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ ദേശീയപാത മേഖലയുടെ സുരക്ഷ വിലയിരുത്താൻ ഇന്ന് മുതൽ (8) ജില്ലയുടെ വിവിദ ഭാഗങ്ങളിൽ സൂരക്ഷാ പരിശോധന നടത്താൻ ജില്ലാ കളക്ടർ ഷാജി വി നായരുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. ചൊവ്വാഴ്ച രാവിലെ 9 മുതൽ മൂന്നു ഇടങ്ങളിൽ നിന്ന് കർമ സേനകളുടെ പരിശോധന ആരംഭിക്കാനും തീരുമാനിച്ചു. ആദ്യ ടീം അരൂർ മുതൽ തെക്കോട്ടും രണ്ടാമത്തെ ടീം തോട്ടപ്പള്ളി മുതൽ വടക്കോട്ടും മൂന്നാമത്തെ ടീം ഓച്ചിറ മുതൽ വടക്കോട്ടും പരിശോധന നടത്തും.
എല്ലാ ആഴ്ചയതും വിവിധ വകുപ്പുകൾ അടങ്ങുന്ന ടാസ്ക് ഫോഴ്സ് പരിശോധനകൾ നടത്തുമെന്ന് ജില്ലാ കളക്ടർ ഷാജി വി നായർ അറിയിച്ചു. സുരക്ഷാസംവിധാനങ്ങൾ വിലയിരുത്താൻ കലക്ട്രേറ്റിൽ പ്രത്യേക യോഗം ചേരുകയായിരുന്നു. സുപ്രീം കോടതിയുടെ നിർദേശ പ്രകാരം രൂപീകരിച്ച ടാസ്ക് ഫോഴ്സുകളും ഇൻസ്പെക്ഷൻ സംഘങ്ങളും അനധികൃത പാർക്കിംഗ്, കൈയേറ്റങ്ങൾ, നിർമാണത്തിന് ശേഷവും നിലനിർത്തിയിരിക്കുന്ന ബാരിക്കേഡുകൾ എന്നിവ കണ്ടെത്തി ഉടൻ മാറ്റുമെന്നും നിലവിലെ സുരക്ഷാ സംവിധാനങ്ങൾ മെച്ചപ്പെടുത്താൻ നടപടി സ്വീകരിക്കുമെന്നും ജില്ലാ കലക്ടർ പറഞ്ഞു. മാസത്തിലൊരിക്കൽ പ്രവർത്തനപുരോഗതി വിലയിരുത്തുന്നതിന് യോഗവും ചേരും.
ജില്ലയിൽ ദേശീയപാത കടന്നുപോകുന്ന 94 കിലോമീറ്ററിലും പരിശോധന നടത്തും. ചേർത്തല, അമ്പലപ്പുഴ, കാർത്തികപ്പള്ളി എന്നീ താലൂക്കുകൾ കേന്ദ്രീകരിച്ച് 3 ടാസ്ക് ഫോഴ്സുകൾ രൂപീകരിച്ചു. ആർ ടി ഓ എൻഫോഴ്സ്മെന്റ് ആണ് ടാസ്ക് ഫോഴ്സുകളുടെ കൺവീനർ. ജില്ലാ പോലീസ് മേധാവി, ദേശീയ പാത പ്രൊജക്റ്റ് ഡയറക്ടർ, മൂന്ന് താലൂക്കുകളിലെയും ഡെപ്യൂട്ടി തഹസിൽദാർമാർ, തദ്ദേശസ്വയൻഭരണ വകുപ്പ്, കെ എസ് ഇ ബി എന്നീ വകുപ്പുകളുടെ പ്രതിനിധികൾ ടാസ്ക് ഫോഴ്സിൽ അംഗങ്ങളാകും. ദിശാസൂചക ബോർഡുകൾ, ആവശ്യമായ പ്രകാശസംവിധാനങ്ങൾ എന്നിവ ഉറപ്പാക്കുകയും ആവശ്യമായ ഇടങ്ങളിൽ കൂടുതൽ അപകടനിവാരണ സംവിധാനങ്ങൾ ഏർപ്പെടുത്തുകയും ചെയ്യും. അപകട മേഖലകളിലും പ്രധാന ജംഗ്ഷനുകളിലും കൂടുതൽ ദിശാസൂചക ബോർഡുകളും വേഗ നിയന്ത്രണ സംവിധാനങ്ങളും ഉറപ്പാക്കും. സർവീസ് റോഡുകളിലും ദേശീയപാതയുടെ വശങ്ങളിലും അനധികൃത ഭക്ഷ്യവ്യാപാര കേന്ദ്രങ്ങൾ അടക്കമുള്ള എല്ലാ കൈയേറ്റങ്ങളും ഒഴിപ്പിക്കും. കൊമ്മാടി ബൈപാസ്, കൃപാസനം, കളർകോട് അണ്ടർപാസ്സ് എന്നിവിടങ്ങളിലെ അനധികൃത പാർക്കിങ്ങിനെതിരെ ശക്തമായ നടപടി സ്വീകരിക്കും. മറ്റിടങ്ങളിൽ
ഗതാഗതം തടസപ്പെടുത്തുന്ന തരത്തിൽ വാഹന പാർക്കിംഗ് ഒഴിവാക്കും.
നിർമാണം പുരോഗമിക്കുന്ന ഇടങ്ങളിൽ താത്കാലിക പ്രകാശ സംവിധാനം ഒരുക്കാൻ തദ്ദേശസ്വയംഭരണ വകുപിന് നിർദേശം നൽകിയിട്ടുണ്ട്. പണം ദേശീയ പാത അതോറിറ്റി നൽകും. അപകടങ്ങളുണ്ടായാൽ ദുരന്തനിവാരണം കൂടുതൽ വേഗത്തിലാക്കാൻ ദേശീയപാത അതോറിറ്റിയുമായി ചേർന്ന് പ്രത്യേക സംവിധാനമൊരുക്കാനും 24 മണിക്കൂറും പ്രവർത്തനസജ്ജമായ നിരീക്ഷണ സംവിധാനം ഏർപെടുത്താനും യോഗത്തിൽ ധാരണയായി.
എ ഡി എം സി പ്രേംജി, സബ് കളക്ടർ ഡോ സി ശിവ ശക്തിവേൽ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, ദേശീയ പാത അതോറിട്ടിയുടെ ഉന്നത അധികാരികൾ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments