Skip to main content
കടന്നപ്പള്ളി പാണപ്പുഴ ഡബിൾ ചേംബർ ഇൻസിനറേറ്റർ : ജനങ്ങളുടെ ആശങ്കയകറ്റും; ജില്ലാ കലക്ടർ

കടന്നപ്പള്ളി പാണപ്പുഴ ഡബിൾ ചേംബർ ഇൻസിനറേറ്റർ : ജനങ്ങളുടെ ആശങ്കയകറ്റും; ജില്ലാ കലക്ടർ

 

പയ്യന്നൂർ താലൂക്കിലെ കടന്നപ്പള്ളി പാണപ്പുഴ ഗ്രാമ പഞ്ചായത്തിൽ മാലിന്യ മുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി സാനിറ്ററി മാലിന്യ സംസ്കരണത്തിന് ഡബിൾ ചേംബർ ഇൻസിനറേറ്റർ സ്ഥാപിക്കുന്നത് സംബന്ധിച്ച് പൊതുജനങ്ങളുടെ ആശങ്കയകറ്റാൻ പ്രത്യേക യോഗം വിളിച്ച് ചേർക്കുമെന്ന് ജില്ലാ കലക്ടർ പി വിഷ്ണുരാജിൻ്റെ നേതൃത്വത്തിൽ ചേർന്ന സർവ്വകക്ഷി യോഗത്തിൽ തീരുമാനമായി.  യോഗ തീയതി പിന്നീട് അറിയിക്കും.  

തദ്ദേശ സ്വയംഭരണ വകുപ്പിന് ലഭിച്ച അമ്പത് സെൻ്റ് ഭൂമിയിലാണ് അത്യാധുനിക സംവിധാനങ്ങളോടെ ക്ലീൻ കേരള കമ്പനിയുടെ നേതൃത്വത്തിൽ ഡബിൾ ചേംബർ ഇൻസിനറേറ്റർ സ്ഥാപിക്കുന്നത്.

പദ്ധതി സംബന്ധിച്ച് പൊതുജനങ്ങൾക്കുള്ള ആശങ്കയകറ്റാൻ ഭരണകൂടം ഇടപെടണമെന്ന് യോഗത്തിൽ പങ്കെടുത്ത രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ആവശ്യപ്പെട്ടു.  പദ്ധതി സംബന്ധിച്ച് ക്ലീൻ കേരള കമ്പനി പ്രതിനിധി ഫൗസിയ ജലാലുദ്ധീൻ വിശദീകരിച്ചു.  ഒരു ദിവസം ഇരുപത് ടൺ സാനിറ്ററി മാലിന്യം രണ്ട് ചേംബറുകളിലൂടെ അത്യുഷ്മാവിൽ എരിയിച്ച് കളയുന്നതാണ് പദ്ധതി.  അന്തരീക്ഷ മലിനീകരണം, മറ്റ് തരത്തിലുള്ള മലിനീകരണ പ്രശ്നങ്ങൾ എന്നിവ തടയാനുതകും വിധമാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.

പദ്ധതി സംബന്ധിച്ച് പ്രദേശവാസികളുടെ ആശങ്കകൾ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പങ്കുവച്ചു.  പരിയാരം മെഡിക്കൽ കോളേജിലെ സീവേജ് പ്ലാൻ്റുമായി ബന്ധപ്പെട്ട പ്രശ്നവും സാനിറ്ററി മാലിന്യ സംസ്കരണ പദ്ധതിയും തമ്മിൽ കൂട്ടിക്കുഴയ്ക്കരുതെന്നും ഇരു പ്രശ്നങ്ങളിലും  ജില്ലാ ഭരണകൂടത്തിൻ്റെ ഇടപെടൽ ഉണ്ടാകുമെന്നും ജില്ലാ കലക്ടർ പി വിഷ്ണുരാജ് ഉറപ്പ് നൽകി.  സീവേജ് പ്ലാൻ്റുമായി ബന്ധപ്പെട്ട പ്രശ്നം പ്രത്യേകമായി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സാനിറ്ററി മാലിന്യ സംസ്കരണ പദ്ധതി സംബന്ധിച്ച് പൊതുജനങ്ങളുടെ ആശങ്കയകറ്റാൻ ജില്ലാ ഭരണകൂടം പ്രതിജ്ഞാബന്ധമാണെന്നും സമവായ വിശദീകരണ യോഗം വിളിച്ച് ചേർക്കുമെന്നും ജില്ലാ കലക്ടർ അറിയിച്ചു.  അസിസ്റ്റൻ്റ് കലക്ടർ എസ് സ്വാതി, കടന്നപ്പള്ളി പാണപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി വി ചന്ദ്രൻ, വൈസ് പ്രസിഡൻ്റ് വി എ കോമളവല്ലി, സ്ഥിരം സമിതി ചെയർമാൻ ടിവി മോഹനൻ, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിൻ്റ് ഡയറക്ടർ പി എം ധനീഷ്, മറ്റ് രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

date