Skip to main content

സര്‍ഫാസി നിയമം: നിയമസഭാ അഡ്‌ഹോക്ക് കമ്മിറ്റി റിപ്പോര്‍ട്ട് ആറു മാസത്തിനകം  സര്‍ഫാസി നിയമനടപടികള്‍ നേരിടുന്നവര്‍ക്ക് സംരക്ഷണം ഏര്‍പ്പെടുത്തണമെന്ന് തെളിവെടുപ്പില്‍ ആവശ്യം

 

സര്‍ഫാസി നിയമപ്രകാരം സംസ്ഥാനത്തുണ്ടായ അവസ്ഥാവിശേഷങ്ങള്‍ പഠിക്കാനായി രൂപീകരിച്ച നിയമസഭാ അഡ്‌ഹോക്ക് കമ്മിറ്റി ആറുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കും.  സര്‍ഫാസി നിയമപ്രകാരം നടപടികള്‍ നേരിടുന്ന പ്രീത ഷാജിയുടെ വീട്  സന്ദര്‍ശനത്തിനു ശേഷം കമ്മിറ്റി ചെയര്‍മാന്‍ എസ് ശര്‍മ അറിയിച്ചതാണിത്.  തുടര്‍ന്ന് കമ്മിറ്റി കലക്ടറേറ്റില്‍ തെളിവെടുപ്പ് നടത്തി. 
വിവിധ ജില്ലകളില്‍ തെളിവെടുപ്പ് നടത്തിയ ശേഷം സര്‍ഫാസി നിയമത്തിന്റെ സാമൂഹ്യ-സാമ്പത്തിക-നിയമപ്രശ്‌നങ്ങള്‍ കണക്കിലെടുത്തായിരിക്കും റിപ്പോര്‍ട്ട് നല്‍കുകയെന്ന് എസ് ശര്‍മ പറഞ്ഞു. പാര്‍ലമെന്റ് പാസാക്കിയ സര്‍ഫാസി നിയമത്തിന്റെ മറവില്‍ വളരെയധികം പേര്‍ കിടപ്പാടം നഷ്ടപ്പെട്ട് ഇരകളായിത്തീരുന്നു. അവരുടെ ദുരിതങ്ങള്‍ മാധ്യമങ്ങള്‍ മുഖേന പുറത്തുവരുന്നുണ്ട്. ഇതിന് ഉത്തരവാദികള്‍ ആയവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ കമ്മിറ്റി നടത്തുന്ന പഠനത്തിന് സാധിക്കുമെന്ന് എംഎല്‍എ പറഞ്ഞു.   റിയല്‍ എസ്‌റ്റേറ്റ് മാഫിയ - ഉദ്യോഗസ്ഥ ബന്ധം പുറത്തുകൊണ്ടുവരിക,  സര്‍ഫാസി നിയമപ്രകാരം നടപടികള്‍ നേരിടുന്നവര്‍ക്ക് സംരക്ഷണം നല്‍കുക തുടങ്ങിയ വിഷയങ്ങളും കമ്മിറ്റി പരിഗണിക്കും.  വിശദമായ പഠനത്തിനുശേഷം  സര്‍ക്കാരിന് ശുപാര്‍ശകള്‍ സമര്‍പ്പിക്കും.

എംഎല്‍എമാരായ ഇ എസ് ബിജിമോള്‍, ജെയിംസ് മാത്യു, എ പ്രദീപ് കുമാര്‍, സി കെ ശശീന്ദ്രന്‍, വി ഡി സതീശന്‍, എം ഉമ്മര്‍, എസ് ശര്‍മ എന്നിവരടങ്ങുന്ന സംഘം രാവിലെ 10 30 ഓടെ പ്രീത ഷാജിയുടെ വീട് സന്ദര്‍ശിച്ചു. സര്‍ഫാസി നിയമം മൂലം നടപടി നേരിടുന്ന പ്രീത ഷാജി അടക്കമുള്ള  വ്യക്തികള്‍ പ്രശ്‌നങ്ങള്‍ സമിതിക്ക് മുമ്പാകെ അവതരിപ്പിച്ചു. 

സുഹൃത്തിന് 2 ലക്ഷം രൂപയ്ക്ക് വായ്പ എടുക്കാന്‍ ജാമ്യം നിന്നതിനെ തുടര്‍ന്നാണ് പതിനെട്ടര സെന്റ് സ്ഥലവും കിടപ്പാടവും പ്രീത ഷാജിക്ക് നഷ്ടപ്പെടുന്ന സ്ഥിതിയുണ്ടായത്. വായ്പയില്‍ ഒരുലക്ഷം രൂപ തിരിച്ചടച്ചെങ്കിലും 2 കോടി 70 ലക്ഷം രൂപ കുടിശ്ശിക ആണെന്ന് എച്ച്ഡിഎഫ്‌സി ബാങ്ക് അവകാശപ്പെടുന്നു. ഡെപ്റ്റ് റിക്കവറി െ്രെടബ്യൂണലിനെ കൂട്ടുപിടിച്ച് ഉദ്യോഗസ്ഥരും റിയല്‍ എസ്‌റ്റേറ്റുകാരും  കൊള്ളലാഭം നേടുകയാണ് എന്ന പ്രീത ഷാജി പരാതിയില്‍ പറഞ്ഞു.

 സര്‍ഫാസി നിയമത്തിനെതിരെ സര്‍ക്കാരില്‍നിന്ന് അടിയന്തരമായി ഇടപെടല്‍ വേണമെന്ന് കളക്ടറേറ്റില്‍ നടന്ന തെളിവെടുപ്പില്‍ പങ്കെടുത്തവര്‍ പറഞ്ഞു. സര്‍ഫാസി നിയമത്തിന്റെ  അടിസ്ഥാനത്തിലുള്ള ജപ്തി അടക്കമുള്ള നിയമ നടപടികള്‍ നിര്‍ത്തിവച്ച് മോറട്ടോറിയം പ്രഖ്യാപിക്കണം. തുടര്‍ന്ന് സമിതി ഈ വിഷയം പഠിച്ച ശേഷം നടപടിയെടുക്കണമെന്ന് തെളിവെടുപ്പില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു. സര്‍ഫാസി നിയമത്തിന്റെ നടപടികള്‍ നേരിടുന്നവര്‍ക്ക് സംരക്ഷണം ഏര്‍പ്പെടുത്താന്‍ സംവിധാനം വേണമെന്നും ശക്തമായ ആവശ്യമുയര്‍ന്നു. 
വളരെയധികം പേരാണ് കുടിയിറക്കപ്പെടുന്നത്. ഇത് സാമൂഹ്യമായ ഒരു വിപത്തായി വളരുമെന്നും ക്രമസമാധാന പ്രശ്‌നമുണ്ടാകുമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. നിയമനടപടികള്‍ നേരിടുന്ന 18 പേരാണ് കലക്ടറേറ്റില്‍ നടന്ന തെളിവെടുപ്പില്‍ പരാതികള്‍ സമര്‍പ്പിച്ചത്. 

തൃപ്പൂണിത്തുറ പീപ്പിള്‍സ് അര്‍ബന്‍ കോഓപ്പറേറ്റീവ് ബാങ്കില്‍നിന്ന് നാല് ലക്ഷത്തി ഇരുപതിനായിരം രൂപ ലോണെടുത്ത് ജപ്തി നടപടി നേരിടുന്ന ചോറ്റാനിക്കര സ്വദേശിനി രാധാമണി തന്റെ അവസ്ഥ കമ്മിറ്റിക്കു മുമ്പില്‍ അവതരിപ്പിച്ചു. പെണ്‍മക്കളുടെ കല്യാണത്തിനായി വായ്പയെടുത്ത മൂന്നു ലക്ഷത്തിലധികം രൂപ തിരിച്ചടച്ചിരുന്നു എന്ന് രാധാമണി പറഞ്ഞു.  എന്നിട്ടും വന്‍തുക ബാക്കിയുണ്ടെന്ന് കാണിച്ച് കിടപ്പാടം കൈവശപ്പെടുത്താന്‍ ബാങ്ക് ശ്രമിക്കുന്നതായി രാധാമണി പറഞ്ഞു.
പാലാരിവട്ടം കാര്‍ഷികവികസന ബാങ്കില്‍നിന്ന്  മൂന്നുലക്ഷം രൂപ വായ്പയെടുത്ത മുളവുകാട് സ്വദേശി സത്യനും തന്റെ അനുഭവങ്ങള്‍ യോഗത്തില്‍ പറഞ്ഞു. നാലുലക്ഷം രൂപ തിരിച്ചടച്ച് ശേഷവും ബാങ്ക് ജപ്തി നടപടികളുമായി മുന്നോട്ടുപോവുകയാണ്. ഇതേതുടര്‍ന്ന് അച്ഛന്‍ ആത്മഹത്യ ചെയ്തുവെന്നും സത്യന്‍ പറഞ്ഞു. 
സര്‍ഫാസി നിയമം റദ്ദ് ചെയ്യാന്‍ സംസ്ഥാനസര്‍ക്കാര്‍ പ്രമേയം അവതരിപ്പിക്കണമെന്ന് ടി സി സുബ്രഹ്മണ്യന്‍ പറഞ്ഞു. സാധാരണക്കാരുടെ വസ്തുവകകള്‍ തട്ടിയെടുക്കാന്‍ നവലിബറല്‍ ബാങ്കുകളും റിയല്‍എസ്‌റ്റേറ്റ് ഉദ്യോഗസ്ഥരും ഒത്തുകളിക്കുന്നു അതെന്ന് അദ്ദേഹം പറഞ്ഞു. 

നടപടി നേരിടുന്നവര്‍ പണം തിരിച്ചടയ്ക്കാന്‍ തയ്യാറായ ശേഷവും ബാങ്കുകള്‍ പലപ്പോഴും ആസ്തി വിട്ടുനല്‍കാന്‍ തയ്യാറല്ലെന്ന ആരോപണവും യോഗത്തില്‍ ഉയര്‍ന്നു.
ബാങ്കില്‍നിന്ന് വായ്പ എടുക്കുമ്പോള്‍ ഉപഭോക്താവിന്  വായ്പയുമായി ബന്ധപ്പെട്ട നിബന്ധനകള്‍ കൃത്യമായി മനസ്സിലാക്കുന്നതിനായി ഇംഗ്ലീഷില്‍ മാത്രമല്ല മലയാളത്തിലും ഇവ നല്‍കണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു.

തൃശൂര്‍ ജില്ലയിലെ പുത്തൂര്‍ പഞ്ചാബ് നാഷനല്‍ ബാങ്കില്‍ നിന്ന്  പിതാവ് 2.31 ലക്ഷം രൂപ വായ്പ എടുത്തതിനെ തുടര്‍ന്ന് ജപ്തി നടപടി നേരിടുന്ന കുഞ്ഞുമോളും തെളിവെടുപ്പിന് എത്തിയിരുന്നു. നടപടിയെ തുടര്‍ന്ന് 10 വര്‍ഷമായി വീട്ടില്‍ വൈദ്യുതി തടസ്സപ്പെട്ടിരിക്കുകയാണ്. ഭിന്നശേഷിയുള്ള സഹോദരി അടക്കം നാല് സ്ത്രീകളാണ് വീട്ടില്‍ ഉള്ളതെന്നും കിടപ്പാടം നഷ്ടപ്പെടുന്ന അവസ്ഥയ്ക്ക് വേണമെന്നും കുഞ്ഞുമോള്‍ പരാതിയില്‍ പറയുന്നു.

എല്ലാ സംസ്ഥാനങ്ങളിലും സര്‍ഫാസി നിയമം ബാധകമാണെങ്കിലും കേരളം മാത്രമാണ് ഇത്തരത്തില്‍ ഒരു പഠനത്തിന് മുന്‍കൈയെടുത്തതെന്ന് എസ് ശര്‍മ എംഎല്‍എ പറഞ്ഞു. ഇരകളുടെ പരാതികള്‍ പരിഗണിച്ച ശേഷം സമഗ്രമായ റിപ്പോര്‍ട്ട് തയ്യാറാക്കും. ആവശ്യമെങ്കില്‍ ഇരകളില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കും 

 ജില്ലാ കളക്ടര്‍ കെ മുഹമ്മദ് വൈ സഫീറുള്ള, എഡിഎം എം കെ കബീര്‍, ഡെപ്യൂട്ടി സെക്രട്ടറി ജി പി ഉണ്ണിക്കൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

date