കണ്ണിലും കാമറയിലും കൊച്ചിയെ പകർത്തി വിദേശ വ്ലോഗർമാർ
രാജ്യത്തിന്റെ വികസനവും സമകാലിക സാഹചര്യങ്ങളും ജീവിത രീതിയും പുറം നാടുകളിലെത്തിക്കുക എന്ന ഉദ്ദേശ്യത്തോടെ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ക്ഷണപ്രകാരം കേരളത്തിലെത്തിയ 35 വ്ലോഗർമാർ കൊച്ചിയിൽ വിവിധ കേന്ദ്രങ്ങൾ സന്ദർശിച്ചു. ബലാറസ്, ബോളിവിയ, ബ്രസീൽ, ചൈന, ക്യൂബ, ഈജിപ്റ്റ്, എത്യോപ്യ, ഇൻഡോനേഷ്യ, ഇറാൻ, ഖസാക്കിസ്ഥാൻ, മലേഷ്യ, നൈജീരിയ, റഷ്യ, സൗദി അറേബ്യ, സൗത്ത് ആഫ്രിക്ക, തായ്‌ലൻഡ്, യുഎഇ, ഉഗാണ്ട, ഉസ്ബക്കിസ്ഥാൻ, വിയറ്റ്നാം എന്നീ രാജ്യങ്ങളിൽ നിന്നായി 35 വ്ലോഗർമാരാണ് ഇന്നലെ കൊച്ചിയുടെ സൗന്ദര്യവും ജീവിതവും കണ്ണിലും കാമറയിലും പകർത്തിയത്.
ലെ മെറിഡിയനിലെ പ്രഭാത ഭക്ഷണത്തിനു ശേഷം ഫോർട്ട് കൊച്ചിയിലേക്കു തിരിച്ച സംഘം, കൊച്ചിയുടെ പൗരാണികതയും ചരിത്രവും കേട്ടറിയുകയും അവ കാമറയിൽ പകർത്തുകയും ചെയ്തു. പരമ്പരാഗത മത്സ്യബന്ധന രീതിയായ ചീനവലയുടെ പ്രവർത്തനം അവർക്ക് പുതിയൊരു അനുഭവമായിരുന്നു. ചീനവല വലിച്ച് മത്സ്യം പിടിക്കുന്ന രീതി അവർ പരീക്ഷിക്കുകയും ചെയ്തു.
മട്ടാഞ്ചേരിയിൽ നിന്ന് വാട്ടർ മെട്രോയിൽ ഒരു ജലയാത്രയ്ക്കുശേഷം ഹൈക്കോടതി വാട്ടർ മെട്രോ ജട്ടിയിലിറങ്ങിയ സംഘം ഇന്ന് സ്വന്തം നാടുകളിലേക്ക് തിരിച്ചു പോകും.
- Log in to post comments