ലഹരി ഉപയോഗത്തിനും വിതരണത്തിനുമെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി: അവലോകന യോഗം ചേർന്നു
ജില്ലയിൽ ലഹരി ഉപയോഗിക്കുന്നവർക്കും വിതരണം ചെയ്യുന്നവർക്കുമെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ സ്വീകരിക്കാൻ കളക്ടറേറ്റിൽ ചേർന്ന അവലോകന യോഗം തീരുമാനിച്ചു. നശാമുക്ത് ഭാരത് അഭിയാൻ, എൻകോർഡ്, ഓപ്പറേഷൻ തൂഫാൻ, വിമുക്തി തുടങ്ങി ലഹരിവിരുദ്ധ പദ്ധതികളുടെ അവലോകന യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജി. രാധാകൃഷ്ണന്റെ സാന്നിധ്യത്തിൽ ജില്ലാ കളക്ടർ ജി. പ്രിയങ്കയുടെ അധ്യക്ഷതയിലാണ് ചേർന്നത്.
ജില്ലയെ ലഹരിമുക്തമാക്കുന്നതിന്റെ ഭാഗമായി ലഹരിയിൽനിന്ന് പൂർണമായി മോചനം നേടുന്ന തദ്ദേശ സ്വയംഭരണ വാർഡുകളെ 'സമ്പൂർണ ലഹരിമുക്ത വാർഡ്' (ഡ്രഗ് ഫ്രീ വാർഡ്) ആയും, സ്‌കൂളുകളെ 'സമ്പൂർണ ലഹരിമുക്ത സ്‌കൂൾ' (ഡ്രഗ് ഫ്രീ സ്‌കൂൾ) ആയും പ്രഖ്യാപിക്കാൻ നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ഇതിനായി തദ്ദേശ സ്വയംഭരണ വകുപ്പ്, വിദ്യാഭ്യാസ വകുപ്പ് തുടങ്ങിയവയെ ചുമതലപ്പെടുത്തി. കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ ഉൾപ്പെടുത്തി ഒരു മാസത്തിനകം ആക്ഷൻ പ്ലാൻ തയ്യാറാക്കാനും നിർദ്ദേശം നൽകി.
കുട്ടികൾ ലഹരിയുടെ പിടിയിൽ അകപ്പെടാതിരിക്കാൻ ശാസ്ത്ര, കലാ, കായിക മേഖലകളിൽ അവർക്ക് അവസരമൊരുക്കാൻ അധ്യാപകരും രക്ഷിതാക്കളും ശ്രദ്ധിക്കണമെന്നും, വാർഡ്-സ്‌കൂൾ തലങ്ങളിൽ ജാഗ്രത ശക്തമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലഹരിവസ്തുക്കൾ വിതരണം ചെയ്യുന്നവർക്കെതിരെ കാപ്പ ഉൾപ്പെടെയുള്ള നിയമങ്ങൾ ചുമത്തി കർശന നടപടിയെടുക്കാൻ ജില്ലാ കളക്ടർ നിർദ്ദേശം നൽകി. 18 വയസ്സിൽ താഴെയുള്ള കുട്ടികളിലെ ലഹരി/സ്‌ക്രീൻ അഡിക്ഷൻ തടയുന്നതിനായി പ്രത്യേക ഡി-അഡിക്ഷൻ സെന്റർ ആരംഭിക്കുന്നതിനുള്ള പ്രൊപ്പോസൽ സർക്കാരിന് സമർപ്പിച്ചതായും കളക്ടർ അറിയിച്ചു.
വിവിധ വകുപ്പുകൾ ഇതുവരെ നടത്തിയ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ യോഗം വിലയിരുത്തി. ജില്ലാ കളക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് കെ. മനോജ്, സബ് കളക്ടർ ഗ്രന്ഥേ സായ് കൃഷ്ണ, കൊച്ചി സിറ്റി ഡി.സി.പി. (എറണാകുളം അർബൻ) മോഹിത് രാവത്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments