പട്ടയംകിട്ടി; ശ്രീജയന്‍ ഇനി നഷ്ടപരിഹാരം വാങ്ങാം
മാക്കൂട്ടം റെയില്‍വേ ഓവര്‍ബ്രിഡ്ജിനായി വിട്ടുനല്‍കിയ തന്റെ നാലുസെന്റ് ഭൂമിക്കുള്ള നഷ്ടപരിഹാരത്തുക ലഭിക്കാന്‍ വഴിയൊരുങ്ങിയതിന്റെ സന്തോഷത്തിലാണ് മാക്കൂട്ടം പുന്നോല്‍ സ്വദേശി ശ്രീജയന്‍. സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മപദ്ധതിയുടെ ഭാഗമായി കണ്ണൂരില്‍ നടന്ന ജില്ലാതല പട്ടയമേളയില്‍ തന്റെ ഭൂമിക്ക് പട്ടയം ലഭിച്ചതോടെയാണിത്.
2023ലായിരുന്നു കോടിയേരി വില്ലേജിലെ മാക്കൂട്ടം പുന്നോല്‍ പാറക്കണ്ടി ശ്രീജയന്റെ ഭൂമി റെയില്‍വേ മേല്‍പ്പാലത്തിനായി വിട്ടുനല്‍കിയത്. രേഖകളെല്ലാം താലൂക്ക് ഓഫീസില്‍ സമര്‍പ്പിച്ചെങ്കിലും തനിക്കു മാത്രം നഷ്ടപരിഹാരം ലഭിച്ചില്ലെന്ന് അദ്ദേഹം പറയുന്നു. ആധാരത്തിലെ പ്രശ്നങ്ങളായിരുന്നു കാരണം. പട്ടയം ഉണ്ടെങ്കില്‍ മാത്രമേ നഷ്ടപരിഹാരം ലഭിക്കൂ എന്ന് അധികൃതര്‍ പറഞ്ഞതനുസരിച്ചാണ് കൂത്തുപറമ്പ് ലാന്‍ഡ് ട്രിബ്യൂണലില്‍ അപേക്ഷ നല്‍കിയത്. നാലു മാസമാവുമ്പോഴേക്ക് പട്ടയം കിട്ടിയതിന്റെ സന്തോഷത്തിലാണിപ്പോള്‍ ശ്രീജയന്‍. സംസ്ഥാന സര്‍ക്കാരിന്റെ 100ദിന കര്‍മപദ്ധതിയുടെ ഭാഗമായാണ് തനിക്ക് ഇത്ര വേഗം പട്ടയം ലഭിച്ചത്. ഇനി പട്ടയം കോടതിയില്‍ സമര്‍പ്പിച്ച് നഷ്ടപരിഹാരം നേടിയെടുക്കുന്നതിനുള്ള നടപടികള്‍ തുടങ്ങണം- ശ്രീജയന്‍ പറഞ്ഞു.
മൂന്നുവര്‍ഷം മുമ്പ് വലതുകാലില്‍ രക്തയോട്ടം നിലച്ചതു കാരണം നടക്കാന്‍ പ്രയാസമുള്ള ശ്രീജയന്‍ വീല്‍ചെയറിലായിരുന്നു പട്ടയമേളയിലെത്തിയത്. റവന്യൂ മന്ത്രി എ പി അനില്‍കുമാറില്‍ നിന്ന് നേരിട്ട് പട്ടയം സ്വീകരിക്കാനായതിന്റെ സന്തോഷവും ശ്രീജയന്‍ മറച്ചുവച്ചില്ല.
- Log in to post comments