ജില്ലാതല അറിയിപ്പുകൾ
മത്സ്യവിത്ത് നിക്ഷേപം - ഉദ്ഘാടനം 22 ന്
കണ്ണൂർ ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയുടെ ഭാഗമായി ഫിഷറീസ് വകുപ്പ് മുഖേന, പൊതുജലാശയങ്ങളിലെ മത്സ്യസമ്പത്ത് വർദ്ധിപ്പിക്കുന്നതിനും മത്സ്യബന്ധനത്തെ ഉപജീവനമാർഗമായി ആശ്രയിക്കുന്നവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും ഉപജീവനമാർഗം ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിട്ട് പൊതുജലാശയങ്ങളിൽ മത്സ്യവിത്ത് നിക്ഷേപിക്കന്നു. പദ്ധതിയുടെ ആദ്യഘട്ടമായി ഒരു ലക്ഷം മത്സ്യകുഞ്ഞുങ്ങളെ സപ്തംബർ 22 ചൊവ്വാഴ്‌ച രാവിലെ 9 മണിക്ക് പടിയൂർ-കല്യാട് ഗ്രാമപഞ്ചായത്തിലെ പൂവം കടവിൽ നിക്ഷേപിക്കും. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് വൈസ് പ്രസിഡൻറ് ടി ഷബ്ന അധ്യക്ഷത വഹിക്കും.
സൗജന്യ വർക്ക് ഷോപ്പ്
തളിപ്പറമ്പ് നോളജ് സെൻ്ററിൽ സപ്‌തംബർ 21 ന് നടക്കുന്ന പ്രൊഫഷണൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്‌സ് & സപ്ലൈ ചെയിൻ മാനേജ്മെന്റ് കോഴ്സിന്റെ സൗജന്യ വർക്ക് ഷോപ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുൻകുട്ടി രജിസ്ററർ ചെയ്യുക. ഫോൺ: 0460-2205474, 9847915099.
പിഎൻജി കണക്ഷൻ ഉള്ളവർ എൽപിജി കണക്ഷൻ സറണ്ടർ ചെയ്യണം
പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് (പിഎൻജി) കണക്ഷൻ ലഭിച്ചിട്ടുള്ള ഉപഭോക്താക്കൾ ഒരേസമയം എൽപിജി കണക്ഷൻ കൂടി കൈവശം വയ്ക്കുന്നത് ഒഴിവാക്കുന്നതിന് എൽപിജി കണക്ഷൻ സറണ്ടർ ചെയ്യണം. കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ നിർദേശത്തിൻ്റെ അടിസ്ഥാനത്തിൽ പൈപ്പ് ലൈൻ വഴി പ്രകൃതി വാതകം ലഭ്യമായിട്ടുള്ളവർ പുതിയ എൽപിജി കണക്ഷൻ എടുക്കാനോ, നിലവിലുള്ള സിലിണ്ടറുകൾ റീഫിൽ ചെയ്യാനോ പാടില്ല. ഒരേ ഉപഭോക്താവിന്റെ പേരിൽ ഒരേസമയം പിഎൻജി കണക്ഷനും എൽപിജി കണക്ഷനും നിലനിൽക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിനാണ് നടപടി. അതിനാൽ പിഎൻജി കണക്ഷൻ നിലവിൽ ഉപയോഗിക്കുന്ന ഉപഭോക്താക്കൾ എത്രയും പെട്ടെന്ന് അവരുടെ എൽപിജി സ. ബന്ധപ്പെട്ട എൽപിജി വിതരണ ഏജൻസിയിൽ സറണ്ടർ ചെയ്ത് കണക്ഷൻ റദ്ദാക്കണം. എൽപിജി കണക്ഷൻ സറണ്ടർ ചെയ്യുന്നതിന് ഉപഭോക്താക്കൾ ബന്ധപ്പെട്ട വിതരണ ഏജൻസിയുമായി ബന്ധപ്പെടണം.
ഐ.ടി.ഐ പ്രവേശനം
കണ്ണൂർ വനിത ഗവ. ഐ.ടി.ഐ യിൽ ഐ എം സി യുടെ ആഭിമുഖ്യത്തിൽ തൊഴിലധിഷ്ഠിത പ്ലേസ്മെൻ്റ് സപ്പോർട്ടോടു കൂടിയ ഡിപ്ലോമ ഇൻ ഓഫീസ് അഡ്മിനിസ്ട്രേഷൻ & കമ്പ്യൂട്ടർ അപ്ലിക്കേഷൻ, ഡിപ്ലോമ ഇൻ ഹ്യൂമൻ റിസോഴ്സ് & കോർപ്പറേറ്റ് കോഴ്സുകളിലേക്ക് പ്രവേശനം തുടങ്ങി . മിനിമം യോഗ്യത പത്താം ക്ലാസ്സ്. ഫോൺ: 8301098705.
'കതിര്' കാർഷിക ക്ലബ്ബിന് ലോഗോ ഒരുക്കാം; 10,000 സമ്മാനം നേടാം
വിദ്യാർത്ഥികളെ കൃഷിയുമായി കൂടുതൽ അടുപ്പിക്കുകയും കൃഷിയറിവും കാർഷിക സംസ്‌കാരവും പുതുതലമുറയിലേക്ക് പകരുകയും ചെയ്യുന്നതിന് സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച 'കതിര്' കാർഷിക ക്ലബ് പദ്ധതി ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ 500 സ്കൂളുകളിൽ നടപ്പാക്കും. അടുത്ത അധ്യയന വർഷം പദ്ധതി സംസ്ഥാനത്തെ മുഴുവൻ സ്‌കൂളുകളിലേക്കും വ്യാപിപ്പിക്കുകയാണ് ലക്ഷ്യം. പദ്ധതിയുടെ ഔദ്യോഗിക ലോഗോ രൂപകൽപ്പന ചെയ്യുന്നതിനായി സംസ്ഥാനത്തെ വിദ്യാർത്ഥികളിൽ നിന്ന് ലോഗോ ഡിസൈനുകൾ ക്ഷണിച്ചു. ഹയർ സെക്കൻഡറി വരെയുള്ള വിദ്യാർത്ഥികൾക്ക് മത്സരത്തിൽ പങ്കെടുക്കാം. ലോഗോ കൈകൊണ്ടോ ഡിജിറ്റൽ രീതിയിലോ തയ്യാറാക്കാം. കൈകൊണ്ട് തയ്യാറാക്കുന്ന ലോഗോ എ4 വലുപ്പത്തിലുള്ള ഷീറ്റിൽ തയ്യാറാക്കി, സ്‌കാൻ ചെയ്‌ത് ഡിജിറ്റൽ രൂപത്തിൽ സമർപ്പിക്കണം. തിരഞ്ഞെടുക്കുന്ന മികച്ച ലോഗോയ്ക്ക് 10000 രൂപ സമ്മാനം. ലോഗോ ഡിസൈനുകൾ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 30. കണ്ണൂർ ജില്ലയിലെ വിദ്യാർത്ഥികൾ ഡിസൈനുകൾ vegetablecellkannur@gmail.com മെയിലിലേക്ക് അയക്കണം. ഫോൺ: 9383472027
കള്ളക്കടൽ ജാഗ്രതാ നിർദേശം
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ), കൊല്ലം (ആലപ്പാട്ട് മുതൽ ഇടവ വരെ), ആലപ്പുഴ (ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ), എറണാകുളം (മുനമ്പം മുതൽ മറുവക്കാട് വരെ), കോഴിക്കോട് (ചോമ്പാല മുതൽ രാമനാട്ടുകര വരെ), കണ്ണൂർ - കാസറഗോഡ് (വളപ്പട്ടണം മുതൽ ന്യൂ മാഹി വരെയും കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെയും) ജില്ലകളിലെ തീരങ്ങളിൽ സപ്തംബർ 20 ന് ഉച്ചയ്‌ക്ക് 02.30 വരെ 0.7 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം (ഐ എൻ സി ഒ ഐ എസ്) അറിയിച്ചു.
കടലാക്രമണത്തിന് സാധ്യത ;മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം
കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.ഈ സമയത്ത്
ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഒഴിവാക്കണം.
കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തിൽ കടലിലേക്ക് മത്സ്യബന്ധന യാനങ്ങൾ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരക്കടുപ്പിക്കുന്നതും. ആയതിനാൽ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തിൽ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്.
ഐ എൻ സി ഒ ഐ എസ് മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണ്ണമായി ഒഴിവാക്കേണ്ടതാണ്
മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.
തീരശോഷണത്തിനു സാധ്യതയുള്ളതിനാൽ പ്രത്യേകം ജാഗ്രത പുലർത്തുക.
പ്രമേഹ പാദരോഗ നിർണ്ണയം, വെരിക്കോസ് മെഡിക്കൽ ക്യാമ്പ് 24 ന്
കണ്ണൂർ ജില്ലാ ആയുർവേദ ആശുപത്രിയിൽ ആയുർവേദ ദിനാചരണത്തന്റെ ഭാഗമായി അഗദതന്ത്ര വിഭാഗത്തിന്റെ നേതൃത്വത്തിൽ സപ്തംബർ 24 രാവിലെ 9.30 മുതൽ ഒരു മണി വരെ പ്രമേഹ പാദരോഗ നിർണ്ണയക്യാമ്പും, 26 ന് രാവിലെ 9.30 മുതൽ ഒരു മണി വരെ വെരിക്കോസ് വെയിൻ-സിരാവ്യധം (രക്ത മോക്ഷം) മെഡിക്കൽ ക്യാമ്പും നടത്തുന്നു. ആദ്യം ബുക്ക് ചെയ്യുന്ന 50 പേർക്കാണ് സേവനം.
ഫോൺ: 0497 2706666.
സോഫ്റ്റ്‌വെയര്‍ സ്വതന്ത്ര്യ ദിനാചരണം: സെപ്റ്റംബർ 22ന് സൗജന്യ സ്വതന്ത്ര സോഫ്റ്റ് വെയർ ഇന്‍സ്റ്റാള്‍ ഫെസ്റ്റ്
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സോഫ്റ്റ് വെയർ സ്വാതന്ത്ര്യ ദിനാഘോഷം സെപ്റ്റംബർ 22 രാവിലെ 10.30 ന് പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി എൻ ഷംസുദ്ദീൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യും. സ്വതന്ത്ര സോഫ്റ്റ് വെയറിൻ്റെ പ്രസക്തിയെപ്പറ്റി കേരള സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയർമാൻ ഡോ.അച്യുത്ശങ്കര്‍ എസ്. നായര്‍ പ്രഭാഷണം നടത്തും. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അരുണ്‍ കെ. വിജയന്‍, കൈറ്റ് സി.ഇ.ഒ. കെ.അന്‍വര്‍ സാദത്ത്, എസ്.സി.ഇ.ആര്‍.ടി. ഡയറക്ടര്‍ ഡോ. കെ.കെ. മഷൂദ് എന്നിവർ പങ്കെടുക്കും.
സോഫ്റ്റ് വെയർ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി കൈറ്റിന്റെ എല്ലാ ജില്ലാ ഓഫീസിലും പൊതുജനങ്ങള്‍ക്ക് അവരുടെ ലാപ്‌ടോപ്പുകളിൽ സൗജന്യമായി സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്തു നല്‍കുന്ന 'ഇന്‍സ്റ്റാള്‍ ഫെസ്റ്റ്' നടത്തും. രാവിലെ 10 മണി മുതൽ ഇതിനുള്ള സൗകര്യം ഉണ്ടായിരിക്കും. ഇന്‍സ്റ്റാള്‍ ഫെസ്റ്റില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ kiteknrservices@gmail.com ഇമെയിൽ മുഖാന്തരം രജിസ്റ്റര്‍ ചെയ്യണം.
സ്വതന്ത്രമായി ഉപയോഗിക്കാനും ഉപയോഗക്രമത്തെക്കുറിച്ച് പഠിക്കാനും അതില്‍ മാറ്റം വരുത്താനും യാതൊരു തടസങ്ങളുമില്ലാതെ ആവശ്യമുള്ളത്ര പകര്‍പ്പുകള്‍ എടുക്കാനും സാധിക്കുന്ന സോഫ്‍റ്റ്‍വെയറുകളാണ് സ്വതന്ത്ര സോഫ്‍റ്റ്‍വയറുകള്‍. കേരളത്തില്‍ ഒന്നു മുതല്‍ പന്ത്രണ്ടുവരെ ക്ലാസ്സുകളില്‍ പൂര്‍ണമായും സ്വതന്ത്ര സോഫ്‍റ്റ്‍വെയറാണ് ഉപയോഗിക്കുന്നത്. വിദ്യാഭ്യാസ മേഖലയിലെ കൈറ്റിന്റെ നേതൃത്വത്തിലുള്ള ഈ പ്രവര്‍ത്തനം ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്വതന്ത്ര സോഫ്‍റ്റ്‍വെയര്‍ വിന്യാസമാണ്.
സെപ്റ്റംബർ 23 ന് സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും സോഫ്റ്റ് വെയർ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിവിധ പരിപാടികൾ നടക്കും.സ്കൂൾ അസംബ്ളിയിൽ കുട്ടികൾ സ്വതന്ത്ര സോഫ്റ്റ് വെയർ പ്രതിജ്ഞ എടുക്കും. ഫോണ്‍ : 9847396525, 8606390375
ഗതാഗത നിയന്ത്രണം
ബലിയപട്ടം - ചെറുതാഴം കെ എസ് ടി പി റോഡിൽ ടാറിംഗ് പ്രവൃത്തി നടക്കുന്നതിനാൽ സെപ്തംബർ 22 മുതൽ 10 ദിവസത്തേക്ക് ഭാര വാഹനങ്ങൾ ദേശീയ പാത വഴി പയ്യന്നൂരിലേക്കും, പയ്യന്നൂരിൽ നിന്നും വരുന്ന വാഹനങ്ങൾ ദേശീയപാത വഴി കണ്ണൂരിലേക്കും പോകണം.
- Log in to post comments