ക്ലീനായി മുഴപ്പിലങ്ങാട് ബീച്ച്
അന്താരാഷ്ട്ര തീരദേശ ശുചീകരണ ദിനാചരണത്തോടനുബന്ധിച്ച് “സ്വച്ഛ് സാഗർ സുരക്ഷിത് സാഗർ" എന്ന ക്യാമ്പയിൻ്റെ ഭാഗമായി മുഴപ്പിലങ്ങാട് ബീച്ചിൽ ക്ലീനിംഗ് ഡ്രൈവ് സംഘടിപ്പിച്ചു. രാജ്യവ്യാപകമായി 50 ബീച്ചുകൾ ക്ലീനിങ്ങിനായി തെരഞ്ഞെടുത്തിരുന്നു.
മുഴപ്പിലങ്ങാട് പഞ്ചായത്തിൻ്റെയും ജില്ലാ ഭരണകൂടത്തിൻ്റെയും നേതൃത്വത്തിൽ നടത്തിയ ക്ലീനിംഗ് ഡ്രൈവ് അസിസ്റ്റൻ്റ് കലക്ടർ എസ്. സ്വാതി ഉദ്ഘാടനം ചെയ്തു. മുഴപ്പിലങ്ങാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി എം അതുൽ അധ്യക്ഷത വഹിച്ചു. കേന്ദ്രസർക്കാർ പ്രതിനിധി ശൈലേന്ദ്ര യാദവ് വിശിഷ്ടാതിഥിയായി. ശുചിത്വമിഷൻ ജില്ലാ കോ-ഓർഡിനേറ്റർ സുനിൽ കുമാർ സ്വാഗതം പറഞ്ഞു.
മുഴപ്പിലങ്ങാട്, കടമ്പൂർ സ്കൂളുകളിൽ നിന്നും എസ്.എൻ, ബ്രണ്ണൻ എന്നീ കോളേജുകളിൽ നിന്നും തോട്ടട പോളിടെക്നിക്കിൽ നിന്നുമുള്ള എൻ.എസ്.എസ്. വിദ്യാർത്ഥികൾ ശുചീകരണ പ്രവർത്തനങ്ങളിൽ സജീവമായി. ഗ്രാമ പഞ്ചായത്ത് മെമ്പർമാർ, ഹരിതകർമ്മസേന, തദ്ദേശ വകുപ്പ്, കോസ്റ്റൽ പോലീസ്, ആർ.ജി.എസ്.എ, ശുചിത്വമിഷൻ തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥന്മാർ, ക്ലീനിങ്ങ് തൊഴിലാളികൾ, പൊതുജനങ്ങൾ എന്നിവരുടെ പങ്കാളിത്തം ശുചീകരണ യജ്ഞത്തിൻ്റെ പ്രത്യേകത. .
നാല് കിലോമീറ്ററോളം വരുന്ന ബീച്ചിലും പരിസര പ്രദേശങ്ങളിലുമായി വലിച്ചെറിഞ്ഞ നിലയിൽ കണ്ടെത്തിയ വിവിധതരം മാലിന്യങ്ങൾ വിദ്യാർത്ഥികളും സന്നദ്ധ പ്രവർത്തകരും ചേർന്ന് ശേഖരിച്ച്, ശാസ്ത്രീയമായ രീതിയിൽ സംസ്കരണത്തിനായി ക്ലീൻ കേരള കമ്പനിക്ക് കൈമാറി. തീരദേശ പരിസ്ഥിതിയുടെ സംരക്ഷണം, മാലിന്യങ്ങൾ വലിച്ചെറിയുന്നതിൻ്റെ ദൂഷ്യഫലങ്ങൾ, ഉറവിടത്തിൽ തന്നെ മാലിന്യം തരംതിരിക്കുന്നതിൻ്റെ പ്രാധാന്യം എന്നിവയെക്കുറിച്ച് വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും ബോധവത്കരണം നൽകി.
"ശുചിത്വമുള്ള തീരം സുരക്ഷിതമായ ഭാവി" എന്ന സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് സംഘടിപ്പിച്ച പ്രവർത്തനം വിദ്യാർത്ഥികളിൽ പരിസ്ഥിതി സംരക്ഷണ ബോധവും ഉത്തരവാദിത്തബോധവും വളർത്തുന്നതിന് സഹായകമായി.
- Log in to post comments