Skip to main content
കണ്ണൂര്‍ നിയമസഭാ മണ്ഡലത്തിന്റെ വികസന സ്വപ്നങ്ങള്‍ക്ക് പുതു വെളിച്ചമായി മെമ്പേഴ്‌സ് കോണ്‍ക്ലേവ്

കണ്ണൂര്‍ നിയമസഭാ മണ്ഡലത്തിന്റെ വികസന സ്വപ്നങ്ങള്‍ക്ക് പുതു വെളിച്ചമായി മെമ്പേഴ്‌സ് കോണ്‍ക്ലേവ്

 

നിര്‍ദ്ദേശങ്ങള്‍ പരിശോധിക്കാന്‍ വിദഗ്ധ സമിതി രൂപീകരിക്കും: എംഎല്‍എ

കണ്ണൂര്‍ നിയമസഭാ മണ്ഡലത്തിന് വികസന സാധ്യതകളുടെ പുതുവെളിച്ചവുമായ മെമ്പേഴ്‌സ് കോണ്‍ക്ലേവ് ചേര്‍ന്നു. കൂട്ടായ്മയുടെ കരുത്തില്‍ കണ്ണൂരിന്റെ വളര്‍ച്ച എന്ന ആശയത്തിലൂന്നി   അഡ്വ. ടി ഒ മോഹനന്‍ എംഎല്‍എയുടെ നേതൃത്വത്തിലാണ് മണ്ഡലത്തിലുള്‍പ്പെട്ട തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ കോണ്‍ക്ലേവ് സംഘടിപ്പിച്ചത്. കണ്ണൂര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ഹാളില്‍ നടന്ന കോണ്‍ക്ലേവില്‍ കണ്ണൂര്‍ കോര്‍പ്പറേഷനിലെ 41 കൗണ്‍സിലര്‍മാര്‍, മുണ്ടേരി ഗ്രാമപഞ്ചായത്തിലെ 22 അംഗങ്ങള്‍, ബ്ലോക്ക് പഞ്ചായത്തിലെ 4 ഡിവിഷനുകളില്‍ നിന്നുള്ളവര്‍, രണ്ട് ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ അംഗങ്ങള്‍ ഉള്‍പ്പെടെ
69 ജനപ്രതിനികള്‍ പങ്കെടുത്തു.

സംസ്ഥാന ആസൂത്രണ ബോര്‍ഡംഗം ഡോ. പി പി ബാലന്‍ ആമുഖ ഭാഷണം നടത്തി. സംരംഭകര്‍ ഏറെയുണ്ടെങ്കിലും സംരംഭക പ്രവര്‍ത്തനങ്ങള്‍ക്ക് ഏകജാലക സംവിധാനം ഇല്ലാത്തത് വികസനത്തെ പിന്നോട്ടടിപ്പിക്കുന്നതായും അത് പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു. എം എല്‍ എയുടെ നേതൃത്വത്തില്‍ തദ്ദേശം സ്വയം ഭരണ സ്ഥാപനങ്ങള്‍ തൊഴില്‍ദായക പദ്ധതികള്‍ക്ക് രൂപം നല്‍കണം. ഗുണപരമായ മാറ്റത്തിന്റെ വാഹകരവാന്‍ ജന പ്രതിനിധികള്‍ക്ക് കഴിയേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂര്‍ നിയമസഭാ മണ്ഡലത്തിന്റെ മുഖഛായ മാറ്റാനുതകുന്ന നിരവധി നിര്‍ദ്ദേശങ്ങളാണ് തദ്ദേശ സ്വയം ഭരണസ്ഥാപന പ്രതിനിധികള്‍ കോണ്‍ക്ലേവില്‍ മുന്നോട്ട് വച്ചത്. തെക്കി ബസാര്‍ ഫ്‌ളൈ ഓവര്‍, സിറ്റി ഇംപ്രൂവ്‌മെന്റ് പദ്ധതി, മേലെ ചൊവ്വ മേല്‍പ്പാലം എന്നീ പദ്ധതികളുടെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തണമെന്നും കാനാമ്പുഴ പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കി ടൂറിസം ഡസ്റ്റിനേഷനാക്കി അതിനെ മാറ്റണമെന്നും കോര്‍പ്പറേഷന്‍ പ്രതിപക്ഷാംഗം പ്രകാശിനി അഭിപ്രായപ്പെട്ടു. നഗരഗതാഗത കുരുക്കിനുള്ള പരിഹാരം, സ്ത്രീ സൗഹൃദ നഗരമാക്കി കണ്ണൂരിനെ ഉയര്‍ത്തല്‍, സ്‌നേഹാലയങ്ങളുടെയും പിഎച്ച്‌സികളുടെയും നവീകരണം, ആധുനിക മത്സ്യ മാര്‍ക്കറ്റ് നിര്‍മ്മാണം തുടങ്ങിയ ആവശ്യങ്ങളും അവര്‍ ഉന്നയിച്ചു.

പയ്യാമ്പലം, തോട്ടട, തുടങ്ങിയ കടലോര മേഖലയിലെ വിനോദ സഞ്ചാര സാധ്യതകള്‍ ഉപയോഗപ്പെടുത്തി കണ്ണൂരിന്റെ മുഖഛായ മാറ്റണമെന്ന് കോര്‍പ്പറേഷന്‍ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ റിജില്‍ മാക്കുറ്റി പറഞ്ഞു. കൊട്ടിയൂരിലെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് നഗരത്തെ അറിയാനുള്ള അടിസ്ഥാന സൗകര്യ വികസനം, തീരദേശ റോഡുകളുടെ നവീകരണവും നിര്‍മ്മാണവും വേഗത്തിലാക്കല്‍, ക്ലീന്‍ സിറ്റിയെന്ന പദവിയിലേക്ക് കണ്ണൂര്‍ നഗരത്തെ മാറ്റുക തുടങ്ങിയ ആവശ്യങ്ങളും അദ്ദേഹം ഉന്നയിച്ചു. കണ്ണൂരിനെ ഐടി ഹബ്ബാക്കി മാറ്റുന്നതിനുള്ള നടപടികള്‍ സ്വീകരക്കണമെന്ന് കോര്‍പ്പറേഷന്‍ ആരോഗ്യ കാര്യ സ്ഥിരം സമിതി അധ്യക്ഷ ശ്രീജ മഠത്തില്‍ പറഞ്ഞു.

നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കണമെന്നതായിരുന്നു ഭൂരിഭാഗം ജനപ്രതിനിധികളുടെയും ആവശ്യം. നഗരത്തിലെ ജംഗ്ഷനുകള്‍ വീതി കൂട്ടണമെന്നും കവലകളിലെ അനധികൃത പാര്‍ക്കിംഗ് ഒഴിവാക്കണമെന്നും സിയാദ് തങ്ങള്‍ ആവശ്യപ്പെട്ടു.

വയോജന സൗഹൃദ ഇടമായി കണ്ണൂരിനെ മാറ്റുന്നതിനുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കണമെന്നതായിരുന്നു കോര്‍പ്പറേഷന്‍ മുന്‍ ഡെപ്യൂട്ടി മേയര്‍ കെ ഷബീന ടീച്ചറുടെ ആവശ്യം.
നഗരത്തിലെ മേല്‍പ്പാല നിര്‍മ്മാണം വേഗത്തിലാക്കാനുള്ള ഇടപെടല്‍ ഉണ്ടാവണമെന്നും തയ്യില്‍ പ്രദേശത്ത് കാനാമ്പുഴ തോടിന് സംരക്ഷണ ഭിത്തി കെട്ടി സ്ലാബിടണമെന്നും കോര്‍പ്പറേഷന്‍ നഗരാസൂത്രണ സ്ഥിരം സമിതി അധ്യക്ഷ പി ഷമീമ ടീച്ചര്‍ പറഞ്ഞു. മൈതാനപ്പള്ളി മഞ്ഞ ബോര്‍ഡ് റോഡരികിലെ സ്ഥലംഉപയോഗപ്പെടുത്തി ഒരങ്കണവാടിയും മുകള്‍ നിലയില്‍ സാംസ്‌കാരിക നിലയവും നിര്‍മ്മിക്കണമെന്നും അവര്‍ പറഞ്ഞു.

നഗരമധ്യത്തില്‍ കലക്ടറുടെ ക്യാമ്പ് ഓഫീസിനടുത്തെ ഓട സ്ലാബിട്ട് മൂടണമെന്നും ചിന്‍മയ ബാലഭവന്‍ ആര്‍ പി എച്ച് റോഡ് എം എല്‍ എ ഫണ്ടില്‍ ഉള്‍പ്പെടുത്തി നവീകരിക്കണമെന്നും കോര്‍പ്പറേഷന്‍ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ലിഷ ദീപക് ആവശ്യപ്പെട്ടു
ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ റിഷാം താണ, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ നിസാമി, മുണ്ടേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സനീഷ്, ഗ്രാമപഞ്ചായത്തംഗം അഷ്റഫ്, കോര്‍പ്പറേഷന്‍ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സോനജയറാം എന്നിവരും സംസാരിച്ചു.

കോണ്‍ക്ലേവില്‍ അഡ്വ. ടി ഒ മോഹനന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. കോര്‍പ്പറേഷന്‍ മേയര്‍ അഡ്വ. പി ഇന്ദിര, ഡെപ്യൂട്ടി മേയര്‍ കെ പി താഹിര്‍, മുന്‍ മേയര്‍മാരായ മുസ്‌ലിഹ് മഠത്തില്‍, സുമ ബാലകൃഷ്ണന്‍, മുണ്ടേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കെ റസീന, എന്നിവരും സംബന്ധിച്ചു. ആസൂത്രണ ബോര്‍ഡംഗം ഡോ പി പി ബാലനെ ചടങ്ങില്‍ ആദരിച്ചു. അഡ്വ ടി ഒ മോഹനന്‍ എം എല്‍ എ ഉപഹാരം നല്‍കി.

കോണ്‍ക്ലേവില്‍ ഉയര്‍ന്ന നിര്‍ദ്ദേശങ്ങള്‍ ക്രോഡീകരിച്ച് വിദഗ്ധ സമിതി പരിശോധിക്കുമെന്നും കണ്ണൂര്‍ നിയമസഭാമണ്ഡലത്തിന്റെ സമഗ്ര വികസനത്തിനുതകുന്ന പദ്ധതികള്‍ക്ക് രൂപം നല്‍കുമെന്നും മറുപടി പ്രസംഗത്തില്‍  അഡ്വ ടി ഒ മോഹനന്‍ എംഎല്‍എ പറഞ്ഞു. കക്ഷി രാഷ്ട്രീയ ഭേദമന്യേ വികസന പ്രവര്‍ത്തനങ്ങളില്‍ കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണെന്നും കോണ്‍ക്ലേവ് എന്ന ആശയം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. തുടങ്ങി വച്ച പദ്ധതികള്‍ വേഗത്തിലാക്കാനുള്ള ഇടപെടലുകള്‍ ഉണ്ടാകുമെന്നും എംഎല്‍എ അറിയിച്ചു.
 

date